ഹെൽമറ്റ് ഇല്ലാത്തതിന് പിഴ, സാറിന്‍റെ സ്കൂട്ടറിന്‍റെ നമ്പർ പ്ലേറ്റ് എന്താ ഇങ്ങനെ? തടഞ്ഞ് യുവാവ്; വണ്ടി കൂട്ടുകാരന്‍റെ എന്ന് വിശദീകരണം

Published : Oct 29, 2025, 02:13 PM IST
bike rider halts police

Synopsis

ഹെൽമറ്റ് ധരിക്കാത്തതിന് പിഴ ചുമത്തിയ ട്രാഫിക് പോലീസുകാരെ, നമ്പർ പ്ലേറ്റ് തകരാറിലായ സ്കൂട്ടറിൽ യാത്ര ചെയ്തതിന് ബൈക്ക് യാത്രക്കാരൻ റോഡിൽ തടഞ്ഞു. ഈ വീഡിയോ വൈറലായതോടെ, സംഭവത്തിൽ വിശദീകരണവുമായി മുംബൈ പോലീസ് രംഗത്തെത്തി. 

മുംബൈ: ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്തതിന് പിഴ ചുമത്തിയതിന് പിന്നാലെ ബൈക്ക് യാത്രക്കാരൻ ട്രാഫിക് പൊലീസുകാരെ റോഡിൽ തടയുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. ഇതേത്തുടർന്ന് മുംബൈ പോലീസ് വിശദീകരണവുമായി രംഗത്തെത്തി. ഹെൽമറ്റ് ധരിക്കാത്തതിന് പിഴയടച്ച യുവാവ് നമ്പർ പ്ലേറ്റ് തകരാറിലായ സ്കൂട്ടറിൽ യാത്ര ചെയ്ത പൊലീസുകാരെ തടഞ്ഞു നിർത്തുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന മറ്റൊരാൾ ചിത്രീകരിച്ചതെന്നു കരുതുന്ന വീഡിയോയിൽ, ബൈക്ക് യാത്രക്കാരൻ രണ്ട് ട്രാഫിക് പൊലീസുകാരെ ചോദ്യം ചെയ്യുന്നതും അവരുടെ സ്കൂട്ടർ തടയുന്നതും കാണാം. സംഭവം ഓൺലൈനിൽ പ്രചരിച്ചതോടെ, യാത്രക്കാരന്‍റെയും പൊലീസുകാരുടെയും നടപടിയെ ചോദ്യം ചെയ്ത് നിരവധി പേർ പ്രതികരണങ്ങളുമായി എത്തി.

പൊലീസ് നൽകിയ വിശദീകരണം

സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ, ട്രാഫിക് പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ പങ്കജ് ഷിർസാത് വിശദീകരണ കുറിപ്പ് പുറത്തിറക്കി. സംഭവ ദിവസം ഉച്ചയ്ക്ക് ഹവിൽദാർമാരായ ഗെയ്ക്ക്‌വാദും ഷെലാറും ബീറ്റ് മാർഷൽ ഡ്യൂട്ടിയിലായിരുന്നു. ഗെയ്ക്ക്‌വാദ് അപ്പോൾ ഉപയോഗിച്ചത് ഒരു സുഹൃത്തിന്‍റെ വാഹനമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "ഡ്യൂട്ടിക്കിടെ ഹെൽമെറ്റ് ധരിക്കാതെ വന്ന ഒരു യുവാവിന് ഗെയ്ക്ക്‌വാദ് ചലാൻ നൽകി, തുടർന്ന് പട്രോളിംഗ് തുടർന്നു. അതേ സ്ഥലത്തേക്ക് മടങ്ങിയെത്തിയപ്പോൾ, നേരത്തെ പിഴ ചുമത്തിയ യുവാവ് ദുരുദ്ദേശപരമായി പൊലീസുകാരുടെ വീഡിയോ എടുത്ത് ഓൺലൈനിൽ പ്രചരിപ്പിക്കുകയായിരുന്നു എന്നാണ് ഷിർസാതിന്‍റെ വിശദീകരണം.

പൊലീസുകാർ സഞ്ചരിച്ച സ്കൂട്ടറിന് നമ്പർ പ്ലേറ്റ് ഇല്ലെന്ന പ്രചാരണം തെറ്റിദ്ധാരണാജനകമാണെന്നും അദ്ദേഹം വ്യക്തമാക്കി. "പിൻവശത്തെ നമ്പർ പ്ലേറ്റ് സ്ഥാപിച്ചിരുന്നു, മുൻവശത്തെ പ്ലേറ്റ് കൃത്യമായി ഉറപ്പിച്ചിരുന്നില്ലെന്നു മാത്രം" അദ്ദേഹം പറഞ്ഞു. ശരിയായ നമ്പർ പ്ലേറ്റ് അടുത്ത ദിവസം തന്നെ വാഹനത്തിൽ ഉറപ്പിച്ചതായും, ഏകദേശം 2,000 രൂപ പിഴ ചുമത്തിയതായും ഷിർസാത് അറിയിച്ചു.

പൊലീസിന്‍റെ മുന്നറിയിപ്പ്

ഇത്തരം സാഹചര്യങ്ങളിൽ റോഡിൽ വെച്ചുള്ള ഏറ്റുമുട്ടലുകൾക്കെതിരെ ഷിർസാത് മുന്നറിയിപ്പ് നൽകി. "ഇത്തരം വീഡിയോകൾ എടുക്കുന്നതോ വാഹനങ്ങൾ തടയുന്നതോ അതീവ അപകടകരമാണ്. ഇത് സ്വന്തം ജീവനും ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെയും ജീവനും ഭീഷണിയാകും. ചലാൻ സംബന്ധിച്ച് ആർക്കെങ്കിലും പരാതികളുണ്ടെങ്കിൽ, അത് ട്രാഫിക് ആപ്പ് വഴി ഫയൽ ചെയ്യാവുന്നതാണ്," അദ്ദേഹം വ്യക്തമാക്കി.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇന്ത്യയിലെ പ്രധാന ന​ഗരത്തിലെ റോഡിന് ഡോണൾഡ് ട്രംപിന്റെ പേരിടും, പ്രഖ്യാപനവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
1020 കോടി രൂപയുടെ അഴിമതി ,കരാർ തുകയിൽ 10 ശതമാനം മന്ത്രിക്ക്, തമിഴ്നാട് മുനിസിപ്പൽ ഭരണ കുടിവെള്ള വിതരണ വകുപ്പ് മന്ത്രി കെഎൻ നെഹ്‌റുവിനെതിരെ ഇ ഡി