
ഗുരുഗ്രാം: ഒരു സ്ത്രീയെ പിന്തുടരുകയും ഇൻസ്റ്റാഗ്രാമിലൂടെ അനാവശ്യ സന്ദേശങ്ങൾ അയക്കുകയും ചെയ്ത സംഭവത്തിൽ പൊലീസ് കോൺസ്റ്റബിളിന് സസ്പെൻഷൻ. ഗുരുഗ്രാമിലാണ് സംഭവം. പിസിആർ (PCR) വാനിൽ ഡ്യൂട്ടിയിലായിരിക്കെ ഉദ്യോഗസ്ഥൻ തന്‍റെ അധികാരം ദുരുപയോഗം ചെയ്യുകയായിരുന്നു. സ്ത്രീയുടെ കാർ നമ്പർ പ്ലേറ്റ് ഉപയോഗിച്ചാണ് അവരുടെ സ്വകാര്യ വിവരങ്ങളും സോഷ്യൽ മീഡിയ പ്രൊഫൈലും ഇയാൾ കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്.
50 വയസുള്ള സ്ത്രീയുടെ പരാതിപ്രകാരം സെപ്റ്റംബർ 14ന് രാത്രിയിലാണ് സംഭവം നടന്നത്. സ്ത്രീയെ പിന്തുടർന്നതിന് ശേഷം സന്ദേശം അയച്ച ഉദ്യോഗസ്ഥൻ, അവരോട് ഇഷ്ടം തോന്നിയതുകൊണ്ടാണ് പിന്നാലെ പോയതെന്ന് പറഞ്ഞു. പൊതു സുരക്ഷയുടെ ചുമതലയുള്ള ഒരു സർക്കാർ ഉദ്യോഗസ്ഥന് എങ്ങനെ തന്‍റെ നീക്കങ്ങൾ ട്രാക്ക് ചെയ്യാനും വ്യക്തിഗത വിവരങ്ങൾ ദുരുപയോഗം ചെയ്യാനും കഴിഞ്ഞു എന്നാണ് സ്ത്രീ ചോദിക്കുന്നത്.
പരാതിയെ തുടർന്ന് പ്രതിയായ ഉദ്യോഗസ്ഥനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. സ്ത്രീയുമായി ബന്ധപ്പെടാനുള്ള ശ്രമത്തിൽ, പൊലീസുകാരൻ ഒരു വ്യാജ ഐഡി വഴി അവരുടെ ഇൻസ്റ്റാഗ്രാം ഐഡി കണ്ടെത്തുകയും ഒരു റീലിൽ കമന്‍റ് ചെയ്യുകയും ചെയ്തു. തുടർന്ന് പൊലീസുദ്യോഗസ്ഥൻ ആവർത്തിച്ച് അയച്ച ശല്യപ്പെടുത്തുന്ന സന്ദേശങ്ങളുടെ ചില സ്ക്രീൻഷോട്ടുകളും അവർ പങ്കുവെച്ചു.
ഒടുവിൽ, ഇൻഫ്ലുവൻസർ കൂടിയായ സ്ത്രീ പൊലീസിൽ പരാതി നൽകുകയായിരുന്നു. എന്നാൽ, ആശ്വസിപ്പിക്കേണ്ട പൊലീസ് പരാതി നൽകിയ സ്ത്രീയെ ഞെട്ടിച്ചു കളഞ്ഞു. ഒരു ആഴ്ചയ്ക്ക് ശേഷം പൊലീസ് പ്രതിയെ വിളിച്ചുവരുത്തിയതിന്‍റെ കൂടെ പരാതിക്കാരിയെയും സ്റ്റേഷനിലേക്ക് വിളിച്ചു. പരിഹാരമായി പൊലീസുകാരന്‍റെ നമ്പർ ബ്ലോക്ക് ചെയ്ത് മുന്നോട്ട് പോകാൻ പൊലീസ് നിർദ്ദേശിക്കുകയായിരുന്നു! ഇത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് ഈ വിവരങ്ങൾ സ്ത്രീ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam