
ഛണ്ഡീഗഡ്: ആം ആദ്മി പാർട്ടി (എഎപി) ക്ക് വീണ്ടും തിരിച്ചടിയായി ബിജെപിയിലേക്ക് കൂടുമാറ്റം. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മന്നിൻ്റെ കസിൻ ഗ്യാൻ സിങ് മൻ ബിജെപിയിൽ ചേർന്നു. ഹരിയാന മുഖ്യമന്ത്രി നായബ് സിങ് സൈനി, പഞ്ചാബ് ബിജെപി അധ്യക്ഷൻ സുനിൽ ജാഖർ എന്നിവർ ചേർന്നാണ് ഗ്യാൻ സിങ് മന്നിനെ ബിജെപിയിലേക്ക് സ്വീകരിച്ചത്. പഞ്ചാബിലെ എഎപി സർക്കാരിൻ്റെ കടുത്ത വിമർശകനായിരുന്നു ഗ്യാൻ സിങ് മൻ. ഭഗവന്ത് സിങ് മൻ സർക്കാരിൻ്റെ നയങ്ങളെ അദ്ദേഹം പലപ്പോഴും ചോദ്യംചെയ്തിരുന്നു.
ഭഗവന്ത് സിങ് മന്നിൻ്റെ പിതൃ സഹോദരൻ്റെ മകനാണ് ഗ്യാൻ സിങ് മൻ. പഞ്ചാബിലെ സഗ്രുർ ജില്ലയിലെ സതൗജ് ആണ് സ്വദേശം. പഞ്ചാബിൽ എഎപിയുടെ വളർച്ചയ്ക്ക് നിർണായക പങ്ക് വഹിച്ചിട്ടുള്ള ഗ്യാൻ സിങ് മൻ, കഴിഞ്ഞ ഒരു വർഷമായി സർക്കാരിൻ്റെ കടുത്ത വിമർശകനായി മാറി. 2025ലെ പ്രളയം സർക്കാർ കൈകാര്യം ചെയ്ത രീതിക്കെതിരെ അദ്ദേഹം വിമർശനം ഉയർത്തിയിരുന്നു.
എഎപിയുടെ 10 രാജ്യസഭാ എംപിമാരിൽ ഏഴുപേർ ബിജെപിയിൽ ചേർന്നതിന് പിന്നാലെ ആണ് മറ്റൊരു നേതാവും സമാന പാത പിന്തുടരുന്നത്. രാഘവ് ചദ്ദ, സന്ദീപ് പഥക് തുടങ്ങിയ എംപിമാരായിരുന്നു എഎപി വിട്ട് ബിജെപിയിൽ എത്തിയത്.
പഞ്ചാബിൽ അടുത്ത വർഷം ഫെബ്രുവരിയിലോ മാർച്ചിലോ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനം പിടിക്കാനായി പല വഴികൾ തേടുകയാണ് ബിജെപി. മുൻപ് നടന്ന തെരഞ്ഞെടുപ്പിൽ ശിരോമണി അകാലി ദളുമായി സഖ്യത്തിലേർപ്പെട്ടിരുന്നെങ്കിൽ, ഇക്കുറി ഒറ്റയ്ക്ക് മത്സരിക്കാനാണ് ബിജെപിയുടെ നീക്കം. കാൽനൂറ്റാണ്ടോളം നീണ്ട ബിജെപി - അകാലി ദൾ സഖ്യം 2020ലാണ് അവസാനിച്ചത്. അതേസമയം നേതാക്കളുടെ കൂടുമാറ്റത്തെ തുടർന്ന് ബിജെപി 'ഓപ്പറേഷൻ താമര' നടത്തുകയാണെന്ന ആരോപണവുമായി എഎപി ഇതിനകം രംഗത്തെത്തിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam