
ദില്ലി: രാഹുൽ ഗാന്ധി തന്നെ പാർട്ടി പ്രസിഡന്റ് ആകണമെന്ന് ഐകകണ്ഠ്യേന പ്രമേയം പാസ്സാക്കി രാജസ്ഥാൻ കോൺഗ്രസ്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ നിർദ്ദേശപ്രകാരമാണ് ജയ്പൂരിൽ ചേർന്ന യോഗത്തിൽ പാർട്ടി പ്രമേയം പാസ്സാക്കിയത്. കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിലവിൽ ഏറ്റവും കൂടുതൽ സാധ്യത കൽപിക്കുന്ന വ്യക്തിയാണ് അശോക് ഗെഹ്ലോട്ട്.
രാഹുൽ തന്നെ പ്രസിഡന്റാവണം എന്ന് മുറവിളി ഉയരുന്നതിനിടെ ഇക്കാര്യത്തിൽ പ്രമേയം പാസ്സാക്കുന്ന ആദ്യ സംസ്ഥാനമാണ് രാജസ്ഥാൻ. പിസിസിപ്രസിഡന്റിനെയും എഐസിസി അംഗങ്ങളെയും നിയമിക്കുന്നതിനുള്ള അധികാരം വരുന്ന പാർട്ടി അധ്യക്ഷനായിരിക്കുമെന്ന കാര്യത്തിലും പ്രമേയം പാസ്സാക്കിയതായി രാജസ്ഥാൻ മന്ത്രി പ്രതാപ് സിംഗ് കച്ചാരിയ യോഗത്തിന് ശേഷം പറഞ്ഞു. പാർട്ടി ഒറ്റക്കെട്ടാണ്. രാഹുൽ ഗാന്ധി തന്നെ പ്രസിഡന്റാകണമെന്ന കാര്യത്തിൽ രണ്ട് അഭിപ്രായമില്ല. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് തന്നെയാണ് പ്രമേയം അവതരിപ്പിക്കാൻ മുൻകയ്യെടുത്തത്. കച്ചാരിയ പറഞ്ഞു.
പിസിസി പ്രസിഡന്റുമാരെയും എഐസിസി അംഗങ്ങളെയും സോണിയാ ഗാന്ധി തന്നെ നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസ്സാക്കാൻ സംസ്ഥാന നേതാക്കൾക്ക് കോൺഗ്രസ് നിർദ്ദേശം നൽകിയിരുന്നു. ഈ മാസം ഇരുപതിനു മുൻപായി പ്രമേയം പാസാക്കാനാണു നിർദ്ദേശിച്ചിരിക്കുന്നത്. ദേശീയ നേതൃത്വത്തിന്റെ പുതിയ നിർദ്ദേശത്തോടെ സംഘടനാ തെരഞ്ഞെടുപ്പ് പ്രക്രിയ സംബന്ധിച്ച് ചോദ്യങ്ങളുയരുകയാണ്. ഈ മാസം 24 മുതൽ 30 വരെയാണു സംഘടനാ തെരഞ്ഞെടുപ്പിനായി നാമനിർദേശ പത്രിക സമർപ്പിക്കേണ്ടത്. ഒക്ടോബർ 17നാണ് വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിലാണ് 20നകം പ്രമേയം പാസാക്കണമെന്ന് ദേശീയനേതത്വത്തിന്റെ നിർദ്ദേശം വന്നിരിക്കുന്നതും കാര്യങ്ങൾ കീഴ്മേൽ മറിയുകയാണോ എന്ന് സംശയങ്ങളുയരുന്നതും.
Read Also: കെപിസിസി അധ്യക്ഷനെ സോണിയ ഗാന്ധി തീരുമാനിക്കും, പ്രമേയം പാസ്സാക്കി
പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് പ്രത്യക്ഷത്തിൽ തോന്നാമെങ്കിലും അതും നിർദ്ദേശിക്കൽ ആകുമോ എന്ന് വിലയിരുത്തലുകൾ വന്നിരുന്നു. സോണിയാ ഗാന്ധി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കില്ല. രാഹുൽ ഗാന്ധി താൻ മത്സരത്തിനില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ്. ഗാന്ധി കുടുംബത്തിന് പുറത്തുനിന്നൊരാൾ പ്രസിഡന്റാകണം എന്ന് ഇരുവർക്കും അഭിപ്രായമുള്ളതിനാൽ പ്രിയങ്ക ഗാന്ധി പ്രസിഡന്റ് സ്ഥാനത്തേക്ക് എത്താനുള്ള സാധ്യതയും മങ്ങി. തെരഞ്ഞെടുപ്പ് വേണ്ട പകരം സോണിയാ ഗാന്ധി പ്രസിഡന്റിനെ നിർദ്ദേശിക്കട്ടെ എന്ന നിലയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്ന് സൂചനകളുണ്ടെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
സോണിയ ഗാന്ധി പുതിയ പ്രസിഡന്റിനെ നിർദേശിക്കുന്ന സാഹചര്യമുണ്ടായാൽ തെരഞ്ഞെടുപ്പ് നടക്കാൻ സാധ്യതയില്ല. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനോടാണ് ഗാന്ധികുടുംബത്തിനു താൽപര്യമുള്ളത്. പ്രസിഡന്റിനെ സോണിയ നാമനിർദ്ദേശം ചെയ്യുന്നതിൽ എതിർപ്പുകളുണ്ടാകില്ലെന്നാണ് കോൺഗ്രസിനുള്ളിൽ നിന്നുള്ള വിവരം. കഴിഞ്ഞ മൂന്നു വർഷമായി സോണിയ ഗാന്ധിയാണ് കോൺഗ്രസിന്റെ ഇടക്കാല പ്രസിഡന്റ്. 2017ൽ രാഹുൽ ഗാന്ധി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും 2019ലെ തെരഞ്ഞെടുപ്പു തോൽവിക്കു പിന്നാലെ രാജിവച്ചു. അതേസമയം, പാർട്ടിയുടെ മുഖമായി ഇപ്പോഴും ഉയർത്തിക്കാട്ടപ്പെടുന്നത് രാഹുൽ ഗാന്ധി തന്നെയാണ് . 2024ലെ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ഭാരത് ജോഡോ യാത്രയുമായി സജീവമാണ് രാഹുൽ.
അതിനിടെ, പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വോട്ടർപട്ടിക പ്രസിദ്ധീകരിക്കണമെന്ന ആവശ്യം ശക്തമാക്കി ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ട് ശശി തരൂർ ഉൾപ്പടെ അഞ്ച് എംപിമാർ നേതൃത്വത്തിന് സംയുക്തമായി കത്ത് നല്കി. കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പത്രിക നല്കാനുള്ള നടപടി ഈ മാസം 22ന് തുടങ്ങാനിരിക്കെ, വോട്ടർമാർ ആരൊക്കെയാണെന്ന് ഇപ്പോഴും അറിയില്ലെന്നാണ് പാർട്ടിയുടെ അഞ്ച് എംപിമാർ വരണാധികാരിയായ മധുസൂദൻ മിസ്ത്രിക്ക് നൽകിയ കത്തിൽ പറയുന്നത്. എല്ലാ സംസ്ഥാനങ്ങളിലുമെത്തി വോട്ടർ പട്ടിക പരിശോധിക്കാൻ നേതാക്കൾക്ക് കഴിയില്ല. ഈ സാഹചര്യത്തിൽ നിഷ്പക്ഷ തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ പത്രിക പ്രസിദ്ധീകരിക്കണം. മുതിർന്ന നേതാക്കളായ ശശി തരൂർ, മനീഷ് തിവാരി, കാർത്തി ചിദംബരം, അബ്ദുൾ ഖാലിക്, പ്രദ്യുത് ബർദലോയി എന്നിവർ ഒന്നിച്ചാണ് കത്ത് നല്കിയത്. കോൺഗ്രസ് പാർട്ടിയുടെ രഹസ്യരേഖ പുറത്തുവിടണമെന്നല്ല നിർദ്ദേശമെന്നും കത്തിൽ പറയുന്നുണ്ട്.
Read Also: ചീറ്റയ്ക്കൊപ്പം ഫോട്ടോ എടുക്കുന്ന തിരക്കിലുള്ള പ്രധാനമന്ത്രി ശ്രദ്ധിക്കാൻ; പരിഹസിച്ച് രാഹുൽ ഗാന്ധി