തൊഴിലില്ലായ്മയും വിലക്കയറ്റവും ആണ് രാജ്യം ഇന്ന് നേരിടുന്ന പ്രധാന പ്രശ്നമെന്നും ഇതിനൊന്നും പരിഹാരം കാണാൻ മോദിക്ക് സമയമില്ലെന്നും വിമർശിച്ചു

ആലപ്പുഴ: രാജ്യത്ത് ചീറ്റപ്പുലികളെ എത്തിച്ചതിന്‍റെ സന്തോഷത്തിലുള്ള ഫോട്ടോ പങ്കുവച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്ത്. രാജ്യത്ത് ചീറ്റപുലികളെ കൊണ്ടുവന്നതിൽ തനിക്ക് സന്തോഷമുണ്ടെന്ന് വ്യക്തമാക്കിയ രാഹുൽ ഗാന്ധി, മോദി രാജ്യത്തെ പ്രധാന പ്രശ്നങ്ങളിൽ ശ്രദ്ധിക്കുന്നില്ലെന്നാണ് പരിഹസിച്ചത്. തൊഴിലില്ലായ്മയും വിലക്കയറ്റവും ആണ് രാജ്യം ഇന്ന് നേരിടുന്ന പ്രധാന പ്രശ്നമെന്നും ഇതിനൊന്നും പരിഹാരം കാണാൻ മോദിക്ക് സമയമില്ലെന്നും വിമർശിച്ചു. ചീറ്റപുലികളെ കൊണ്ടുവരുന്നതിനൊപ്പം രാജ്യത്തെ പ്രധാന പ്രശ്‌നങ്ങൾക്കും പരിഹാരമുണ്ടാക്കാൻ പ്രധാനമന്ത്രി സമയം കണ്ടെത്തണമെന്നും രാഹുൽ ആവശ്യപ്പെട്ടു. അതേസമയം 72-ാം ജന്മദിനം ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരത്തെ രാഹുൽ ഗാന്ധി ആശംസകള്‍ നേര്‍ന്നിരുന്നു.

രാജ്യം ചീറ്റയുടെ വേഗത്തിൽ പുരോഗതി കൈവരിക്കുമെന്ന് മോദി

അതേസമയം രാജ്യം ചീറ്റയുടെ വേഗത്തിൽ പുരോഗതി കൈവരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. കേന്ദ്രസര്‍ക്കാറിന്‍റെ നയവും പ്രകടനവും ആണ് രാജ്യത്ത് വികസമുണ്ടാക്കുന്നതെന്നും കൃത്യമായ നയങ്ങളാണ് പദ്ധതിയെ മുന്നോട്ട് നയിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. കയറ്റുമതിയിൽ ഇന്ത്യ വലിയ ലക്ഷ്യം നിശ്ചയിക്കുകയും അത് കൈവരിക്കുകയും ചെയ്യുകയാണ് രാജ്യമെന്നും ഉല്‍പാദന ഹബ്ബായി ഇന്ത്യ മാറുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ദേശീയ ചരക്ക് നീക്ക നയം പുറത്തിറക്കി സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. എല്ലാ മേഖലക്കും പുതിയ ചരക്ക് നീക്ക നയം ഊർജ്ജം പകരുമെന്നം ചരക്ക് നീക്ക ചെലവ് വൻതോതിൽ കുറയുന്നതാണ് പുതിയ നയമെന്നും അദ്ദേഹം വ്യക്തമാക്കി.

70 വർഷത്തിന് ശേഷം ഇന്ത്യന്‍ മണ്ണില്‍ ചീറ്റകൾ; കൂടുകളില്‍ നിന്ന് തുറന്ന് വിട്ട്, ചിത്രങ്ങള്‍ പകര്‍ത്തി മോദി

അതേസമയം 70 വർഷത്തിന് ശേഷമാണ് ഇന്ത്യന്‍ മണ്ണില്‍ ചീറ്റപ്പുലികള്‍ എത്തിയത്. നമീബിയയില്‍ നിന്നെത്തിച്ച എട്ട് ചീറ്റപ്പുലികളെ മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് തുറന്ന് വിട്ടത്. ചീറ്റപ്പുലികളുടെ ചിത്രങ്ങള്‍ മോദി തന്നെ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. ഒരുമാസം പ്രത്യേകം സജ്ജമാക്കിയ പ്രദേശത്തെ ക്വാറന്‍റീന് ശേഷമാകും ചീറ്റകളെ കുനോ നാഷണല്‍ പാർക്കിലേക്ക് സ്വൈര്യ വിഹാരത്തിന് വിടുക. അതിന് ശേഷം ഓരോ ചീറ്റയെയും നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. 1952 ലാണ് രാജ്യത്ത് ചീറ്റപുലികൾക്ക് വംശനാശം വന്നതായി പ്രഖ്യാപിക്കുന്നത്. നമീബിയയില്‍ നിന്നും പുറപ്പെട്ട 8 ചീറ്റപ്പുലികളുമായുള്ള പ്രത്യേക വിമാനം ഇന്നലെ രാവിലെയാണ് ഗ്വാളിയാർ വിമാനത്താവളത്തിലെത്തിയത്.