
ദില്ലി: എ.കെ.ആന്‍റണിയടക്കം 72 എംപിമാര്‍ കാലാവധി പൂര്‍ത്തിയാക്കി രാജ്യസഭയുടെ പടിയിറങ്ങുന്നു. അനുഭവമാണ് അറിവിനേക്കാള്‍ വലുതെന്നും എംപിമാരുടെ സംഭാവനകള്‍ രാജ്യത്തിന് പ്രചോദനമാകുമെന്നും രാജ്യസഭയിലെ യാത്രയയപ്പ് പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ചെയ്യുന്ന കാര്യങ്ങളുടെ ക്രെഡിറ്റ് ഏറ്റെടുക്കുന്നയാളല്ല എ കെ ആന്‍റണിയെന്ന് വിടവാങ്ങല്‍ പ്രസംഗത്തില്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു.
അടുത്ത നാല് മാസത്തിനകം കാലാവധി പൂര്‍ത്തിയാക്കുന്ന 72 എംപിമാര്‍ക്കാണ് ഇന്ന് രാജ്യസഭയിൽ കൂട്ട യാത്രയയപ്പ് നല്‍കിയത്. ഔദ്യോഗിക അജണ്ടകളൊന്നുമില്ലാതെ ഇന്നത്തെ ദിവസം വിടവാങ്ങല്‍ പ്രസംഗത്തിനായി മാറ്റി വച്ച രാജ്യസഭയിലെ എംപിമാർ സഹപ്രവർത്തകർക്ക് വിട ചൊല്ലിയത്. എംപിമാരുടെ സംഭാവനകള്‍ എന്നും ഓര്‍മ്മിക്കപ്പെടുമെന്നും അവരില്‍ നിന്ന് ധാരാളം പഠിക്കാനായെന്നും വിടവാങ്ങല്‍ പ്രസംഗത്തില്‍ മോദി പറഞ്ഞു.
കുറച്ച് സംസാരിക്കുകയും, കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുന്നയാളാണ് എ.കെ.ആന്‍റണിയെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു. മുസോറിയിലെ ഐഎസ് പഠനകാലത്തുപയോഗിച്ച ജാക്കറ്റ് ധരിച്ചെത്തിയ അല്‍ഫോണ്‍സ് കണ്ണന്താനം ഉദ്യോഗസ്ഥനില്‍ നിന്ന് രാഷ്ട്രീയക്കാരിനിലേക്കുള്ള ചുവട് മാറ്റവും, രാജ്യസഭയിലെ ദിനങ്ങളും ഓര്‍മ്മിച്ചെടുത്തു.
എ കെ ആന്‍റണി, സോമ പ്രസാദ്, ശ്രേയാംസ് കുമാര്‍ എന്നിവരുടെ കാലാവധി ആദ്യം പൂര്‍ത്തിയാകും. പിന്നാലെ സുരേഷ് ഗോപിയും ജുലൈയില്‍ അല്‍ഫോണ്‍സ് കണ്ണന്താനവും പടിയിറങ്ങും. കാലാവധി പൂര്‍ത്തിയാക്കി കേരളത്തിലേക്ക് മടങ്ങുന്ന എ.കെ.ആന്‍റണി തിരുവന്തപുരത്ത് സ്ഥിരതാമസമാക്കാനാണ് തീരുമാനം. സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകുമോയെന്ന ചോദ്യത്തോട് ആന്‍റണി മനസ് തുറന്നിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam