
ബേഗുസാരായ്: ക്രൂരമായ പീഡനത്തിനിരയായ യുവതിക്ക് നേരെ അധിക്ഷേപവുമായി നാട്ടുകൂട്ടം. പീഡനത്തിന് കാരണം യുവതിയാണെന്ന് ആരോപിച്ച നാട്ടുകൂട്ടം യുവതിയോട് സ്വന്തം ചെവിയിൽ പിടിച്ച് മാപ്പുപറയാനും തുടർന്ന് നിലത്തു തുപ്പിയ ശേഷം ആ തുപ്പൽ നക്കികുടിക്കാനും പഞ്ചായത്ത് നേതാക്കൾ നിർബന്ധിക്കുകയായിരുന്നു. ബിഹാറിലെ ബേഗുസരായിലാണ് സംഭവം. പീഡനത്തിനിരയായ യുവതിയെ നാട്ടുകൂട്ടം വിചാരണ ചെയ്യുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്. സംഭവത്തിൽ ഒരാൾ അറസ്റ്റിലായിട്ടുണ്ട്. എന്നാൽ യുവതിയെ പീഡിപ്പിച്ചയാൾക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. 30 വയസുകാരിയും മൂന്ന് മക്കളുടെ അമ്മയുമായ യുവതിയെ അയൽവാസിയാണ് വീട്ടിലേക്ക് അതിക്രമിച്ച് പീഡിപ്പിച്ചത്. ജൂൺ മാസത്തിൽ നടന്ന സംഭവത്തിന് കാരണം യുവതിയാണെന്നായിരുന്നു നാട്ടുകൂട്ടം കണ്ടെത്തിയത്. സംഭവത്തിൽ യുവതി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ദിവസവേതനത്തിന് ജോലി ചെയ്യുന്ന ഭർത്താവിന്റെ അസാന്നിധ്യത്തിലായിരുന്നു നാട്ടുകൂട്ടത്തിന്റെ വിചാരണ.
പീഡനത്തിന് പിന്നാലെ യുവതിയുടെ വീട്ടിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച അയൽവാസിയെ യുവതിയുടെ നിലവിളി കേട്ടെത്തിയവരാണ് പിടികൂടിയത്. ഇതിന് പിന്നാലെ നടന്ന നാട്ടുകൂട്ടത്തിലാണ് യുവതി ക്രൂരമായി അപമാനിക്കപ്പെട്ടത്. സംഭവത്തിൽ യുവതിയുടെ പരാതിയിൽ പൊലീസ് കേസ് എടുത്തതായും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ വീഡിയോയുടെ വിശ്വാസ്യതയും പരിശോധിക്കുകയാണെന്നുമാണ് ബേഗുസരായി ഡിഎസ്പി നിഖിൽ കുമാർ വിശദമാക്കുന്നത്. അക്രമം നടക്കുന്ന സമയത്ത് യുവതിയുടെ ഭർത്താവ് ജോലി ആവശ്യത്തിനായി ഗ്രാമത്തിന് പുറത്തായിരുന്നു. ഭർത്താവ് തിരിച്ചെത്തിയ ശേഷമാണ് കുടുംബത്തിന് പോലീസിനെ സമീപിച്ച് പരാതി നൽകാൻ സാധിച്ചത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam