ഇതിനുശേഷം ഇന്ത്യയാണ് കടന്നുകയറിയതെന്ന ആരോപണം പാകിസ്ഥാൻ ഉയർത്തിയിരുന്നു. ഇത്തരം കള്ളപ്രചാരണങ്ങൾ നിർത്തി കരാറുകളും വ്യവസ്ഥകളും പാലിക്കാൻ പാകിസ്ഥാൻ തയ്യാറാവുകയാണ് വേണ്ടതെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി.

ദില്ലി: വടക്കൻ അറേബ്യൻ കടലിൽ ഇന്ത്യൻ യുദ്ധക്കപ്പലിൽ പാകിസ്ഥാൻ കപ്പൽ വന്നിടിച്ച വിഷയത്തിൽ പാകിസ്ഥാൻ കള്ളപ്രചാരണം നടത്തുന്നു എന്ന് വിദേശകാര്യമന്ത്രാലയം. അന്താരാഷ്ട്ര നിയമങ്ങളും ഇന്ത്യക്കും പാകിസ്ഥാനും ഇടയിലുള്ള ഉടമ്പടിയും ലംഘിച്ചുകൊണ്ടാണ് ഇന്ത്യൻ നാവികസേനയുടെ ഐഎൻഎസ് കൊൽക്കത്തയിൽ പാകിസ്ഥാന്റെ ഹുനയിൻ എന്ന കപ്പൽ വന്ന് ഇടിച്ചത്. കപ്പലുകൾക്കിടയിൽ മൂന്ന് നോട്ടിക്കൽ മൈൽ ദൂരം പാലിക്കണമെന്നും നാവിക അഭ്യാസങ്ങൾ മുൻകൂട്ടി അറിയിക്കണമെന്നുമുള്ള വ്യവസ്ഥകൾ പാകിസ്ഥാൻ ലംഘിച്ചതിൽ നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു. ഇതിനുശേഷം ഇന്ത്യയാണ് കടന്നുകയറിയതെന്ന ആരോപണം പാകിസ്ഥാൻ ഉയർത്തിയിരുന്നു. ഇത്തരം കള്ളപ്രചാരണങ്ങൾ നിർത്തി കരാറുകളും വ്യവസ്ഥകളും പാലിക്കാൻ പാകിസ്ഥാൻ തയ്യാറാവുകയാണ് വേണ്ടതെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി.

പാകിസ്ഥാന്റെ പ്രതികരണം നമ്മൾ കണ്ടു. പ്രതീക്ഷിച്ചതുപോലെ തന്നെയാണ് പാകിസ്ഥാൻ മറുപടി നൽകിയിരിക്കുന്നത്. പാകിസ്ഥാന്റെ അടിസ്ഥാനരഹിതമായ എല്ലാ ആരോപണങ്ങളും തള്ളുന്നു. പാകിസ്ഥാന്റെ സൈനിക യൂണിറ്റുകൾ രണ്ട് രാജ്യങ്ങൾക്കും ഇടയിലുള്ള ഉടമ്പടികൾ പാലിച്ച് ഇത്തരത്തിലുള്ള സംഭവവികാസങ്ങൾ ഭാവിയിൽ ഒഴിവാക്കാനാണ് ശ്രമിക്കേണ്ടത്- വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി.