നന്ദിഗ്രാമിലെ കോൺഗ്രസ് സ്ഥാനാർത്ഥി മിലൻ പ്രധാൻ പഴയ കൊലപാതക കേസിൽ അറസ്റ്റിലായി. സ്വന്തം സ്ഥാനാർത്ഥി പത്രിക പിൻവലിച്ചതിനെ തുടർന്ന് മമത കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഔദ്യോഗിക ചിഹ്നവും പേരും നഷ്ടപ്പെട്ട മമതയ്ക്ക് നന്ദിഗ്രാമിലെ ഈ സംഭവവികാസങ്ങൾ കനത്ത തിരിച്ചടിയായി.

കൊൽക്കത്ത: നന്ദിഗ്രാമിൽ മമത ബാനർജി പിന്തുണ നൽകുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസ് സ്ഥാനാർത്ഥി അറസ്റ്റിൽ. മിലൻ പ്രധാൻ അറസ്റ്റിലായത് പഴയ കൊലപാതക കേസിലാണ്. സ്ഥാനാർത്ഥിയെ അറസ്റ്റ് ചെയ്ത വിവരം കോൺഗ്രസാണ് പുറത്ത് വിട്ടത്. 2007-ലെ നന്ദിഗ്രാം ഭൂമി ഏറ്റെടുക്കൽ വിരുദ്ധ പ്രക്ഷോഭങ്ങൾക്കിടെ നടന്ന കൊലപാതക കേസുമായി ബന്ധപ്പെട്ടാണ് മിലൻ പ്രധാന്‍റെ അറസ്റ്റ്. മമതാ ബാനർജിയുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട പോരാട്ടങ്ങളിലൊന്നാണ് നന്ദിഗ്രാമിൽ നടന്ന ഭൂമി ഏറ്റെടുക്കലിനെതിരായ സമരം. 34 വർഷം പശ്ചിമ ബംഗാൾ ഭരിച്ച ഇടത് മുന്നണിക്കെതിരെ ഈ സമരം നയിച്ചാണ് തൃണമൂൽ കോൺഗ്രസ് അധികാരത്തിൽ എത്തിയത്.

നന്ദിഗ്രാമിലെ കോൺഗ്രസ് സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുമെന്ന് മമത കാളിഘട്ടിലെ വസതിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മിലൻ പ്രധാന്‍റെ അറസ്റ്റ്. മമത വിഭാഗം സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച സഞ്ചിത പ്രധാൻ ഡേ നാമനിർദ്ദേശ പത്രിക പിൻവലിച്ചതിനെ തുടർന്നാണ് മമതയുടെ ഈ പ്രഖ്യാപനമുണ്ടായത്. കോൺഗ്രസിനെ സഹോദര പാർട്ടി എന്ന് വിശേഷിപ്പിച്ച മമത, ഇന്ത്യ സഖ്യത്തെ ശക്തിപ്പെടുത്തുന്നതിനാണ് പിന്തുണ നൽകുന്നതെന്നും വ്യക്തമാക്കി. ഇത് ഭാവിയിലേക്കുള്ള തുടക്കമാണെന്നും മമത പറഞ്ഞു. ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് സഞ്ചിത നാമനിർദേശ പത്രിക പിൻവലിച്ചത്.

പിന്തുണ ചോദിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ്

മമതയുടെ പിന്തുണയ്ക്ക് കരുതലോടെയാണ് കോണ്‍ഗ്രസ് മറുപടി നൽകിയത്- "അവർ ഒരു രാഷ്ട്രീയ നേതാവാണ്. അവർക്ക് എന്തും പറയാം. എന്നാൽ അവരുടെ സ്ഥാനാർത്ഥി പിന്മാറിയതുകൊണ്ടാണ് ഇപ്പോൾ ഞങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത് എന്നതാണ് വസ്തുത. ഞങ്ങൾ അവരുടെ പിന്തുണ ചോദിച്ചിട്ടില്ല"- മുതിർന്ന കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞു.

മമതയ്ക്ക് തൃണമൂൽ കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക ചിഹ്നവും പേരും നഷ്ടമായതിന് പിന്നാലെയാണ് നന്ദിഗ്രാമിൽ കനത്ത തിരിച്ചടി നേരിടേണ്ടി വന്നത്. ഒക്ടോബർ 6-ലെ ഉപതെരഞ്ഞെടുപ്പിൽ ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് എന്ന പേരും 'രണ്ട് പൂക്കളും പുല്ലും' എന്ന ചിഹ്നവും ഉപയോഗിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചു. മമതാ ബാനർജി വിഭാഗത്തിന് മമത ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് എന്ന പേരും ഫുട്ബോൾ താരം (Football Player) എന്ന ചിഹ്നവും കമ്മീഷൻ അനുവദിച്ചു. അരൂപ് റോയ് നയിക്കുന്ന എതിർ വിഭാഗത്തിന് ഡെമോക്രാറ്റിക് തൃണമൂൽ കോൺഗ്രസ് എന്ന പേരും കവർ (Envelope) ചിഹ്നവുമാണ് നൽകിയത്.