
ബിജ്‌നോർ (ഉത്തർപ്രദേശ്): ചിക്കൻ ഫ്രൈയെ ചൊല്ലി കല്യാണപ്പന്തലിൽ കൂട്ടത്തല്ല്. സന്തോഷകരമായ ഒരു വിവാഹാഘോഷം നടക്കേണ്ടിയിരുന്ന ഉത്തർപ്രദേശിലെ ബിജ്‌നോർ ജില്ലയിലെ കല്യാണപ്പന്തലിലാണ് കോഴി വറുത്തത് വിളമ്പുന്നതിനെ ചൊല്ലിയുള്ള തർക്കം അടിപിടിയിൽ കലാശിച്ചത്. നിരവധി പേർക്ക് പരിക്കേറ്റ സംഭവത്തിൽ പൊലീസ് ഇടപെട്ടതിനെത്തുടർന്നാണ് സ്ഥിതി ശാന്തമായത്. ഒടുവിൽ പൊലീസ് സംരക്ഷണത്തിലാണ് വിവാഹ ചടങ്ങുകൾ പൂർത്തിയാക്കിയത്.
വരന്‍റെയും വധുവിന്‍റെയും ബന്ധുക്കൾ തമ്മിലാണ് കോഴി വറുത്തത് വിളമ്പുന്നതുമായി ബന്ധപ്പെട്ട് വാക്കേറ്റം ആരംഭിച്ചത്. സ്ഥിതിഗതികൾ അതിവേഗം കൈവിട്ടുപോവുകയും പൊലീസ് ഇടപെടേണ്ടി വരികയും ചെയ്തു. തര്‍ക്കം കയ്യാങ്കളിയിലേക്ക് മാറുകയായിരുന്നുവെന്നും തിക്കിലും തിരക്കിലും സ്ത്രീകളും കുട്ടികളും പെട്ടുപോയെന്നും ഒരു ദൃക്‌സാക്ഷി പറഞ്ഞു. ഹൃദയരോഗിയായ ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
"ഞങ്ങൾ ഒരു വിവാഹത്തിന് വന്നതായിരുന്നു. കോഴി വറുത്തതിന്‍റെ കൗണ്ടറിൽ വലിയ തിരക്കുണ്ടായിരുന്നു. അതിഥികൾ ഇത് എടുക്കാൻ ശ്രമിക്കുന്നതിനിടെ കയ്യാങ്കളി ആരംഭിച്ചു. അവിടെ സ്ത്രീകളും കുട്ടികളും ഉണ്ടായിരുന്നു, തിക്കിലും തിരക്കിലും പെട്ടു. ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അദ്ദേഹത്തിന്റെ നില ഗുരുതരമാണ്," ദൃക്‌സാക്ഷി പറഞ്ഞു.
പുറത്തുവന്ന വീഡിയോകളിൽ ആളുകൾ ഓടുന്നതും പരസ്പരം ആക്രമിക്കുന്നതും കാണാം. മറ്റുള്ളവർ അലറിവിളിക്കുകയും കൈകൾ കൊണ്ട് ഇടിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അതിഥികൾ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയാണ് അടിപിടി അവസാനിപ്പിച്ചത്. തുടർ സംഘർഷങ്ങൾ ഭയന്ന് വിവാഹ ചടങ്ങുകൾ പൂർത്തിയാകുന്നത് വരെ പൊലീസ് ഉദ്യോഗസ്ഥർ പന്തലിൽ തുടരുകയും ചെയ്തു.