
ജോധ്പൂർ: രാജസ്ഥാനിലെ ജോധ്പൂരിൽ ഭാരത് മാല എക്സ്പ്രസ് വേയിൽ അമിതവേഗതയിലെത്തിയ ടെമ്പോ ട്രാവലർ റോഡരികിൽ പാർക്ക് ചെയ്ത ട്രക്കിൽ ഇടിച്ചുകയറി 15 പേർ മരിച്ചു. ക്ഷേത്രദർശനത്തിന് പോയി മടങ്ങവെയുണ്ടായ അപകടത്തിൽ മൂന്ന് യാത്രക്കാർക്ക് ഗുരുതര പരിക്കും ഏറ്റിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ ടെമ്പോ ട്രാവലർ പൂർണമായി തകർന്നു. മൃതദേഹങ്ങൾ സീറ്റുകളിൽ കുടുങ്ങിക്കിടന്നതിനാൽ പുറത്തെടുക്കാൻ വലിയ ബുദ്ധിമുട്ട് നേരിട്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. നാട്ടുകാരും പൊലീസും മറ്റ് വാഹനയാത്രക്കാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ ആദ്യം അടുത്ത ആശുപത്രിയിലെത്തിച്ച ശേഷം ജോധ്പൂരിലേക്ക് മാറ്റി വിദഗ്ധ ചികിത്സ നൽകി. അപകടത്തിൽപ്പെട്ടവർ ജോധ്പൂരിലെ ഫലോദി സ്വദേശികളാണ്.
നടുക്കുന്ന അപകടമാണെന്ന് പ്രതികരിച്ച മുഖ്യമന്ത്രി ഭജൻലാൽ ശർമ അനുശോചനം അറിയിച്ചു. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ ജില്ലാ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും ദുഃഖം പ്രകടിപ്പിച്ച് രംഗത്തെത്തി.