
ബെംഗളൂരു: കർണാടകയിൽ നേതൃമാറ്റ ചർച്ച സജീവമായിരിക്കെ, ഡികെ ശിവകുമാർ മുഖ്യമന്ത്രിയാകുന്നത് തടയാൻ നിർണായക നീക്കവുമായി സിദ്ദരാമയ്യ. ദില്ലിയിൽ ഹൈക്കമാൻ്റുമായി നടക്കുന്ന ചർച്ചകൾക്ക് ജി പരമേശ്വരയെയും അദ്ദേഹം ഒപ്പം കൂട്ടി. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറണമെന്ന് ഹൈക്കമാൻ്റ് ആവശ്യപ്പെട്ടാൽ, പകരം ഈ സ്ഥാനത്തേക്ക് ജി പരമേശ്വരയെ സിദ്ദരാമയ്യ ഉയർത്തിക്കാട്ടുമെന്നാണ് വിവരം. ഇതിലൂടെ ദളിത് മുഖ്യമന്ത്രി എന്ന ആവശ്യം ശക്തമാക്കിക്കൊണ്ട് ഡികെ ശിവകുമാർ മുഖ്യമന്ത്രിയാകുന്നത് തടയാനാണ് നീക്കം.
മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും കോൺഗ്രസ് ഹൈക്കമാൻഡുമായുള്ള ചർച്ചയ്ക്കായി ദില്ലിയിലെത്തിയിട്ടുണ്ട്. സർക്കാരിന്റെ മൂന്നാം വാർഷികത്തോട് അനുബന്ധിച്ച് മുഖ്യമന്ത്രി സ്ഥാനത്ത് മാറ്റമുണ്ടാകുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. രണ്ടര വർഷത്തിന് ശേഷം സ്ഥാനം കൈമാറാമെന്ന ധാരണയുണ്ടായിരുന്നതായി ശിവകുമാർ പക്ഷം അവകാശപ്പെടുന്നു. താൻ അഞ്ച് വർഷം തികയ്ക്കുമെന്ന് സിദ്ധരാമയ്യ ആവർത്തിക്കുന്നുണ്ട്. എങ്കിലും ഹൈക്കമാൻഡ് ആവശ്യപ്പെട്ടാൽ സ്ഥാനം ഒഴിയാൻ അദ്ദേഹം മാനസികമായി തയ്യാറാണെന്ന് സിദ്ദരാമയ്യയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറയുന്നു.
നേതൃമാറ്റത്തിനൊപ്പം തന്നെ മന്ത്രിസഭയിൽ വലിയ അഴിച്ചുപണി നടക്കാനുള്ള സാധ്യതയുമുണ്ട്. അതൃപ്തിയുള്ള മുതിർന്ന നേതാക്കളെ മന്ത്രിസഭയിൽ ഉൾക്കൊള്ളിക്കാനും ആലോചനയുണ്ട്. അതേസമയം കോൺഗ്രസിലെ ആഭ്യന്തര തർക്കം മൂലം സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾ സ്തംഭിച്ചിരിക്കുകയാണെന്ന് ബി.ജെ.പി ആരോപിക്കുന്നു. മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടിയുള്ള കസേരകളി ജനങ്ങളോടുള്ള വഞ്ചനയെന്നാണ് വിമർശനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam