
അമരാവതി: കര്‍ണാടകയില്‍ കോളിളക്കം സൃഷ്ടിക്കുന്ന സ്മാര്‍ട്ട് ഇലക്ട്രിസിറ്റി മീറ്റര്‍ അഴിമതി ആരോപണത്തിനു സമാനമായ സംഭവം ആദ്യം നടന്നത് ആന്ധ്രാപ്രദേശില്‍. ആന്ധ്രാപ്രദേശില്‍ 7,000 രൂപ വിലയുള്ള സിംഗിള്‍ഫേസ് മീറ്റര്‍ 36,000 രൂപയ്ക്ക് വിറ്റുവെന്നായിരുന്നു ആരോപണം. മറ്റ് സംസ്ഥാനങ്ങള്‍ 4,000 രൂപയ്ക്ക് സ്മാര്‍ട്ട് മീറ്റര്‍ വാങ്ങുമ്പോള്‍ വൈസിപി ഗവണ്‍മെന്റ് 36,000 രൂപയാണ് ചിലവാക്കുന്നതെന്ന് ടിഡിപി നേതാവ് സോമി റെഡ്ഡിയാണ് അന്ന് ആരോപണം ഉയര്‍ത്തിയത്. സ്മാര്‍ട്ട് മീറ്ററുകള്‍ വാങ്ങിയതില്‍ 17,000 കോടിയുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് അന്ന് ആരോപണം ഉയര്‍ന്നത്.
സ്മാര്‍ട്ട് ഇലക്ട്രിസിറ്റി മീറ്ററിന്റെ പേരില്‍ കര്‍ണാടക സര്‍ക്കാര്‍ 7500 കോടി രൂപയുടെ അഴിമതി നടത്തിയതായി സുവര്‍ണ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ സംഭവം വലിയ കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്. മീറ്റര്‍ കരാര്‍ നിര്‍മ്മാതാവിന് നല്‍കുന്നതിന് പകരം വിതരണക്കാരന് നല്‍കിയത് മൂലം മീറ്ററിന്റെ വില കൂടിയെന്നും അന്വേഷണം വേണമെന്നും ബിജെപി നിയമ സഭയില്‍ ആവശ്യപ്പെട്ടു. കരാര്‍ റദ്ദാക്കി അന്വേഷണം നടത്തണമെന്ന് ബിജെപി എംഎല്‍എ സിഎന്‍ അശ്വത് നാരായണ്‍ നിയമസഭയില്‍ ആവശ്യപ്പെടുകയും ചെയ്തു.
സുവര്‍ണ ന്യൂസ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത് ഇപ്രകാരമാണ്: സിംഗിള്‍ ഫേസ് മീറ്ററിന് പഴയ വില 950 രൂപ. പുതിയ മീറ്ററിന് 4998 രൂപ. സിംഗിള്‍ ഫേസ് മീറ്റര്‍ 2 ന് പഴയ വില 2400 രൂപ. പുതിയ വില 9000 രൂപ. ത്രീഫേസ് മീറ്ററിന് പഴയ വില 2500 രൂപ. പുതിയതിന് 28000 രൂപ. മറ്റ് സംസ്ഥാനങ്ങളില്‍ സ്മാര്‍ട്ട് മീറ്ററിന് 900 രൂപ സബ്‌സിഡി കേന്ദ്രം നല്‍കാറുണ്ട്. ഇത് നേരിട്ട് കരാറുകാര്‍ക്കാണ് ലഭ്യമാവുക.. ശേഷിച്ച തുക ഉപഭോക്താവില്‍ നിന്ന് പത്ത് വര്‍ഷത്തേക്കായി ചെറു തുകകളായി ഈടാക്കും. എന്നാല്‍ കര്‍ണാടകയില്‍ മീറ്ററിന് മുഴുവന്‍ തുകയായ 8510 രൂപയും സര്‍ക്കാര്‍ നല്‍കുന്നു. ഇതിന് പുറമേ 71 രൂപ വീതം ഉപഭോക്താവ് അടയ്‌ക്കേണ്ടതായും വരുന്നുണ്ട്. കേന്ദ്രം നല്‍കുന്ന സബ്‌സിഡി തുക എവിടെ പോവുന്നുവെന്ന കാര്യത്തില്‍ ദുരൂഹതയുണ്ടെന്ന കാര്യമാണ് സുവര്‍ണ ന്യൂസ് റിപ്പോര്‍ട്ട് മുന്നോട്ട്‌വെച്ചത്.
ഇതിനുപിന്നാലെ, ബജറ്റ്ചര്‍ച്ചയ്ക്കിടയില്‍ ബിജെപി ഈ റിപ്പോര്‍ട്ട് നിയമസഭയില്‍ ഉന്നയിച്ചു. 39 ലക്ഷം സ്മാര്‍ട്ട് മീറ്ററുകള്‍ വാങ്ങുന്നതില്‍ വലിയ അഴിമതി നടന്നുവെന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം. സ്മാര്‍ട്ട് മീറ്ററിന്റെ സോഫ്റ്റ് വെയര്‍ സാങ്കേതിക വിദ്യയ്ക്കായി തെരഞ്ഞെടുക്കപ്പെട്ടത് കരിമ്പട്ടികയില്‍ പെട്ട കമ്പനിയാണെന്നും ബിജെപി ആരോപിച്ചു. താല്‍ക്കാലിക കണക്ഷന്‍ വാങ്ങുന്നവര്‍ക്കും പുതിയ കണക്ഷന്‍ എടുക്കുന്നവര്‍ക്കും സ്മാര്‍ട്ട് മീറ്ററുകള്‍ നിര്‍ബന്ധമാക്കിയെന്നും ആരോപണമുയര്‍ന്നു. സ്മാര്‍ട്ട് മീറ്ററുകള്‍ താല്‍ക്കാലിക കണക്ഷനുകള്‍ എടുക്കുന്നവര്‍ക്ക് മാത്രമേ നിര്‍ബന്ധമുള്ള എന്ന് കര്‍ണാടക വൈദ്യുതി വകുപ്പ് റെഗുലേറ്ററി കമ്മീഷന്‍ നിര്‍ദ്ദേശിക്കുമ്പോഴാണ് ഇതെന്നും ബിജെപി ആരോപിച്ചു.
Read More:സർക്കാരിന്‍റെ നിർമാണ കരാറുകളിൽ ന്യൂനപക്ഷ സംവരണം, ബില്ല് പാസ്സാക്കി കർണാടക നിയമസഭ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam