
ബുലന്ദ്ഷഹർ: റോബോട്ടിക്സിൽ പരിശീലനം ലഭിക്കുക പോലും ചെയ്യാതെ സർക്കാർ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി പൂർണ്ണമായും പ്രവർത്തിക്കുന്ന ഒരു റോബോട്ടിക് ടീച്ചറെ നിർമ്മിച്ചു. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം. ഈ കണ്ടുപിടിത്തത്തിലൂടെ വിദ്യാർത്ഥിയായ ആദിത്യ തന്‍റെ സ്കൂളിനെയും രാജ്യത്തെയും അമ്പരപ്പിച്ചിരിക്കുകയാണ്. ഗ്രാമീണ ഇന്ത്യയിലെ വിദ്യാഭ്യാസത്തെ മാറ്റിമറിക്കാൻ തന്‍റെ കണ്ടുപിടിത്തത്തിന് കഴിയുമെന്നാണ് ആദിത്യ വിശ്വസിക്കുന്നത്. ക്ലാസുകൾ കഴിഞ്ഞാൽ മറ്റ് വിദ്യാർത്ഥികൾ വീട്ടിലേക്ക് മടങ്ങുമ്പോൾ, ആദിത്യ മാത്രം സ്കൂളിൽ തങ്ങും. വയറുകളിലും സർക്യൂട്ടുകളിലും പരീക്ഷണങ്ങളിലും മുഴുകി അവൻ റോബോട്ടുകളെ നിർമ്മിക്കാൻ പഠിക്കുകയായിരുന്നു. സ്വയം പഠിച്ചെടുത്ത ഈ കഴിവുകളും തീവ്രമായ ജിജ്ഞാസയും ഉപയോഗിച്ചാണ് ആദിത്യ നിശബ്‍ദമായി റോബോട്ടുകൾ ഉണ്ടാക്കിയിരുന്നത്.
ആദിത്യയുടെ പുതിയ കണ്ടുപിടുത്തമാണ് 'സോഫിയ'. ഒരു യഥാർത്ഥ അദ്ധ്യാപികയെപ്പോലെ വിദ്യാർത്ഥികളെ പഠിപ്പിക്കാൻ രൂപകൽപ്പന ചെയ്ത റോബോട്ടാണിത്. സോഫിയ ടീച്ചറുടെ ക്ലാസിൽ കുട്ടികൾ ആവേശത്തോടെ ഇരിക്കുന്നു, ചോദ്യങ്ങൾ ചോദിക്കുന്നു, അവരുമായി സംവദിക്കുന്നത് കണ്ട് അമ്പരക്കുന്നു. ആദിത്യയുടെ പശ്ചാത്തലമാണ് ഈ നേട്ടത്തെ കൂടുതൽ ശ്രദ്ധേയമാക്കുന്നത്. കമ്പൗണ്ടറായ അച്ഛന് മാസം 15,000 രൂപ മാത്രമാണ് വരുമാനം. റോബോട്ട് നിർമ്മിക്കാൻ അച്ഛന് സുഹൃത്തുക്കളിൽ നിന്ന് പണം കടം വാങ്ങേണ്ടി വന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും കുടുംബം ആദിത്യയുടെ സ്വപ്നങ്ങളെ പ്രോത്സാഹിപ്പിച്ചു.
ലളിതമായ ആശയം
ആദിത്യ ഒരിക്കലും ഒരു റോബോട്ടിക്സ് കോഴ്സിൽ പങ്കെടുക്കുകയോ പരിശീലനം നേടുകയോ ചെയ്തിട്ടില്ല. കുട്ടിക്കാലത്ത് തന്‍റെ അമ്മാവൻ ചെറിയ റോബോട്ടുകൾ നിർമ്മിക്കുന്നത് കണ്ടതാണ് ഈ രംഗത്തേക്ക് കടക്കാൻ പ്രചോദനമായത്. അതിനുശേഷം, ഉപേക്ഷിച്ച ഇലക്ട്രോണിക് വസ്തുക്കളും സുഹൃത്തുക്കളുടെ സഹായവും ഉപയോഗിച്ച് അവൻ സ്വയം പഠിച്ചു. സോഫിയയെ നിർമ്മിക്കാനുള്ള ആശയം വന്നത് സ്കൂളിലെ ഒരു ലളിതമായ നിരീക്ഷണത്തിൽ നിന്നാണെന്ന് ആദിത്യ പറയുന്നു. 'ചിലപ്പോൾ അധ്യാപകർക്ക് ക്ലാസിൽ വരാൻ കഴിയില്ല, അപ്പോൾ കുട്ടികളുടെ ആ പീരീഡ് നഷ്ടപ്പെടുന്നു. ഈ പ്രശ്നം പരിഹരിക്കാൻ ഞാൻ ആഗ്രഹിച്ചു' - ആദിത്യ പറഞ്ഞു. സാങ്കേതികവിദ്യയുമായി പരിമിതമായ പരിചയം മാത്രമുള്ള ഗ്രാമീണ സ്കൂളുകൾക്ക് റോബോട്ടിക് ടീച്ചർമാർ പ്രത്യേകിച്ചും പ്രയോജനം ചെയ്യുമെന്ന് ആദിത്യ വിശ്വസിക്കുന്നു.
സ്വപ്നം റോബോട്ടിക്സിനപ്പുറം
ഇന്ത്യയിലെ രണ്ടാമത്തെ റോബോട്ടിക് ടീച്ചിംഗ് അസിസ്റ്റന്‍റാണ് സോഫിയയെന്നും, ഇത് കൂടുതൽ യുവ കണ്ടുപിടിത്തക്കാർക്ക് പ്രചോദനമാകുമെന്നും ആദിത്യ പറഞ്ഞു. വലിയ ആശയങ്ങൾ ഉണ്ടെങ്കിലും വിഭവങ്ങൾ പരിമിതമായ കുട്ടികൾക്കായി എല്ലാ ജില്ലകളിലും ഇന്നൊവേഷൻ ലാബുകൾ സ്ഥാപിക്കണമെന്ന് അദ്ദേഹം സർക്കാരിനോട് അഭ്യർത്ഥിച്ചു. പ്രാദേശിക അംഗീകാരം വർധിച്ചിട്ടും ആദിത്യ വിനയത്തോടെയാണ് പ്രതികരിച്ചത്, കാരണം അവന്‍റെ സ്വപ്നം റോബോട്ടിക്സിനെക്കാൾ വലുതാണ്. 'എനിക്ക് ഒരു ബഹിരാകാശ സഞ്ചാരിയാകണം' ഒരു ചെറുപുഞ്ചിരിയോടെ ആദിത്യ പറഞ്ഞു.