വായുമലിനീകരണം; ദില്ലിയില്‍ അപകടനില തുടരുന്നു, വീണ്ടും ഇടപെട്ട് സുപ്രീംകോടതി

By Web TeamFirst Published Nov 15, 2019, 6:13 PM IST
Highlights

അയല്‍സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ വീണ്ടും സുപ്രീംകോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് ഉത്തരവിട്ടു. ദില്ലി നഗരത്തില്‍ വ്യാപകമായി എയര്‍പ്യൂരിഫയര്‍ ടവര്‍ സ്ഥാപിക്കാനുള്ള റോഡ് മാപ് തയ്യാറാക്കാനും കേന്ദ്രത്തോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.

ദില്ലി: കഴിഞ്ഞ മൂന്ന് ദിവസമായി ദില്ലിയിലെ വായുമലിനീകരണം അപകട നിലയില്‍ തുടരുന്നതിനിടെ വീണ്ടും സുപ്രീംകോടതിയുടെ ഇടപെടല്‍.  അയല്‍സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ വീണ്ടും സുപ്രീംകോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് ഉത്തരവിട്ടു. ദില്ലി നഗരത്തില്‍ വ്യാപകമായി എയര്‍പ്യൂരിഫയര്‍ ടവര്‍ സ്ഥാപിക്കാനുള്ള റോഡ് മാപ് തയ്യാറാക്കാനും കേന്ദ്രത്തോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.

കഴിഞ്ഞ മൂന്ന് ദിവസമായി, വായുമലിനീകരണ തോത് അനുസരിച്ച് പരമാവധിയാണ് ദില്ലിയിലെ സ്ഥിതി. രണ്ട് ദിവസമായി ദില്ലിയിലെ സ്കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇടപെടലുമായി സുപ്രീംകോടതി വീണ്ടും രംഗത്തെത്തിയത്. ദില്ലിയില്‍ വ്യാപകമായി എയര്‍പ്യൂരിഫയര്‍ സ്ഥാപിക്കാനുള്ള മാപ് തയ്യാറാക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. വീട്ടിനുള്ളിലും ഓഫീസിലും പോലും ജനങ്ങള്‍ സുരക്ഷിതരല്ലെന്ന് കോടതി പറഞ്ഞു. 

വൈക്കോല്‍ കത്തിക്കുന്നത് ഇപ്പോഴും തുടരുന്ന സാഹചര്യത്തില്‍ പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, ദില്ലി ചീഫ് സെക്രട്ടറിമാരോട് വീണ്ടും നേരിട്ട് സുപ്രീംകോടതിയില്‍ ഹാജരാകാനുള്ള നിര്‍ദ്ദേശവും നല്‍കി. ഒറ്റ ഇരട്ട നമ്പര്‍ വാഹന നിയന്ത്രണം കൊണ്ട് വായുമലിനീകരണം 5 ശതമാനം മുതല്‍ 15 ശതമാനം വരെ കുറ‍ഞ്ഞെന്നും അയല്‍സംസ്ഥാനങ്ങള്‍ ഇപ്പോഴും വൈക്കോലിന് തീയിടുന്നതാണ് മലിനീകരണം കൂടാന്‍ കാരണമെന്നും ദില്ലി സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. 

എന്നാല്‍ ,കാറുകള്‍ നഗരത്തിലുണ്ടാക്കുന്ന വായുമലിനീകരണം മൂന്ന് ശതമാനം മാത്രമാണെന്നായിരുന്നു കേന്ദ്ര മലിനീകരണ ബോര്‍ഡ് കോടതിയെ അറിയിച്ചത്. എല്ലാ വാഹനങ്ങളും കൂടിച്ചേര്‍ന്നാല്‍ വായുമലിനീകരണത്തിന്‍റെ 28 ശതമാനം വരുമെന്നും മലിനീകരണ നിയന്ത്രണബോര്‍ഡ് കോടതിയെ അറിയിച്ചു. ദില്ലി നഗരത്തിലെ ഓട്ടോറിക്ഷകള്‍ സ്ഥിരമായി പരിശോധിക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി.

ഒറ്റ-ഇരട്ട നമ്പര്‍ വാഹന നിയന്ത്രണം വായുമലിനീകരണത്തിന് ശാശ്വത പരിഹാരമല്ലെന്നും സുപ്രീംകോടതി വിലയിരുത്തി. അതിനിടെ വായുമലിനീകരണം നിയന്ത്രിക്കാനുള്ള നടപടി ചര്‍ച്ച ചെയ്യാനിരുന്ന പാര്‍ലമെന്‍ററി സ്റ്റാ‍ന്‍ഡിംഗ് കമ്മിറ്റിയോഗം എംപിമാരും ഉദ്യോഗസ്ഥരും എത്താത്തതിനാല്‍ നടന്നില്ല. ഒറ്റ ഇരട്ട നമ്പര്‍ വാഹന നിയന്ത്രണം തുടരണമോ എന്ന കാര്യത്തില്‍ തിങ്കളാഴ്ച്ച തീരുമാനമെടുക്കുമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. 

Read Also: ദില്ലി ശ്വാസംമുട്ടുമ്പോള്‍ ഇന്‍ഡോറില്‍ ക്രിക്കറ്റ് കണ്ട്, ജിലേബി കഴിച്ച് ഗംഭീര്‍; രൂക്ഷ വിമര്‍ശനവുമായി എഎപി

click me!