കേന്ദ്ര ബജറ്റിൽ പ്രതിരോധ മേഖലക്ക് 22 ശതമാനം വർധന. സൈന്യത്തിന്റെ ആധുനികവൽക്കരണത്തിനായി 2.19 ലക്ഷം കോടി രൂപ നീക്കിവെച്ചപ്പോൾ മൊത്തം പ്രതിരോധ ബജറ്റ് 7.85 ലക്ഷം കോടി രൂപയായി ഉയർന്നു. 

ദില്ലി: കേന്ദ്ര ബജറ്റിൽ ഏറ്റവും കൂടുതൽ തുക വിലയിരുത്തിയത് പ്രതിരോധ മേഖലക്ക്. ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ, ഇന്ത്യയുടെ സൈന്യത്തിന്റെ ആധുനികവൽക്കരണത്തിനായി 2.19 ലക്ഷം കോടി രൂപയാണ് നീക്കിവെച്ചത്. 21.84 ശതമാനമാണ് സൈന്യത്തെ ആധുനികവത്കരിക്കാൻ അനുവദിച്ച തുകയുടെ വർധനവ്. മുൻ വർഷത്തിൽ പ്രതിരോധ മന്ത്രാലയത്തിന്റെ മൂലധന വിഹിതം 1.8 ലക്ഷം കോടി രൂപയായിരുന്നു. വിമാനങ്ങൾക്കും എയ്‌റോ എഞ്ചിനുകൾക്കുമായി 63,733 കോടി രൂപ കാപെക്‌സ് വിഹിതത്തിൽ ഉൾപ്പെടുന്നു. ഇതിനുപുറമെ, പ്രതിരോധ സേവനങ്ങ ൾക്കുള്ള ബജറ്റ് വിഹിതം 17.24 ശതമാനം വർധിപ്പിച്ചു. പെൻഷനുകൾക്കുള്ള വിഹിതം 6.53 ശതമാനം വർദ്ധിപ്പിച്ച് 1.71 ലക്ഷം കോടി രൂപയായി. മൊത്തത്തിൽ, ഈ വർഷത്തെ പ്രതിരോധ ബജറ്റ് 7.85 ലക്ഷം കോടി രൂപയായി വർദ്ധിപ്പിച്ചു. 

മുൻ വർഷത്തിൽ മൊത്തം ജിഡിപിയുടെ എട്ട് ശതമാനമായിരുന്നു പ്രതിരോധ മേഖലക്കെങ്കിൽ ഇത്തവണ 11 ശതമാനമായി വർധിപ്പിച്ചു. ഓപ്പറേഷൻ സിന്ദൂരിന്റെ വിജയത്തെ തുടർന്നുള്ള ബജറ്റിൽ രാജ്യത്തിന്റെ പ്രതിരോധ സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്താനുള്ള നമ്മുടെ ദൃഢനിശ്ചയത്തെയും സുരക്ഷ, വികസനം, സ്വാശ്രയത്വം എന്നിവ തമ്മിലുള്ള സന്തുലിതാവസ്ഥ ഈ ബജറ്റ് ശക്തിപ്പെടുത്തുന്നുവെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു.

പ്രതിരോധ മേഖലയിലെ യൂണിറ്റുകളുടെ അറ്റകുറ്റപ്പണികൾ, വിമാന ഭാഗങ്ങളുടെ നിർമ്മാണത്തിനായി ഇറക്കുമതി ചെയ്യുന്ന അസംസ്കൃത വസ്തുക്കളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ ഒഴിവാക്കുമെന്നും സീതാരാമൻ തന്റെ പ്രസംഗത്തിൽ നിർദ്ദേശിച്ചു. കഴിഞ്ഞ വർഷം മെയ് മാസത്തിൽ 50,000 കോടി രൂപയുടെ വർദ്ധനവ് ചർച്ച ചെയ്യപ്പെട്ടിരുന്നുവെന്ന് വൃത്തങ്ങൾ പറഞ്ഞു. 2025-26 ൽ സായുധ സേനയ്ക്കായി 6.81 ലക്ഷം കോടി രൂപ നീക്കിവച്ചു. കഴിഞ്ഞ 26 വർഷത്തിനിടെ ഇന്ത്യയുടെ പ്രതിരോധ ചെലവ് 40 ശതമാനത്തിലധികം വർദ്ധിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രതിരോധ കയറ്റുമതിയിൽ നിന്നുള്ള വരുമാനം വർദ്ധിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു.