'ഞാൻ എന്‍റെ വസ്ത്രങ്ങളെല്ലാം കൗണ്ടറിൽ ഊരിയെറിയും', എല്ലാ നിയന്ത്രണങ്ങളും നഷ്ടപ്പെട്ട് യാത്രക്കാരൻ; ദില്ലിയിൽ ഇൻഡിഗോയ്ക്കെതിരെ പ്രതിഷേധം

Published : Dec 05, 2025, 05:32 PM IST
undress protest indigo

Synopsis

രാജ്യവ്യാപകമായി ഇൻഡിഗോ വിമാന സർവീസുകൾ റദ്ദാക്കിയത് വലിയ പ്രതിസന്ധിക്ക് കാരണമായി. ഇതിനിടെ, ദില്ലി വിമാനത്താവളത്തിൽ ഒരു യാത്രക്കാരൻ വസ്ത്രമൂരി പ്രതിഷേധിക്കുമെന്ന് ഭീഷണിപ്പെടുത്തി. 

ദില്ലി: ഇൻഡിഗോ വിമാന സർവീസുകളിലെ രാജ്യവ്യാപകമായ പ്രതിസന്ധി തുടരുന്നതിനിടെ, ദില്ലി വിമാനത്താവളത്തിലെ ടിക്കറ്റ് കൗണ്ടറിൽ പ്രതിഷേധ സൂചകമായി വസ്ത്രമൂരുമെന്ന് ഭീഷണിപ്പെടുത്തിയ യാത്രക്കാരന്‍റെ വീഡിയോ പുറത്ത്. കടുത്ത ദേഷ്യത്തിലായിരുന്ന യാത്രക്കാരൻ ഷർട്ട് ഊരിയെറിഞ്ഞ ശേഷം ഉദ്യോഗസ്ഥരോട് ആവർത്തിച്ച് 'ഞാൻ എന്‍റെ വസ്ത്രങ്ങൾ ഊരിയെറിയും' എന്ന് പറയുന്നത് വീഡിയോയിൽ വ്യക്തമാണ്.

രാജ്യത്തെ ഏറ്റവും വലിയ വ്യോമയാന പ്രതിസന്ധിക്ക് കാരണമായ ഇൻഡിഗോയുടെ താളം തെറ്റലിൽ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. ആയിരക്കണക്കിന് യാത്രക്കാർ കുടുങ്ങിയ ദിവസമാണ് ഈ സംഭവം നടന്നത്. ദില്ലി വിമാനത്താവളത്തിൽ നിന്ന് അർദ്ധരാത്രി വരെ പുറപ്പെടേണ്ട എല്ലാ ആഭ്യന്തര വിമാനങ്ങളും ഇൻഡിഗോ റദ്ദാക്കിയിരുന്നു.

മുഴുവൻ പണവും തിരികെ നൽകുമെന്ന് കമ്പനി

ഡിസംബർ അഞ്ചിനും 15നും ഇടയിൽ റദ്ദാക്കിയ എല്ലാ വിമാനങ്ങൾക്കും മുഴുവൻ തുകയും തിരികെ നൽകുമെന്ന് ഇൻഡിഗോ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ടിക്കറ്റ് എടുത്തപ്പോഴുള്ള പേയ്‌മെന്‍റ് രീതിയിലേക്ക് തുക ഓട്ടോമാറ്റിക്കായി പ്രോസസ് ചെയ്യുമെന്നും എയർലൈൻ അറിയിച്ചു. ഈ കാലയളവിലെ ടിക്കറ്റുകൾ റദ്ദാക്കുന്നതിനോ പുനഃക്രമീകരിക്കുന്നതിനോ ഉള്ള മുഴുവൻ ഫീസും ഒഴിവാക്കിയതായി എയർലൈൻ 'എക്സി'ലെ ഒരു പോസ്റ്റിൽ അറിയിച്ചു. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനായി ആയിരക്കണക്കിന് ഹോട്ടൽ മുറികളും ഉപരിതല ഗതാഗത സൗകര്യങ്ങളും വിമാനത്താവളങ്ങളിൽ ഭക്ഷണവും ലഘുഭക്ഷണവും ഏർപ്പാടാക്കിയിട്ടുണ്ട്. കൂടാതെ, സാധ്യമായ എല്ലായിടത്തും മുതിർന്ന പൗരന്മാർക്ക് ലോഞ്ച് സൗകര്യവും നൽകുന്നുണ്ടെന്ന് ഇൻഡിഗോ വ്യക്തമാക്കി. രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിലെല്ലാം വൻ ആശയക്കുഴപ്പത്തിന് കാരണമായ ഈ തടസങ്ങളിൽ യാത്രക്കാരോട് ഇൻഡിഗോ അഗാധമായ ഖേദം പ്രകടിപ്പിച്ചു.

പ്രതിസന്ധി രൂക്ഷമാകുന്നു

വെള്ളിയാഴ്ച മാത്രം 750ൽ അധികം വിമാന സർവീസുകളാണ് റദ്ദാക്കിയത്. ഇത് പ്രതിസന്ധി ആരംഭിച്ച ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണ്. വ്യാഴാഴ്ച 550ഉം ബുധനാഴ്ച 85ഉം വിമാനങ്ങളാണ് റദ്ദാക്കിയിരുന്നത്. ദില്ലി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നീ നഗരങ്ങളിലാണ് ഇന്ന് ഏറ്റവും കൂടുതൽ സർവീസുകൾ മുടങ്ങിയത്. ഇതോടെ നൂറുകണക്കിന് യാത്രക്കാർ കുടുങ്ങുകയും യാത്രാ പദ്ധതികൾ താളം തെറ്റുകയും ചെയ്തു. തലസ്ഥാനത്ത് മാത്രം എയർലൈൻ 235 വിമാനങ്ങളാണ് റദ്ദാക്കിയത്.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഐടി വ്യവസായി വേണു ​ഗോപാലകൃഷ്ണൻ പ്രതിയായ ലൈം​ഗിക പീഡനക്കേസ്; അസാധാരണ നീക്കവുമായി സുപ്രീം കോടതി
ഇന്‍ഡിഗോ വിമാന സർവീസ് പ്രതിസന്ധി; 'അർധരാത്രി മുതൽ സർവീസുകൾ സാധാരണ നിലയിലേക്ക്',വ്യക്തമാക്കി വ്യോമയാന മന്ത്രാലയം