
ദില്ലി: ഇന്ത്യൻ അതിർത്തിയിൽ ചൈനീസ് സേനയുടെ കടന്നുകയറ്റം നടന്നിട്ടുണ്ടെന്ന് ശശി തരൂർ എംപി പറഞ്ഞു. 60 ചതുരശ്ര കിലോമീറ്റർ സ്ഥലത്ത് നിർമ്മാണ പ്രവർത്തനം നടത്തി. തുണ്ട് തുണ്ടായി ഭൂമി കയ്യേറാനാണ് ശ്രമമെന്നും തരൂർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
അതിർത്തിക്കിപ്പുറത്തേക്ക് കടന്നുകയറ്റം ഉണ്ടായിട്ടില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസത്തെ സർവ്വകക്ഷി യോഗത്തിൽ പറഞ്ഞത്. എന്നാൽ, ചൈനീസ് സേന അതിർത്തിക്കിപ്പുറത്ത് കൈയ്യേറ്റത്തിന് ശ്രമിച്ചു എന്നായിരുന്നു അതിനു മുമ്പ് വിദേശകാര്യമന്ത്രാലയം പ്രസ്താവന നടത്തിയത്. ഇതോടെ, ചൈനയെ ന്യായീകരിക്കുന്ന പ്രസ്താവനയാണ് പ്രധാനമന്ത്രി നടത്തിയതെന്ന് പ്രതിപക്ഷം ആരോപിച്ചു. ചൈന കൈയ്യേറിയില്ലെങ്കിൽ ഇന്ത്യൻ സൈനികർ എങ്ങനെ മരിച്ചു? എവിടെയാണ് അവർ മരിച്ചത്? ഇക്കാര്യം വ്യക്തമാക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. പ്രധാനമന്ത്രി രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചെന്നും കോൺഗ്രസ് ഇന്ത്യയുടെ പ്രദേശം നരേന്ദ്ര മോദി ചൈനയ്ക്ക് അടിയറ വച്ചെന്നുമായിരുന്നു രാഹുൽ ഗാന്ധിയുടെ ആരോപണം.
എന്നാൽ, പ്രധാനമന്ത്രിയുടെ പരാമർശം പ്രതിപക്ഷം വളച്ചൊടിക്കുന്നു എന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ആരോപണങ്ങളോട് പ്രതികരിച്ചത്. ഇന്ത്യൻ മണ്ണ് ലക്ഷ്യം വച്ചവർക്ക് ശക്തമായ തിരിച്ചടി നൽകിയെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. നിയന്ത്രണരേഖയ്ക്ക് തൊട്ടടുത്ത് ചൈന ചില നിർമ്മാണപ്രവർത്തനത്തിന് ശ്രമിച്ചു. കടന്നുകയറ്റം നടന്നില്ല എന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയത് സൈനികരുടെ ധീരത ചൂണ്ടിക്കാട്ടിയാണ് എന്നും പിഎംഒ വ്യക്തമാക്കി.
ഇതിനു പിന്നാലെ വിഷയത്തിൽ കൂടുതൽ വിശദീകരണവുമായി വിദേശകാര്യമന്ത്രാലയവും രംഗത്തെത്തി. മെയ് ആദ്യവാരം മുതൽ ചൈനീസ് സേന ഇന്ത്യയുടെ പട്രോളിംഗ് തടസ്സപ്പെടുത്തുകയാണ്. ഇതാണ് ഇവിടെ സംഘർഷങ്ങളുണ്ടാകാൻ കാരണം. ചൈനീസ് സേന കടന്നുകയറ്റത്തിന് ശ്രമിച്ചപ്പോൾ ഇന്ത്യ തക്കതായ മറുപടി നൽകുകയായിരുന്നെന്നും വിദേശകാര്യമന്ത്രാലയം വിശദീകരിച്ചു.
Read Also: 'ഗൽവാൻ താഴ്‍വരയിൽ ചൈനയ്ക്ക് ചുട്ട മറുപടി നൽകി', ചൈനീസ് അവകാശവാദം തള്ളി ഇന്ത്യ...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam