Asianet News MalayalamAsianet News Malayalam

'ഗൽവാൻ താഴ്‍വരയിൽ ചൈനയ്ക്ക് ചുട്ട മറുപടി നൽകി', ചൈനീസ് അവകാശവാദം തള്ളി ഇന്ത്യ

കടന്നുകയറ്റം ഉണ്ടായില്ലെന്ന പ്രധാനമന്ത്രിയുടെ പരാമർശം വിവാദമായ സാഹചര്യത്തിലാണ് പിഎംഒയ്ക്ക് പിന്നാലെ വിദേശകാര്യമന്ത്രാലയവും വിശദീകരണവുമായി രംഗത്തെത്തുന്നത്. ഇന്ത്യയുടെ പ്രദേശം നരേന്ദ്ര മോദി ചൈനയ്ക്ക് അടിയറ വച്ചെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ആരോപണം. 

galwan valley china claims india gives reply to chinese embassy and regime
Author
New Delhi, First Published Jun 20, 2020, 8:21 PM IST

ദില്ലി: ഗൽവാൻ താഴ്വര ചൈനയുടേതെന്ന അവകാശവാദം തള്ളി വിദേശകാര്യമന്ത്രാലയം രംഗത്തെത്തി. താഴ്വരയിൽ വർഷങ്ങളായി ഇന്ത്യ പട്രോളിംഗ് നടത്തുന്നു. ചൈനീസ് സേന കടന്നുകയറ്റത്തിന് ശ്രമിച്ചപ്പോൾ ഇന്ത്യ തക്കതായ മറുപടി നൽകുകയായിരുന്നെന്നും വിദേശകാര്യമന്ത്രാലയം വിശദീകരിച്ചു. 

പ്രശ്നപരിഹാരത്തിന് ആശയവിനിമയം തുടരുന്നു എന്നും വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു. പ്രതിപക്ഷകക്ഷികളെ അടക്കം ഉൾപ്പെടുത്തി പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിംഗിലൂടെ നടത്തിയ സർവകക്ഷിയോഗത്തിൽ, ഇന്ത്യയുടെ അതിർത്തിയ്ക്ക് ഇപ്പുറത്തേക്ക് കടന്നുകയറ്റം ഉണ്ടായില്ലെന്ന പ്രധാനമന്ത്രിയുടെ പരാമർശം വിവാദമായ സാഹചര്യത്തിലാണ് പിഎംഒയ്ക്ക് പിന്നാലെ വിദേശകാര്യമന്ത്രാലയവും വിശദീകരണവുമായി രംഗത്തെത്തുന്നത്. 

മെയ് ആദ്യവാരം മുതൽ ചൈനീസ് സേന ഇന്ത്യയുടെ പട്രോളിംഗ് തടസ്സപ്പെടുത്തുകയാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നു. ഇതാണ് ഇവിടെ സംഘർഷങ്ങളുണ്ടാകാൻ കാരണം. ഇതിൽ ഗ്രൗണ്ട് തല കമാൻഡർമാർ ഇടപെട്ട് പ്രശ്നപരിഹാരത്തിന്‍റെ അവസാനഘട്ടത്തിലാണ് വീണ്ടും സംഘർഷമുണ്ടാകുന്നതെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നു. 

വിദേശകാര്യമന്ത്രാലയത്തിന്‍റെ പ്രസ്താവനയുടെ ഏകദേശ പരിഭാഷ ഇങ്ങനെ: ''ഗാൽവൻ താഴ്‍വര സംബന്ധിച്ചുള്ള ഇന്ത്യയുടെ നിലപാട് ചരിത്രപരമായി വ്യക്തമാണ്. ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ എവിടെയെന്നതിൽ ചൈന ഇപ്പോൾ അനാവശ്യമായ അവകാശവാദങ്ങൾ ഉന്നയിക്കുകയാണ്. ഇത് ചൈന സ്വീകരിച്ച മുൻനിലപാടുകളിൽ നിന്ന് വിരുദ്ധവുമാണ്.

LAC എവിടെയെന്നതിൽ ഇന്ത്യൻ സൈന്യത്തിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ഗാൽവൻ താഴ്‍വരയിൽ ഉൾപ്പടെ ഇന്ത്യ ഇത് കൃത്യമായി പാലിക്കുന്നുണ്ട്. ഏറെക്കാലമായി ഇന്ത്യ പട്രോളിംഗ് നടത്തുന്ന മേഖലയാണിത്. ഇന്ത്യയുടെ അതിർത്തിപ്രദേശത്ത് തീർത്തും നിയമപരമായാണ് നിർമാണപ്രവർത്തനങ്ങൾ നടക്കുന്നത്. 

എന്നാൽ മെയ് ആദ്യവാരം മുതൽ ചൈനീസ് സേന ഇന്ത്യയുടെ പട്രോളിംഗ് തടസ്സപ്പെടുത്തുകയായിരുന്നു. ഇതാണ് ഇവിടെ സംഘർഷങ്ങളുണ്ടാകാൻ കാരണം. ഇതിൽ ഗ്രൗണ്ട് തല കമാൻഡർമാർ ഇടപെട്ട് പ്രശ്നപരിഹാരത്തിന്‍റെ അവസാനഘട്ടത്തിലാണ് വീണ്ടും സംഘർഷമുണ്ടാകുന്നത്. ഇന്ത്യ അതിർത്തിയിലെ വര മാറ്റിവരയ്ക്കാൻ ശ്രമിക്കുകയാണെന്ന ആരോപണം ശക്തമായി നിഷേധിക്കുന്നു. ഞങ്ങൾ നിലവിലെ സ്ഥിതി കാത്തുസൂക്ഷിക്കുകയാണ്.

മെയ് മധ്യത്തോടെ ചൈന പടിഞ്ഞാറൻ മേഖലയിലെ LAC ലംഘിക്കാൻ ശ്രമിച്ചു. ഇതിന് തക്കതായ മറുപടി ഇന്ത്യ നൽകി. ഇതിന് ശേഷം രണ്ട് ഭാഗങ്ങളും ചർച്ച നടത്തി വരികയായിരുന്നു.

ജൂൺ 6-ന് സീനിയർ കമാൻഡർമാർ നടത്തിയ ചർച്ചയിൽ മേഖലയിൽ നിന്ന് തൽക്കാലം രണ്ട് സൈന്യങ്ങളും പിൻവാങ്ങാൻ തീരുമാനിച്ചു. LAC മാനിക്കുക എന്നതായിരുന്നു പ്രധാന ധാരണ. എന്നാൽ ചൈന ഇതെല്ലാം ലംഘിച്ച് LAC-യുടെ തൊട്ടടുത്ത് ടെന്‍റുകൾ കെട്ടിപ്പൊക്കാൻ ശ്രമിച്ചു. ഇത് പരാജയപ്പെട്ടപ്പോൾ ചൈനീസ് സൈന്യം ആക്രമിക്കാൻ ശ്രമിച്ചു. ഇതാണ് സൈനികരുടെ ജീവത്യാഗത്തിലെത്തിയത്''.

ആരും ഇന്ത്യയുടെ ഒരു പ്രദേശവും കൈയ്യേറിയില്ലെന്നാണ് പ്രധാനമന്ത്രി സർവകക്ഷിയോഗത്തിൽ പറഞ്ഞത്. എന്നാൽ ചൈനീസ് സേന അതിർത്തിക്കിപ്പുറത്ത് കൈയ്യേറ്റത്തിന് ശ്രമിച്ചു എന്നായിരുന്നു ബുധനാഴ്ച വിദേശകാര്യമന്ത്രാലയത്തിൻറെ പ്രസ്താവന. പ്രതിരോധമന്ത്രി രാജ്‍നാഥ് സിംഗും സമാന നിലപാടാണ് പ്രകടിപ്പിച്ചത്. അപ്പോൾ ചൈനയെ ന്യായീകരിക്കുന്ന പ്രസ്താവനയാണ് പ്രധാനമന്ത്രി നടത്തിയതെന്ന് പ്രതിപക്ഷം ആരോപിച്ചു. ചൈന കൈയ്യേറിയില്ലെങ്കിൽ ഇന്ത്യൻ സൈനികർ എങ്ങനെ മരിച്ചു? എവിടെയാണ് അവർ മരിച്ചത്? ഇക്കാര്യം വ്യക്തമാക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. പ്രധാനമന്ത്രി രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചെന്നും കോൺഗ്രസ് ഇന്ത്യയുടെ പ്രദേശം നരേന്ദ്ര മോദി ചൈനയ്ക്ക് അടിയറ വച്ചെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ആരോപണം. 

എന്നാൽ, പ്രധാനമന്ത്രിയുടെ പരാമർശം വളച്ചൊടിക്കുന്നു എന്നാണ് പിഎംഒ തിരിച്ചടിച്ചത്. ഇന്ത്യൻ മണ്ണ് ലക്ഷ്യം വച്ചവർക്ക് ശക്തമായ തിരിച്ചടി നൽകിയെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. നിയന്ത്രണരേഖയ്ക്ക് തൊട്ടടുത്ത് ചൈന ചില നിർമ്മാണപ്രവർത്തനത്തിന് ശ്രമിച്ചു. കടന്നുകയറ്റം നടന്നില്ല എന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയത് സൈനികരുടെ ധീരത ചൂണ്ടിക്കാട്ടിയാണ്. അതായത് ചൈനയുടെ കടന്നുകയറ്റ നീക്കം സേന തകർത്തു എന്ന സൂചനയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നൽകുന്നത്.

Follow Us:
Download App:
  • android
  • ios