
ബെംഗളൂരു: വിവാദ പ്രസ്താവനയുമായി ബിജെപി ദേശീയ ജനറൽ സെക്രട്ടറി സി ടി രവി. ഭരണഘടനയിൽ മതേതരത്വം എന്ന പദം ആവശ്യമുണ്ടോ എന്ന് ചിന്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടനയിൽ നിന്ന് മതേതരത്വം എന്ന വാക്ക് ഒഴിവാക്കണമോ എന്ന് ചർച്ച ചെയ്യണം. ഡോ ബിആർ അംബേദ്കർ ഭരണഘടനയിൽ മതേതരത്വം എന്ന വാക്ക് ഉൾകൊള്ളിച്ചിരുന്നില്ല. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഇന്ദിരാഗാന്ധിയുടെ കോൺഗ്രസ് സർക്കാരാണ് ഉൾകൊള്ളിച്ചത്. മാറിചിന്തിക്കേണ്ട സമയമാണെന്നും സിടി രവി പറഞ്ഞു. മതേതരത്വമെന്ന വാക്ക് ഭരണഘടനയിൽ ഉപയോഗിക്കാത്തതിനാൽ അംബേദ്കർ വർഗീയവാദിയാകുമോയെന്നും അദ്ദേഹം ചോദിച്ചു.
നേരത്തെ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിലടക്കം വിവാദ പ്രസ്താവനകൾ ഇദ്ദേഹം നടത്തിയിട്ടുണ്ട്. അംബേദ്കറിന്റെ ആവശ്യമായിരുന്നു ഏകീകൃത സിവിൽ കോഡെന്നതെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ ഗൗരവമേറിയ ചർച്ച ഇതുവരെ നടന്നിട്ടില്ല. ഇനി അതിനുള്ള സമയമാണെന്നും ഇക്കഴിഞ്ഞ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഘട്ടത്തിൽ അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം ഹിജാബ് ധരിക്കണോ വേണ്ടേ എന്നത് വ്യക്തിസ്വാതന്ത്ര്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. പക്ഷെ സ്കൂളുകളിൽ യൂനിഫോം നിർബന്ധമാണെന്നും അതൊരു ചട്ടമായതിനാൽ എല്ലാവരും പാലിക്കാൻ ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആരെങ്കിലും യൂനിഫോം ധരിക്കുന്നതിൽ വ്യത്യസ്തത പുലർത്തുകയാണെങ്കിൽ അത് തെറ്റാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ അന്നത്തെ പ്രസ്താവന.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam