
ദില്ലി: കോൺഗ്രസ് - തൃണമൂൽ കോൺഗ്രസ് ലയന അഭ്യൂഹങ്ങൾ തള്ളി തൃണമൂൽ കോൺഗ്രസ് വൃത്തങ്ങൾ. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയും കൂടിക്കാഴ്ച നടത്തിയ പിന്നാലെയാണ് അഭ്യൂഹങ്ങൾ സജീവമായത്. നിലവിലെ അഭ്യൂഹങ്ങളെല്ലാം ഊഹാപോഹങ്ങളും അടിസ്ഥാനരഹിതവുമാണെന്നും അത്തരം കാര്യങ്ങൾ ചർച്ച ചെയ്തിട്ടില്ലെന്നും തൃണമൂൽ കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
ദില്ലിയിലെ 10 ജൻപതിൽ ഒന്നര മണിക്കൂറോളം നേരമാണ് രാഹുൽ ഗാന്ധിയും അഭിഷേക് ബാനർജിയും തമ്മിൽ കൂടിക്കാഴ്ച നടന്നത്. പശ്ചിമ ബംഗാളിലെ സംഭവവികാസങ്ങളും സംസ്ഥാനത്ത് ഇന്ത്യ സഖ്യത്തിൻ്റെ സാന്നിധ്യം ശക്തമാക്കുന്നതു സംബന്ധിച്ചും ഇരുവരും ചർച്ച ചെയ്തു. ബിജെപിയെ നേരിടാനായി ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും മൂന്ന് വർഷത്തിന് ശേഷം നടക്കാനിരിക്കുന്ന 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ എങ്ങനെ ഏകോപിതമായി പ്രവർത്തിക്കാം എന്നതിനെക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു.
അതേസമയം മമത ബാനർജിക്ക് കോൺഗ്രസ് ഉപാധ്യക്ഷ സ്ഥാനം സോണിയ ഗാന്ധി വാഗ്ദാനം ചെയ്തുവെന്ന റിപ്പോർട്ട് എഐസിസി തള്ളി. ഒന്നിച്ചുനിൽക്കാനാണ് ധാരണയെന്നും ലയനം ഇപ്പോൾ ചർച്ചയിൽ ഇല്ലെന്നും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രതികരിച്ചു.
തൃണമൂൽ കോൺഗ്രസിൽ കടുത്ത പ്രതിസന്ധി തുടരുന്നതിനിടെ മമത ബാനർജി ദില്ലിയിൽ നടത്തുന്ന നീക്കങ്ങളാണ് അഭ്യൂഹങ്ങൾക്ക് ഇടയാക്കുന്നത്.കഴിഞ്ഞ ദിവസം മമത ബാനർജി സോണിയ ഗാന്ധിയെ കണ്ടതിന് പിന്നാലെ ആണ് അഭിഷേക് ബാനർജി സോണിയ ഗാന്ധി രാഹുൽ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയത്. ഇരു പാർട്ടികളും ലയിക്കുമെന്നും മമതയ്ക്ക് ഉപാധ്യക്ഷ സ്ഥാനവും അഭിഷേക് ബാനർജിക്ക് ജനറൽ സെക്രട്ടറി സ്ഥാനവും വാഗ്ദാനം ചെയ്തുവെന്നാണ് റിപ്പോർട്ട്. രാജ്യസഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം മമത ആവശ്യപ്പെട്ടുവെന്നും റിപ്പോർട്ടുണ്ട്.
അതിനിടെ, തൃണമൂൽ കോൺഗ്രസ് രാജ്യസഭ എംപിയായ സുഷ്മിത ദേവ് എംപി സ്ഥാനം രാജിവെച്ചത് പാർട്ടിക്ക് അടുത്ത പ്രഹരമായി. രാജ്യസഭ എംപി സ്ഥാനം രാജിവെക്കുന്ന രണ്ടാമത്തെ തൃണമൂൽ കോൺഗ്രസ് എംപിയാണ് സുഷ്മിത ദേവ്. ഇക്കഴിഞ്ഞ ദിവസം സുഖേന്ദു ശേഖർ റോയ് പാർലമെൻ്റിൻ്റെ ഉപരിസഭയിൽനിന്ന് രാജിവെച്ചിരുന്നു. തൃണമൂൽ കോൺഗ്രസിൻ്റെ 20 ഓളം ലോക്സഭാ എംപിമാർ എൻഡിഎയുടെ ഭാഗമാകാൻ താൽപര്യമറിയിച്ചതായി വിമത എംപി കാകോലി ഘോഷ് ദസ്തിദാർ കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam