വിദ്യാഭ്യാസ മന്ത്രിയായി പ്രൾഹാദ് ജോഷി ചുമതലയേറ്റു. പ്രധാനമന്ത്രി അർപ്പിച്ച വിശ്വാസത്തിന് നന്ദി പറഞ്ഞ അദ്ദേഹം, വലിയ വകുപ്പാണെന്നും ഏറെ പഠിക്കാനുണ്ടെന്നും പ്രതികരിച്ചു. നീറ്റ് ക്രമക്കേടുകളെ തുടർന്നുള്ള പ്രധാന്റെ രാജിക്ക് പിന്നാലെയാണ് ജോഷിയുടെ നിയമനം
ദില്ലി: വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ചുമതലയേറ്റെടുത്തതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് പ്രൾഹാദ് ജോഷി. വളരെ വലിയൊരു വകുപ്പാണ് തനിക്ക് നൽകിയിരിക്കുന്നതെന്നും ഏറെ പഠിക്കാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രാലയത്തിന്റെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ചും നയങ്ങളെക്കുറിച്ചും മുതിർന്ന ഉദ്യോഗസ്ഥരുമായി വിശദമായി ചർച്ച ചെയ്തുവരികയാണെന്നും പുതിയ വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. ഇത്രയും സുപ്രധാനമായൊരു മന്ത്രാലയത്തിന്റെ ചുമതല തന്നെയേൽപ്പിച്ച പ്രധാനമന്ത്രിയോട് കടപ്പാട് നന്ദി അറിയിക്കുന്നതായും അദ്ദേഹം വിവരിച്ചു. നീറ്റ് ക്രമക്കേടുകൾക്കെതിരായ വിദ്യാർഥി യുവജന പ്രക്ഷോഭങ്ങൾക്കൊടുവിൽ ഇന്നലെ ഉച്ചയോടെയാണ് ധർമ്മേന്ദ്ര പ്രധാൻ രാജിവച്ചത്. രാത്രി തന്നെ പ്രൾഹാദ് ജോഷിയെ പുതിയ വിദ്യാഭ്യാസ മന്ത്രിയായി നിയമിച്ചുകൊണ്ട് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയിരുന്നു. വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ അധിക ചുമതലയാണ് കര്‍ണ്ണാടകയില്‍ നിന്നുള്ള മന്ത്രിക്ക് നല്‍കിയത്.
നന്ദി പറഞ്ഞ് അഭിജീത് ദീപ്കേ
അതേസമയം സമര വിജയത്തിന് പിന്നാലെ ആശുപത്രിയിൽ ചികിത്സ തേടിയ അഭിജീത് ദീപ്കേ, ഇന്ന് രോഗക്കിടക്കയിൽ നിന്ന് എല്ലാവർക്കും നന്ദിപറഞ്ഞ് രംഗത്തെത്തി. സമരം വിജയിപ്പിച്ച ഓരോരുത്തർക്കും നന്ദിയെന്നും വിമർശിച്ച് നേർവഴി നടത്താൻ ശ്രമിച്ചവർക്കും നന്ദിയെന്നും അഭിജീത് പറഞ്ഞു. സി ജെ പി മുന്നോട്ട് വച്ച വാഗ്ദാനങ്ങൾ പൂർണ്ണ തോതിൽ നടപ്പാക്കാൻ ഒപ്പമുണ്ടാകുമെന്നും ദീപ്കെ വ്യക്തമാക്കി. ഇതൊരു തുടക്കം മാത്രമാണെന്നും ഇനിയും ഏറെ ദൂരം പോകാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ടൈഫോയ്ഡ് ബാധിതനായ അഭിജിത്, ആശുപത്രിക്കിടക്കയില്‍ നിന്നാണ് കഴിഞ്ഞ ദിവസം സമരവേദിയില്‍ എത്തിയത്.
