Latest Videos

കൊവിഡിൽ കർശന നടപടി, പിഎഫ്ഐ പൂട്ട്, ആന്‍റണിക്ക് കൂട്ട് കൂടുന്നു, കുഞ്ഞാലിക്കുട്ടി പെട്ടോ? പഠാന് പണി! 10 വാർത്ത

By Web TeamFirst Published Dec 29, 2022, 6:44 PM IST
Highlights

പിഎഫ്ഐ റെയിഡും കുഞ്ഞാലിക്കുട്ടി പി ജയരാജനെ രക്ഷിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ കൂടുതൽ പ്രതികരണങ്ങളും കേരളം ഇന്ന് കണ്ടു.

ദില്ലി: കൊവിഡ് ആശങ്കയിൽ കേന്ദ്ര സർക്കാർ കർശന നടപടികളിലേക്ക് കടന്നതാണ് ഇന്നത്തെ പ്രധാനവാർത്തകളിലൊന്ന്. ചൈനയടക്കം 6 വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍ ഇന്ന് ഉത്തരവിറക്കിയിട്ടുണ്ട്. മോദിയെ താഴെയിറക്കാൻ ഭൂരിപക്ഷസമുദായത്തെയും ഒപ്പം നിർത്തണമെന്ന എ കെ ആന്‍റണിയുടെ പ്രസ്താവനക്ക് കൂടുതൽ പിന്തുണയുമായി നേതാക്കൾ രംഗത്തെത്തിയതാണ് ഇന്നത്തെ മറ്റൊരു പ്രധാന കാഴ്ച. പിഎഫ്ഐ റെയിഡും കുഞ്ഞാലിക്കുട്ടി പി ജയരാജനെ രക്ഷിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ കൂടുതൽ പ്രതികരണങ്ങളും കേരളം ഇന്ന് കണ്ടു. പഠാന്‍ സിനിമയില്‍ ചില മാറ്റങ്ങള്‍ വേണമെന്ന് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടതാണ് മറ്റൊരു പ്രധാനസംഭവം. രഞ്ജി ട്രോഫിയിൽ ഛത്തീസ്ഗഢിനെതിരെ കേരളം ജയത്തിനരികിലാണ് എന്നതാണ് കായിക ലോകത്ത് നിന്നുള്ള വാർത്ത. സന്തോഷ് ട്രോഫിയിൽ കേരളത്തിന് ഹാപ്പി ന്യൂസുമുണ്ട്. ഇതടക്കം ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ ഒറ്റനോട്ടത്തിൽ ചുവടെ അറിയാം.

ചൈനയടക്കം 6 രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് കൊവിഡ് പരിശോധന നിര്‍ബന്ധം, കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി

ചൈനയടക്കം 6 വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍ ഇന്ന് ഉത്തരവിറക്കി. ചൈന, ഹോങ്കോംഗ്, സിംഗപ്പൂര്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, തായ്ലന്‍റ്  എന്നിവടങ്ങളില്‍ നിന്ന് വരുന്നവര്‍ ആ ര്‍ടി പി സി ആര്‍ പരിശോധനഫലം എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം. ജനുവരി 1 മുതല്‍ ഇത് കര്‍ശനമായി നടപ്പിലാക്കുമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. ജനുവരി പകുതിയോടെ രാജ്യത്തെ കൊവിഡ് കേസുകളിൽ വർധനയുണ്ടാകുമെന്നും ജാഗ്രത കൂട്ടണമെന്നുമാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. നിലവിൽ കൊവിഡ് സ്ഥിരീകരിച്ച അന്താരാഷ്ട്ര യാത്രക്കാരിൽ ഭൂരിഭാഗം പേർക്കും നേരിയ ലക്ഷണങ്ങൾ മാത്രമാണുള്ളത്. അതിനാൽ കൊവിഡ് കേസുകൾ കൂടിയാലും ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം കുറവായിരിക്കുമെന്നാണ് പ്രതീക്ഷ.

2 'മോദിയെ താഴെയിറക്കാൻ ഭൂരിപക്ഷസമുദായത്തെയും ഒപ്പം നിർത്തണം'; ആൻറണിയെ പിന്തുണച്ച് കോൺഗ്രസ് നേതാക്കൾ

നരേന്ദ്ര മോദിയെ ഭരണത്തിൽ നിന്നും താഴെയിറക്കാൻ ന്യൂനപക്ഷങ്ങൾ മാത്രം പോരാ ഭൂരിപക്ഷസമുദായത്തെയും ഒപ്പം നിർത്തണമെന്ന മുതിര്‍ന്ന നേതാവ് എ കെ ആൻറണിയുടെ പ്രസ്താവനയെ പിന്തുണച്ച് ഇന്ന് കൂടുതൽ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. എല്ലാ ഹിന്ദുക്കളും ബിജെപിയാണെന്ന് പറയുകയല്ല നമ്മുടെ പണിയെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ പറഞ്ഞു. ഭൂരിപക്ഷ വിഭാഗത്തിനായുള്ള ആൻറണിയുടെ രാഷ്ട്രീയം കേന്ദ്രത്തിലും കേരളത്തിലും ഭരണത്തിലേക്കെത്താനുള്ള അടവുനയമായാണ് വിലയിരുത്തപ്പെടുന്നത്. ലീഗിനെ നോവിക്കാതെയും സിപിഎമ്മിനെയും ബിജെപിയെയും കടന്നാക്രമിച്ചുമാണ് കോൺഗ്രസ് നേതാക്കൾ ആന്റണിയുടെ പ്രസ്താവന ഏറ്റെടുത്തത്. കേരളത്തിൽ ഇടത്-വലത് പോരിൽ യുഡിഎഫിന്റെ വോട്ടുകളിൽ കഴിഞ്ഞ കുറെ തെരഞ്ഞെടുപ്പുകളിൽ ഉണ്ടായ ചോർച്ചയും അത് ബിജെപിക്ക് നേട്ടമാകുന്നതിന്‍റെയും കണക്കുകളാണ് ആൻറണിയുടെ പ്രസ്താവനയുടെ ആധാരം. ഹിന്ദു കേഡർ വോട്ട് ഉറപ്പിക്കുന്നതിനൊപ്പം പിണറായിയുടെ സാമുദായിക എഞ്ചിനീയറിംഗ് വഴി ന്യൂനപക്ഷ വോട്ടുകൾ കൂടി കിട്ടുന്നതാണ് സിപിഎമ്മിനുള്ള മേൽക്കൈക്കുള്ള കാരണമായി കോൺഗ്രസ് കരുതുന്നത്.

3 പിഎഫ്ഐ റെയ്ഡ്; പരിശോധന നടന്നത് 56 ഇടത്ത്, വിതുരയിൽ സംസ്ഥാന നേതാവും സഹോദരനും ജീവനക്കാരനും കസ്റ്റഡിയിൽ

പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട് എൻ ഐ എ നടത്തിയ സംസ്ഥാന വ്യാപക റെയിഡ് വാർത്ത കേട്ടാണ് ഏവരും ഉണർന്നത്. സംസ്ഥാന വ്യാപകമായി 56 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. റെയ്ഡിനെ തുടർന്ന് തിരുവനന്തപുരത്ത് മൂന്ന് പേരെ എൻഐഎ കസ്റ്റഡിയിലെടുത്തു. പിഎഫ്ഐ മുൻ സംസ്ഥാന കമ്മിറ്റിയംഗം വിതുര തൊളിക്കോട് സ്വദേശി സുൽഫി, ഇയാളുടെ സഹോദരൻ സുധീർ, സുധീരിന്റെ കാറ്ററിംഗ് സ്ഥാപനത്തിലെ ജീവനക്കാരൻ സലീം എന്നിവരാണ് കസ്റ്റഡിയിലുള്ളത്. 56 ഇടങ്ങളിലായി നടന്ന പരിശോധനയിൽ ആയുധങ്ങളും ഡിജിറ്റൽ തെളിവുകളും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ടെന്ന് എൻ ഐ എ പറയുന്നു. സെപ്റ്റംബറിൽ ദേശീയ അന്വേഷണ ഏജൻസി സ്വമേധയാ രജിസ്റ്റർ ചെയ്ത കേസുകളിലാണ് നടപടി. പോപുലർ ഫ്രണ്ടിന്‍റെ 7 എക്സിക്യുട്ടീവ് കമ്മറ്റി അംഗങ്ങൾ, 7 മേഖലാ തലവന്മാർ എന്നിവരുടെ വീടുകളിലും റെയ്ഡ് നടത്തിയെന്ന് എൻഐഎ വാർത്താക്കുറിപ്പിൽ അറിയിച്ചു.

4 'ഷുക്കൂർ വധക്കേസില്‍ പി ജയരാജനെ രക്ഷിക്കാന്‍ ഇടപെട്ടിട്ടില്ല'; ആരോപണം വാസ്തവവിരുദ്ധമെന്ന് കുഞ്ഞാലിക്കുട്ടി

അരിയില്‍ ഷുക്കൂര്‍ വധക്കേസിലെ പ്രതി പി ജയരാജനെ രക്ഷിക്കാനായി ദുര്‍ബല വകുപ്പുകള്‍ ചുമത്താന്‍ ഇടപെട്ടെന്ന ആക്ഷേപം തള്ളി മുസ്ലിം ലീഗ് നേതാവ് പി കെ. കുഞ്ഞാലിക്കുട്ടി രംഗത്തത്തിയതാണ് ഇന്നത്തെ മറ്റൊരു പ്രധാന സംഭവം. കണ്ണൂരിലെ അഭിഭാഷകന്‍റെ ആരോപണം വിചിത്രമാണെന്നും ആരോപണത്തിന് പിന്നില്‍ മറ്റ് ഉദ്ദേശ്യങ്ങളുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അഭിഭാഷകനെ കൊണ്ട് ഇതെല്ലാം മറ്റാരോ പറയിപ്പിച്ചതാണെന്നും ചില പേരുകളും ഊഹാപോങ്ങളും അന്തരീക്ഷത്തിലുണ്ടെന്നും കുഞ്ഞാലിക്കുട്ടി വിവരിച്ചു. പാര്‍ട്ടി ഇക്കാര്യം ചര്‍ച്ച ചെയ്തെന്നും കെപിസിസി പ്രസിഡന്‍റിനെ ഇതിലേക്ക് വലിച്ചിഴക്കേണ്ടതില്ലെന്നും  യുഡിഎഫില്‍ ഇത് ഉന്നയിക്കേണ്ട സാഹചര്യവുമില്ലെന്നും അദ്ദേഹം വിശദീകരിച്ചു. കേസ് വിടുന്ന പ്രശനമില്ലെന്നും നിയമപരമായി ഈ ആരോപണത്തെ നേരിടുമെന്നും ഇതിനു പിന്നിലെ ഗൂഡാലോചന പുറത്തുവരുമെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.

5 'ആരുടേയും കോളാമ്പിയല്ല, പി ജയരാജനെ രക്ഷിക്കാന്‍ കുഞ്ഞാലിക്കുട്ടി ശ്രമിച്ചെന്ന ആരോപണം ആരുടേയും പ്രേരണയിലല്ല': ഹരീന്ദ്രൻ

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജനെതിരെ ദുര്‍ബല വകുപ്പുകള്‍ ചുമത്താന്‍ അന്വേഷണ ഉദ്യോഗസ്ഥനോട് പി കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടെന്ന ആരോപണത്തിലുറച്ച് അഭിഭാഷകന്‍ ടി പി ഹരീന്ദ്രനും ഇന്ന് രംഗത്തെത്തി. രാഷ്ട്രീയത്തിലെ കൊടുക്കല്‍ വാങ്ങലുകളുടെ ഭാഗമായിരുന്നു ഇടപെടലെന്ന് കരുതുന്നു. ആരുടേയും കോളാമ്പിയല്ല. ആരുടേയും പ്രേരണയിലല്ല ആരോപണം ഉന്നയിച്ചത്. മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ് പി സുകുമാരന്‍ ആരോപണം നിഷേധിച്ചത് അദ്ദേഹത്തിന്‍റെ പരിമിതി മൂലമാണ്. കുഞ്ഞാലിക്കുട്ടി രാഷ്ട്രീയ ധാര്‍മികത കാണിച്ചില്ല. സിബിഐ കേസ് ഏറ്റെടുത്ത ശേഷമാണ് ശക്തമായ വകുപ്പുകള്‍ ചേര്‍ത്തത്. കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണം ഉന്നയിച്ച് ഫേസ്ബുക്ക് കുറിപ്പിട്ടതിനുശേഷം കെ സുധാകരന്‍ വിളിച്ചു. അങ്ങിനെ പറയേണ്ടിയിരുന്നില്ല എന്ന് പറഞ്ഞു. എന്നാല്‍ നിലപാടില്‍ മാറ്റമില്ലെന്നും ഹരീന്ദ്രന്‍ വ്യക്തമാക്കി.

6 വടകരയിലെ വ്യാപാരിയുടെ കൊലപാതകം: പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ഫോട്ടോ പൊലീസ് പുറത്ത് വിട്ടു

വടകരയിലെ വ്യാപാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം പ്രതിയെന്ന് സംശയിക്കുന്നയാളുടെ പിന്നാലെയാണ്. കൊലപാതകം നടന്ന് നാല് ദിവസമായിട്ടും ഇതുവരെയും പ്രതിയിലേക്കെത്താനായിട്ടില്ല. ഇതിനിടയിൽ ഇന്ന് പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ഫോട്ടോ പൊലീസ് പുറത്ത് വിട്ടു. സമീപത്തെ കടകളിലുള്ള സിസിടിവി ക്യാമറയിൽ പതി‌ഞ്ഞ ദൃശ്യങ്ങളാണ് പൊലീസ് പുറത്ത് വിട്ടത്. പ്രതിക്കായുള്ള അന്വേഷണം തുടരുന്നതായി റൂറൽ എസ്പി ആർ കറുപ്പസ്വാമി അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് വടകരയിലെ വ്യാപാരിയായ അടക്കാത്തെരു സ്വദേശി രാജനെ മാർക്കറ്റ് റോഡിലെ കടമുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാജനെ അടുത്തറിയാവുന്നയാളാണ് കൊലപാതകത്തിന് പിന്നിലെന്ന നിഗമനത്തിലാണ് പൊലീസ്.

7 ഭീമൻ പാപ്പാഞ്ഞിക്ക് മോദിയുടെ ഛായയെന്ന് ആരോപണം, കത്തിക്കാൻ അനുവദിക്കില്ലെന്ന് ബിജെപി പ്രവർത്തകർ, പ്രതിഷേധം

പുതുവത്സരാഘോഷത്തിനായി എറണാകുളം ഫോർട്ട് കൊച്ചിയിൽ ഒരുങ്ങുന്ന ഭീമൻ പാപ്പാഞ്ഞിയുടെ മുഖച്ഛായയെച്ചൊല്ലിയുള്ള തർക്കമാണ് ഇന്നത്തെ മറ്റൊരു സംഭവം. പാപ്പാഞ്ഞിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖമാണെന്ന് ആരോപിച്ച് പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി. അറുപത് അടി നീളമുള്ള ഭീമൻ പാപ്പാഞ്ഞിയുടെ നിർമ്മാണം ഫോർട്ട് കൊച്ചി ഗ്രൗണ്ടിൽ പുരോഗമിക്കുന്നതിനിടെയാണ് പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ രംഗത്തെത്തിയത്. പാപ്പാഞ്ഞിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖച്ചായയുണ്ടെന്ന് ആരോപിച്ച പ്രവർത്തകർ നി‍ർമ്മാണം തടഞ്ഞു. ഈ രൂപത്തിൽ പാപ്പാഞ്ഞിയെ പുതുവത്സരാഘോഷത്തിന് കത്തിക്കാനാവില്ലെന്നും പ്രവർത്തകർ നിലപാടെടുത്തു. എന്നാൽ തെറ്റിദ്ധാരണ വേണ്ടെന്നും  ആർക്കും പരാതിയില്ലാത്ത പാപ്പാഞ്ഞിയെ ഒരുക്കുമെന്നും കാർണിവൽ കമ്മിറ്റി വ്യക്തമാക്കി.

8 രാഹുൽ ഗാന്ധി 113 തവണ മാർഗ നിർദ്ദേശങ്ങൾ ലംഘിച്ചു, സുരക്ഷാ വീഴ്ചയിൽ സിആർപിഎഫ് വിശദീകരണം

ഭാരത് ജോഡോ യാത്രയുടെ ദില്ലി പര്യടനത്തില്‍ സുരക്ഷ വീഴ്ചയുണ്ടായെന്ന കോണ്‍ഗ്രസിന്‍റെ ആരോപണത്തിന് മറുപടിയുമായി സിആര്‍പിഎഫ് രംഗത്തെത്തിയതാണ് ഇന്നത്തെ മറ്റൊരു സംഭവം. പഴുതടച്ചുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചത് രാഹുല്‍ ഗാന്ധിയാണ്. ആള്‍ക്കൂട്ടം വെല്ലുവിളിയാകുന്ന സാഹചര്യം രാഹുലിനെ അറിയിച്ചെങ്കിലും അവഗണിച്ച് നീങ്ങുകയായിരുന്നു. 2020 മുതല്‍ 113 തവണ രാഹുല്‍ സുരക്ഷ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചിട്ടുണ്ടെന്നും സിആര്‍പിഎഫ് വിശദീകരിച്ചു. രാഹുല്‍ഗാന്ധിയുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അമിത് ഷായ്ക്ക് കത്ത് നല്‍കിയ പശ്ചാത്തലത്തില്‍ കൂടിയാണ് സിആര്‍പിഎഫിന്‍റെ വിശദീകരണം.

9 അന്യസംസ്ഥാനങ്ങളിൽ കുടിയേറിയവർക്ക് വോട്ട് ചെയ്യാൻ സംവിധാനം? നടപടികൾക്ക് തുടക്കമിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ

സ്വന്തം നാട് വിട്ട് മറ്റു സംസ്ഥാനങ്ങളിലേക്ക് കുടയേറിയവർക്ക് വോട്ട് ചെയ്യാൻ സംവിധാനമൊരുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടികൾ തുടങ്ങി എന്നതാണ് ഇന്നത്തെ മറ്റൊരു പ്രധാന വാർത്ത. താമസിക്കുന്ന ഇടങ്ങളിൽ തന്നെ വോട്ട് ചെയ്യാൻ റിമോട്ട് വോട്ടിംഗ് മെഷീനുകൾ പരീക്ഷിക്കാനാണ് ആലോചന. ഇക്കാര്യം ചർച്ച ചെയ്യാൻ അടുത്ത മാസം 16ന് രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിച്ചു. 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് ശതമാനം 67.4 ആയിരുന്നു. 130 കോടിയിലധികം ജനങ്ങളുള്ള രാജ്യത്ത് മുപ്പത് കോടിയിലധികം പേരും തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളികളാകാത്തതിന് പ്രധാന കാരണങ്ങളിലൊന്ന് കുടിയേറ്റമാണെന്ന തിരിച്ചറിവിൽ നിന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. മറ്റ് സംസ്ഥാനങ്ങളിലേക്ക് കുടിയേറിയവർക്ക് സ്വന്തം സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി മൾട്ടി കോൺസ്റ്റിറ്റ്യുവൻസി പ്രോട്ടോടൈപ്പ് റിമോട്ട് ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ അഥവാ ആർവിഎം ആണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോൾ വികസിപ്പിച്ചിരിക്കുന്നത്. ഒരേസമയം 72 മണ്ഡലങ്ങളിലെ വരെ വോട്ടുകൾ ഒറ്റ മെഷീനിൽ രേഖപ്പെടുത്താനാകും. ആർവിഎം തെരഞ്ഞെടുപ്പുകളിൽ ഉപയോഗപ്പെടുത്തുന്നതിന് മുന്നോടിയായി പൈലറ്റ് പദ്ധതി പരീക്ഷിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

10 രഞ്ജിയിൽ കേരളം വിജയതീരത്ത്, ഛത്തീസ്ഗഢിനെതിരെ കുഞ്ഞന്‍ വിജയലക്ഷ്യം, സന്തോഷ് ട്രോഫിയിൽ ഹാപ്പി ന്യൂസ്

രഞ്ജി ട്രോഫിയില്‍ കേരളം - ഛത്തീസ്ഗഢ് മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്. തുമ്പ, സെന്റ് സേവ്യേഴ്‌സ് ഗ്രൗണ്ടില്‍ ഒരുദിനം മാത്രം ശേഷിക്കെ 126 റണ്‍സാണ് കേരളത്തിന് ജയിക്കാന്‍ വേണ്ടത്. മൂന്നാംദിനം ഛത്തീസ്ഗഢ് 287ന് എല്ലാവരും പുറത്തായി. 152 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഹര്‍പ്രീത് സിംഗ് ഭാട്ടിയയാണ് സന്ദര്‍ശകര്‍ക്ക് ലീഡ് സമ്മാനിച്ചത്. ജലജ് സക്‌സേന ആറ് വിക്കറ്റെടുത്തു. ഒന്നാം ഇന്നിംഗിസില്‍ 162 റണ്‍സിന്റെ ലീഡാണ് കേരളത്തിനുണ്ടായിരുന്നത്. ഛത്തീസ്ഗഢിന്റെ 149നെതിരെ കേരളം 311ന് പുറത്താവുകയായിരുന്നു. അതിനിടയിൽ സന്തോഷ് ട്രോഫിയിൽ കേരളത്തിന് മറ്റൊരു ഹാപ്പി ന്യൂസുണ്ട്. ഇന്ന് നടന്ന മത്സരത്തിൽ ബീഹാറിനെ (4- 1) ന് തോൽപ്പിച്ചു. കേരളത്തിന്‍റെ രണ്ടാം ജയമാണിത്.

click me!