Asianet News MalayalamAsianet News Malayalam

അന്യസംസ്ഥാനങ്ങളിൽ കുടിയേറിയവർക്ക് വോട്ട് ചെയ്യാൻ സംവിധാനം? നടപടികൾക്ക് തുടക്കമിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ

2019 ലെ ലോകസഭാ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് ശതമാനം 67.4 ആയിരുന്നു.  130 കോടിയിലധികം ജനങ്ങളുള്ള രാജ്യത്ത് മുപ്പത് കോടിയിലധികം പേരും തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളികളാകാത്തതിന് പ്രധാന കാരണങ്ങളിലൊന്ന് കുടിയേറ്റമാണെന്ന തിരിച്ചറിവിൽ നിന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി

Election Commission develops prototype of remote voting machine for domestic migrant voters
Author
First Published Dec 29, 2022, 1:30 PM IST

ദില്ലി: സ്വന്തം നാട് വിട്ട് മറ്റു സംസ്ഥാനങ്ങളിലേക്ക് കുടയേറിയവർക്ക് വോട്ട് ചെയ്യാൻ സംവിധാനമൊരുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടികൾ തുടങ്ങി. താമസിക്കുന്ന ഇടങ്ങളിൽ തന്നെ വോട്ട് ചെയ്യാൻ റിമോട്ട് വോട്ടിംഗ് മെഷീനുകൾ പരീക്ഷിക്കാനാണ് ആലോചന. ഇക്കാര്യം ചർച്ച ചെയ്യാൻ അടുത്ത മാസം 16ന് രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിച്ചു.

2019 ലെ ലോകസഭാ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് ശതമാനം 67.4 ആയിരുന്നു.  130 കോടിയിലധികം ജനങ്ങളുള്ള രാജ്യത്ത് മുപ്പത് കോടിയിലധികം പേരും തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളികളാകാത്തതിന് പ്രധാന കാരണങ്ങളിലൊന്ന് കുടിയേറ്റമാണെന്ന തിരിച്ചറിവിൽ നിന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. മറ്റ് സംസ്ഥാനങ്ങളിലേക്ക് കുടിയേറിയവർക്ക് സ്വന്തം സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി മൾട്ടി കോൺസ്റ്റിറ്റ്യുവൻസി പ്രോട്ടോടൈപ്പ് റിമോട്ട് ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ അഥവാ ആർവിഎം ആണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോൾ വികസിപ്പിച്ചിരിക്കുന്നത്. ഒരേസമയം 72 മണ്ഡലങ്ങളിലെ വരെ വോട്ടുകൾ ഒറ്റ മെഷീനിൽ രേഖപ്പെടുത്താനാകും. 

ആർവിഎം തെരഞ്ഞെടുപ്പുകളിൽ ഉപയോഗപ്പെടുത്തുന്നതിന് മുന്നോടിയായി പൈലറ്റ് പദ്ധതി പരീക്ഷിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. അതേസമയം ഈ സംവിധാനം ഒരുക്കുന്നതിന് വെല്ലുവിളികളേറെയാണ്. ഇക്കാര്യമാണ് ജനുവരി 16ന് രാഷ്ട്രീയ പാർട്ടികളുമായി തെര‍ഞ്ഞെടുപ്പ് കമ്മീഷൻ ചർച്ച ചെയ്യുക. പദ്ധതിയുടെ വിശദാംശങ്ങളടങ്ങിയ കുറിപ്പ് ഇതിനോടകം പാർട്ടികൾക്ക് നൽകിയിട്ടുണ്ട്. ശനിയാഴ്ചയ്ക്കകം രേഖാമൂലം പാർട്ടികൾ ഇതിന് മറുപടി നല്കണം. 

ആഭ്യന്തര കുടിയേറ്റക്കാരുടെ നിർവചനം, പെരുമാറ്റച്ചട്ടം നടപ്പാക്കുക, വോട്ടിംഗിൽ സ്വകാര്യത ഉറപ്പാക്കുക, വോട്ടർമാരെ തിരിച്ചറിയുക, വോട്ടെണ്ണൽ മുതലായ വെല്ലുവിളികൾ മറികടക്കുന്നതിനാണ് രാഷ്ട്രീയ പാർട്ടികളുടെ നിർദേശങ്ങൾ സ്വീകരിക്കുന്നത്. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലേക്ക് കുടിയേറിയവരുടെ കേന്ദ്രീകൃത വിവരങ്ങൾ ലഭ്യമല്ല എന്നതും പ്രധാന വെല്ലുവിളിയാണ്. എല്ലാവരുടെയും നിർേദശങ്ങൾ സ്വീകരിച്ച ശേഷം റിമോട്ട് വോട്ടിംഗ് നടപ്പാക്കുന്നതിലേക്ക് കടക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു. 

Follow Us:
Download App:
  • android
  • ios