ഹിന്ദു കേഡർ വോട്ട് ഉറപ്പിക്കുന്നതിനൊപ്പം പിണറായിയുടെ സാമുദായിക എഞ്ചിനീയറിംഗ് വഴി ന്യൂനപക്ഷ വോട്ടുകൾ കൂടി കിട്ടുന്നതാണ് സിപിഎമ്മിനുള്ള മേൽക്കൈക്കുള്ള കാരണമായി കോൺഗ്രസ് കരുതുന്നത്. 

തിരുവനന്തപുരം : നരേന്ദ്ര മോദിയെ ഭരണത്തിൽ നിന്നും താഴെയിറക്കാൻ ന്യൂനപക്ഷങ്ങൾ മാത്രം പോരാ ഭൂരിപക്ഷസമുദായത്തെയും ഒപ്പം നിർത്തണമെന്ന മുതിര്‍ന്ന നേതാവ് എ കെ ആൻറണിയുടെ പ്രസ്താവനയെ പിന്തുണച്ച് കോൺഗ്രസ് നേതാക്കൾ. എല്ലാ ഹിന്ദുക്കളും ബിജെപിയാണെന്ന് പറയുകയല്ല നമ്മുടെ പണിയെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ പറഞ്ഞു. 

ഭൂരിപക്ഷ വിഭാഗത്തിനായുള്ള ആൻറണിയുടെ രാഷ്ട്രീയം കേന്ദ്രത്തിലും കേരളത്തിലും ഭരണത്തിലേക്കെത്താനുള്ള അടവുനയമായാണ് വിലയിരുത്തപ്പെടുന്നത്. ലീഗിനെ നോവിക്കാതെയും സിപിഎമ്മിനെയും ബിജെപിയെയും കടന്നാക്രമിച്ചുമാണ് കോൺഗ്രസ് നേതാക്കൾ ആന്റണിയുടെ പ്രസ്താവന ഏറ്റെടുത്തത്.

കേരളത്തിൽ ഇടത്-വലത് പോരിൽ യുഡിഎഫിന്റെ വോട്ടുകളിൽ കഴിഞ്ഞ കുറെ തെരഞ്ഞെടുപ്പുകളിൽ ഉണ്ടായ ചോർച്ചയും അത് ബിജെപിക്ക് നേട്ടമാകുന്നതിൻറെയും കണക്കുകളാണ് ആൻറണിയുടെ പ്രസ്താവനയുടെ ആധാരം. ഹിന്ദു കേഡർ വോട്ട് ഉറപ്പിക്കുന്നതിനൊപ്പം പിണറായിയുടെ സാമുദായിക എഞ്ചിനീയറിംഗ് വഴി ന്യൂനപക്ഷ വോട്ടുകൾ കൂടി കിട്ടുന്നതാണ് സിപിഎമ്മിനുള്ള മേൽക്കൈക്കുള്ള കാരണമായി കോൺഗ്രസ് കരുതുന്നത്.

അമ്പലത്തിൽ പോയാൽ മൃദുഹിന്ദുത്വം എന്ന നയം കൊണ്ട് മോദിയെ തോൽപിക്കാനാവില്ല: എ.കെ. ആൻ്റണി

ഭൂരിപക്ഷസമുദായങ്ങളെ കോൺഗ്രസ് ഒപ്പം നിർത്താൻ ശ്രമിക്കുമ്പോൾ ബിജെപി ബി ടീം ആരോപണം സിപിഎം ഉന്നയിക്കുന്നതിൽ വീഴരുതെന്നാണ് ആൻറണിയുടെ മുന്നറിയപ്പെന്നും നേതാക്കൾ വിശദീകരിക്കുന്നു. കോൺഗ്രസ്സിന് മൃദുഹിന്ദുത്വമാണെന്ന ലീഗ് അടക്കമുള്ള ഘടകകക്ഷികളുടെ വിമർശനങ്ങൾക്കു കൂടിയുള്ള മറുപടിയായും ആൻറണിയുടെ പ്രസ്താവനയെ വിലയിരുത്തുന്നുണ്ട്. പക്ഷെ കോൺഗ്രസ് നേതാക്കൾ ഇത് തള്ളുന്നു. 

YouTube video player

ബിജെപി, കോൺഗ്രസ് നിലപാടിനെ വിമർശിച്ച് ഇതിനോടകം രംഗത്തെത്തി. ഭൂരിപക്ഷസമുദായത്തെ എന്നും ദ്രോഹിച്ച കോൺഗ്രസ് നിലപാട് കാപട്യമാണെന്ന് ബിജെപി വിമർശിച്ചു. ലീഗ് വിഷയത്തിൽ പ്രതികരിച്ചില്ല.

'ഭൂരിപക്ഷ സമുദായത്തെ ഒപ്പംനിര്‍ത്തണമെന്ന പ്രസ്താവന കാപട്യം, ആന്‍റണി ന്യൂനപക്ഷവർഗീയതയെ ഉള്ളിൽ താലോലിക്കുന്നു'