പുതിയ തൊഴിൽ നിയമത്തിനെതിരെ പ്രതിഷേധം കത്തിക്കാൻ പ്രതിപക്ഷം, ബുധനാഴ്ച രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം; മാറ്റം വരുത്താനും ചർച്ചക്കും കേന്ദ്രം റെഡി?

Published : Nov 24, 2025, 06:25 AM IST
CITU INTUC

Synopsis

പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിൽ നിയമത്തിലെ വിവാദ വ്യവസ്ഥകളിൽ മാറ്റം വരുത്തുന്നതിനായി കേന്ദ്രം തയാറായേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. യൂണിയനുകളോട് ചർച്ച നടത്താനും നിർദേശങ്ങൾ ആവശ്യപ്പെടാനും കേന്ദ്ര തൊഴിൽ മന്ത്രാലയം തയാറാകുമെന്നാണ് വിവരം

ദില്ലി: രാജ്യത്ത് പുതിയ തൊഴിൽ നിയമം നടപ്പാക്കിക്കൊണ്ട് നാല് ലേബർ കോഡുകൾ പ്രാബല്യത്തിൽ കൊണ്ടുവന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം. 26 തൊഴിൽ നിയമങ്ങൾ പൊളിച്ച് കേന്ദ്ര സർക്കാർ പ്രാബല്യത്തിൽ കൊണ്ടുവന്ന നാല് ലേബർ കോഡുകൾക്കെതിരെ പരസ്യ പ്രതിഷധം ശക്തമാക്കാനാണ് പ്രതിപക്ഷ തൊഴിലാളി സംഘടനകളുടെ തീരുമാനം. വരുന്ന ബുധനാഴ്ച രാജ്യവ്യാപക പ്രതിഷേധത്തിന് സംയുക്ത തൊഴിലാളി യൂണിയനുകൾ ആഹ്വാനം ചെയ്തു. ഐ എൻ ടി യു സി, സി ഐ ടി യു, എ ഐ ടി യു സി എന്നിവയുൾപ്പെടെ പത്ത് തൊഴിലാളി യൂണിയനുകൾ സംയുക്തമായാണ് പ്രസ്താവനയിലൂടെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുള്ളത്. ബിഹാർ തെരഞ്ഞെടുപ്പ് വിജയം നൽകിയ ഭ്രമത്തിൽ ആണ് കേന്ദ്ര സർക്കാർ പുതിയ തൊഴിൽ നിയമങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവന്നതെന്നും, തൊഴിലില്ലായ്മ കാരണം പൊറുതിമുട്ടുന്ന ജനതയെ കൂടുതൽ ദുരിതത്തിൽ ആക്കുന്നതാണ് ഇതെന്നുമാണ് തൊഴിലാളി സംഘടനകളുടെ സംയുക്ത പ്രസ്താവനയിൽ പറയുന്നത്. ചങ്ങാത്ത മുതലാളിത്തത്തിന്‍റെ താത്പര്യം മാത്രം ആണ് കേന്ദ്രം പരിഗണിച്ചത് എന്നും പ്രസ്താവനയിൽ സംഘടനകൾ വിമർശിക്കുന്നു. സംയുക്ത കിസാൻ മോർച്ചയും പ്രതിഷേധത്തിൽ യൂണിയനുകൾക്കൊപ്പമുണ്ട്. എന്നാൽ ബി എം എസ് പുതിയ തൊഴിൽ നിയമത്തെ സ്വാ​ഗതം ചെയ്തിട്ടുണ്ട്.

കടുത്ത വിമർശനവുമായി സിപിഎം പിബി

പുതിയ ലേബർ കോഡുകൾ പ്രാബല്യത്തിലാക്കിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ കർഷക സംഘടനകളും തീരുമാനിച്ചിട്ടുണ്ട്. 26 ന് സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത രാജ്യവ്യാപക പ്രക്ഷോഭത്തിൽ സംയുക്ത കിസാൻ മോർച്ചയും പങ്കെടുക്കും. വിവിധ സംസ്ഥാനങ്ങളിൽ ജില്ലാ അടിസ്ഥാനത്തിലും, ദില്ലിയിൽ ജന്തർ മന്തറിലും നോയിഡയിലും പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കർഷക നേതാക്കൾ അറിയിച്ചു. നാല് ലേബർ കോഡുകളും പിൻവലിക്കണമെന്ന് സി പി എം പൊളിറ്റ് ബ്യൂറോയും ആവശ്യപ്പെട്ടു. ജം​ഗിൾ രാജ് സ്ഥാപിക്കാനും, തൊഴിലാളികളുടെ അവശേഷിക്കുന്ന അവകാശങ്ങളുടെ മേലും ബുൾഡോസർ കയറ്റുന്ന നടപടിയാണിതെന്നും പി ബി പ്രസ്താവനയിൽ വിമർശിച്ചു.

മാറ്റം വരുത്താനും ചർച്ചക്കും കേന്ദ്രം റെഡി?

അതിനിടെ പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിൽ നിയമത്തിലെ വിവാദ വ്യവസ്ഥകളിൽ മാറ്റം വരുത്തുന്നതിനായി കേന്ദ്രം തയാറായേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. എതിർപ്പുന്നയിച്ച യൂണിയനുകളോട് ചർച്ച നടത്താനും നിർദേശങ്ങൾ ആവശ്യപ്പെടാനും കേന്ദ്ര തൊഴിൽ മന്ത്രാലയം തയാറാകുമെന്നാണ് വിവരം. ആകെ തൊഴിലാളികളുടെ പത്ത് ശതമാനമോ 100 ജീവനക്കാരോ ഉണ്ടെങ്കിൽ മാത്രമേ ട്രേഡ് യൂണിയന് പ്രവർത്തനം അനുവദിക്കൂ എന്നതടക്കമുള്ള കർശന നിയന്ത്രണങ്ങളാണ് തൊഴിലാളി യൂണിയനുകളുടെ കനത്ത പ്രതിഷേധത്തിന് കാരണം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'പ്രിയം മലയാളം'! വിടാതെ മോദി, ഒപ്പം കൂടി കേന്ദ്രമന്ത്രിമാരും നേതാക്കളും, തിരുവനന്തപുരം വിജയത്തിൽ അത്രമേൽ ആഹ്ളാദം; ദേശീയ തലത്തിൽ വമ്പൻ പ്രചരണം
രണ്ടര ലക്ഷം രൂപ വിലയുള്ള വളർത്തുതത്തയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സ്റ്റീൽ പൈപ്പ് ഹൈ വോൾട്ടേജ് ലൈനിൽ തട്ടി, യുവാവിന് ദാരുണാന്ത്യം