
അഗർത്തല: ത്രിപുരയിൽ ബി ജെ പി സർക്കാരിനെ പുറത്താക്കാൻ ഒന്നിച്ച് നീങ്ങാനുള്ള തീരുമാനത്തിലേക്ക് സി പി എമ്മും കോൺഗ്രസും ഏറെ കുറെ ധാരണയിലെത്തി. ഇതിന്‍റെ ആദ്യ പടിയായി സംയുക്ത റാലി നടത്താൻ സി പി എമ്മും കോൺഗ്രസും തമ്മിൽ ധാരണയിലെത്തി. റാലിയിൽ പാർട്ടി പതാകകൾ ഒഴിവാക്കിയാകും കോൺഗ്രസ് - സി പി എം പ്രവർത്തകർ അണിനിരക്കുക. പാർട്ടി പതാകയ്ക്ക് പകരം ദേശീയ പതാകയാകും കോൺഗ്രസ് - സി പി എം പ്രവർത്തകർ റാലിയിൽ ഉപയോഗിക്കുക. ജനാധിപത്യവും വോട്ടവകാശവും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് സി പി എം - കോൺഗ്രസ് സംയുക്ത റാലി സംഘടിപ്പിക്കുക. തെരഞ്ഞെടുപ്പിൽ സീറ്റുകൾ പങ്കുവയ്ക്കുന്നതിൽ ഒരു റൗണ്ട് ചർച്ച ഇരുപാർട്ടികളും പൂർത്തിയാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം വൈകാതെ ഉണ്ടാകുമെന്നാണ് വ്യക്തമാകുന്നത്. ഫെബ്രുവരി പതിനാറിനാണ് ത്രിപുരയിൽ തെരഞ്ഞെടുപ്പ് നടക്കുക.
സംസ്ഥാനത്ത് ബിജെപിയെ അധികാരത്തിൽ നിന്ന് താഴെയിറക്കുകയെന്ന ലക്ഷ്യമാണ് സി പി എമ്മിനും കോൺഗ്രസിനും ഉള്ളത്. ത്രിപുരയിലെ തിപ്ര മോത പാര്‍ട്ടി കൂടി ഒപ്പം നിന്നാൽ ബി ജെ പിയെ പരാജയപ്പെടുത്താം എന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ് - സി പി എം നേതാക്കൾ. എന്നാൽ സഖ്യത്തിനൊപ്പം തിപ്ര മോത പാര്‍ട്ടി നില്‍ക്കുമോയെന്നതില്‍ അന്തിമ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. പ്രത്യേക സംസ്ഥാനമെന്ന നിലപാടിനെ ആര് പിന്തുണക്കുന്നുവോ അവരോടൊപ്പം നില്‍ക്കുമെന്ന് തിപ്ര മോത പാര്‍ട്ടി പ്രത്യുദ് ദേബ് ബർമൻ പ്രതികരിച്ചിരുന്നു.
അതിനിടെ ത്രിപുരയിലെ രാഷ്ട്രീയ സംഘർഷത്തില്‍ നടപടിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തി. ജിറാനിയ സബ് ഡിവിഷണല്‍ പൊലീസ് ഓഫീസറെ കമ്മീഷൻ സസ്പെന്‍റ് ചെയ്തു. റാണി ബസാർ, ജിറാനിയ പൊലീസ് സ്റ്റേഷന്‍ ചുമതലക്കാരായ ഉദ്യോഗസ്ഥരെ നീക്കാനും കമ്മീഷന്‍ നിര്‍ദേശിച്ചു. സംഘർഷത്തില്‍ എ ഐ സി സി അംഗം അജോയ് കുമാറിന് പരിക്ക് പറ്റിയതിന് പിന്നാലെ കോണ്‍ഗ്രസ് - സി പി എം നേതാക്കള്‍ തെരഞ്ഞെുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. സംഘർഷത്തില്‍ ഒരു തിപ്ര മോത പാര്‍ട്ടി പ്രവർത്തകൻ കൊല്ലപ്പെടുകയും ചെയ്തിരുന്നു. സംസ്ഥാനത്തെ സാഹചര്യം വിലയിരുത്താൻ മൂന്ന് നിരീക്ഷകെര തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ചിട്ടുണ്ട്.