Asianet News MalayalamAsianet News Malayalam

സ്വത്ത് കണ്ടുകെട്ടൽ, അമ്മയെ അവസാനമായി കാണാൻ പെട്ട പാട്! ഞെട്ടിച്ച സ്ഫോടനം, സിബിഐ തിരിച്ചടി: ഇന്നത്തെ 10 വാർത്ത

കുന്നിക്കുരു കഴിച്ചതിനെ തുടർന്ന് മരിച്ച പാവറട്ടി സ്വദേശി ആശയെ അവസാനമായി ഒരു നോക്ക് കാണാൻ മക്കളെ അച്ഛന്റെ വീട്ടുകാർ അനുവദിക്കാതിരുന്നതും എം എൽ എയുടെയും ജില്ലാ കളക്ടറുടെയും പൊലീസിന്‍റെയും ഇടപെടലിന് ഒടുവിൽ മക്കൾക്ക് എത്താനായതുമാണ് കേരളം ഇന്ന് കണ്ട കാഴ്ച

Today 20-01-2023 Top Malayalam News Headlines and Latest Malayalam News 
Author
First Published Jan 20, 2023, 6:50 PM IST

1 മിന്നൽ ഹർത്താലിലെ അക്രമം, പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നു, നടപടി കോടതി കടുപ്പിച്ചതോടെ

ഹൈക്കോടതി വടിയെടുത്തതോടെ പോപ്പുലർ ഫ്രണ്ട് ഭാരവാഹികളുടെ സ്വത്തുക്കൾ കണ്ടുകെട്ടൽ നടപടിക്രമങ്ങൾ ശക്തമാക്കി എന്നതാണ് ഇന്നത്തെ പ്രധാനവാർത്തകളിലൊന്ന്. കഴിഞ്ഞ സെപ്റ്റംബറിലെ ഹർത്താൽ അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളിലാണ് നടപടി. ഹൈക്കോടതി നിര്‍ദേശത്തിന്‍റെ പശ്ചാത്തലത്തില്‍ നാളെ അഞ്ചുമണിക്ക് മുമ്പായി സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ലാന്‍റ് റവന്യു കമ്മിഷണര്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് കത്തയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തൃശൂർ, വയനാട്, കാസർകോട്, തിരുവനന്തപുരം, കോട്ടയം, കൊല്ലം, എറണാകുളം ജില്ലകളിലെ  പ്രതികളുടെ സ്വത്തുവകകളാണ് കണ്ടുകെട്ടിയത്. പിഎഫ്‌ഐ സംസ്ഥാന ജനറൽ സെക്രട്ടറിയിരുന്ന കൊല്ലത്തെ അബ്ദുൾ സത്താറിന്റെ കരുനാഗപ്പള്ളിയിലെ  വീടും, വസ്തുക്കളും ഉച്ചയോടെ ഉദ്യോഗസ്ഥരെത്തി ജപ്തി ചെയ്തു. കരുനാഗപ്പള്ളി തഹസിൽദാറുടെ നേതൃത്വത്തിലുള്ള സംഘമാണ് ജപ്തി നടപടികൾ പൂർത്തിയാക്കിയത്. ലാന്റ് റവന്യൂ കമ്മീഷണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

2 ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയിൽ ആറ് പ്രതികൾക്ക് മുൻകൂർ ജാമ്യം, സിബിഐക്ക് തിരിച്ചടി

ഐഎസ്ആർഒ ചാരക്കേസിലെ ഗൂഢാലോചനക്കേസിൽ സിബിഐക്ക് തിരിച്ചടി എന്നതാണ് ഇന്നത്തെ മറ്റൊരു പ്രധാനവാർത്ത. മുൻ ഡിജിപി സിബി മാത്യൂസ് അടക്കം ആറ് പ്രതികൾക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഒന്നാം പ്രതി വിജയൻ, രണ്ടാം പ്രതി തമ്പി എസ് ദുർഗാദത്ത്, പതിനൊന്നാം പ്രതിയും മുൻ ഐബി ഉദ്യോഗസ്ഥനുമായ പി എസ് ജയപ്രകാശ്, മുൻ ഡിജിപി സിബി മാത്യൂസ്, ആർ ബി ശ്രീകുമാർ, വി കെ മൈന അടക്കമുള്ളവർക്കാണ് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഓരോ പ്രതികളും നൽകിയ പ്രത്യേക ജാമ്യ ഹർജി പരിഗണിച്ചാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. 

3 ആശയെ അവസാനമായി കാണാൻ മക്കളെത്തി, മൃതദേഹം സംസ്കരിച്ചു

കുന്നിക്കുരു കഴിച്ചതിനെ തുടർന്ന് മരിച്ച പാവറട്ടി സ്വദേശി ആശയെ അവസാനമായി ഒരു നോക്ക് കാണാൻ മക്കളെ അച്ഛന്റെ വീട്ടുകാർ അനുവദിക്കാതിരുന്നതും എം എൽ എയുടെയും ജില്ലാ കളക്ടറുടെയും പൊലീസിന്‍റെയും ഇടപെടലിന് ഒടുവിൽ മക്കൾ എത്തിയതുമാണ് ഇന്നത്തെ മറ്റൊരു പ്രധാന വാർത്ത. മക്കളെ അച്ഛന്റെ വീട്ടുകാർ പോകാൻ അനുവദിക്കാതിരുന്നതോടെ സംസ്കാര ചടങ്ങുകൾ നീളുകയായിരുന്നു. ഒടുവിൽ വൈകിട്ടോടെയാണ് മക്കളെത്തിയത്. ആശയുടെ മൂത്ത മകൻ സഞ്ജയ് സംസ്കാര ചടങ്ങുകൾ നടത്തി. എന്നാൽ സംസ്കാരച്ചടങ്ങുകൾക്ക് പിന്നാലെ മക്കളെ അച്ഛന്റെ വീട്ടിലേക്ക് മടക്കി കൊണ്ടുപോയി. പൊലീസ് സന്തോഷിന്റെയും ആശയുടെയും വീട്ടുകാരുമായുണ്ടാക്കിയ ധാരണയിലാണ് കുട്ടികളെ തിരികെ കൊണ്ടുപോയത്. എം എൽ എ മുരളി പെരുനെല്ലിയും ജില്ലാ കളക്ടറും പൊലീസും വീട്ടുകാരുമായി സംസാരിച്ചാണ് കുട്ടികളെ എത്തിച്ചത്. അതിനിടെ ആശയുടെ മരണത്തിൽ ഭർത്താവ് സന്തോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

4 പത്തനംതിട്ട നഗരമധ്യത്തിൽ വൻ തീപിടിത്തം; 5 കടകൾ കത്തി, ഗ്യാസ് സിലിണ്ടറുകളും പൊട്ടിത്തെറിച്ചു

പത്തനംതിട്ട നഗരത്തിൽ വൻ തീപിടിത്തമുണ്ടായതാണ് മറ്റൊരു വാർത്ത. നഗരമധ്യത്തിലെ സിവിൽ സ്റ്റേഷന് സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലാണ് തീപിടിത്തമുണ്ടായത്. നഗര മധ്യത്തിലെ നമ്പർ വൺ ചിപ്സ് കട എന്ന കടയിൽ നിന്നാണ് ആദ്യം തീ പടർന്ന് പിടിച്ചത്. പിന്നീട് സമീപത്തെ എ വൺ ചിപ്സ്, ഹാശിം ചിപ്സ്,  അഞ്ജന ഷൂ മാർട്ട്, സെൽ ടെക് മൊബൈൽ ഷോപ്പ് എന്നിവയിലേക്കും തീ പടർന്നു. അഗ്നിശമനസേനയുടെ നേതൃത്വത്തിൽ തീ അണക്കാനുള്ള ശ്രമം നടത്തുന്നതിനിടെ ചിപ്സ് കടകളിൽ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതോടെ തീ കൂടുതൽ പടർന്നു. ജീവനക്കാർ കടക്കുള്ളിൽ കുടുങ്ങിയെന്ന സംശയം ആദ്യം ഉയർന്നിരുന്നുവെങ്കിലും ആളപായമില്ലെന്ന് പിന്നീട് സ്ഥിരീകരണമായി. എന്നാൽ സ്ഫോടനത്തിൽ രണ്ട് ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്ക് പൊള്ളലേറ്റിട്ടുണ്ട്. പൊട്ടിത്തെറിച്ച ഗ്യാസ് കുറ്റിയുടെ കമ്പിയുടെ കഷ്ണം തലക്ക് കൊണ്ട് മറ്റൊരാൾക്കും പരിക്കേറ്റു.

5 അപര്‍ണ ബാലമുരളിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ലോ കോളേജ് വിദ്യാര്‍ത്ഥിക്ക് സസ്പെൻഷൻ

കോളേജ് യൂണിയൻ പരിപാടിക്കിടെ അപർണ ബാലമുരളിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ വിദ്യാർത്ഥിക്ക് സസ്പെൻഷൻ. എറണാകുളം ലോ കോളേജ് രണ്ടാം വർഷ എൽഎൽബി വിദ്യാർത്ഥി വിഷ്ണുവിനെയാണ് സസ്പെൻഡ് ചെയ്തത്. ലോ കോളേജ് സ്റ്റാഫ് കൗൺസിലിൻ്റേതാണ് നടപടി. ഒരാഴ്ചത്തേക്കാണ് സസ്പെൻഷൻ. വലിയ വിവാദം സൃഷ്ടിച്ച സംഭവത്തിൽ വിദ്യാർത്ഥിയോട് കോളേജ് സ്റ്റാഫ് കൗൺസിൽ വിശദീകരണം തേടിയിരുന്നു. തൻ്റെ ഭാ​ഗത്ത് നിന്നുണ്ടായ മോശം പെരുമാറ്റത്തിൽ ക്ഷമാപണം നടത്തുന്നതായി വിഷ്ണു അറിയിച്ചെങ്കിലും ഈ വിശദീകരണം തള്ളിയാണ് സസ്പെൻഡ് ചെയ്തത്.

6 കർണ്ണാടക ക്വാറി ഇടപാട് കേസ്: പിവി അൻവർ വീണ്ടും ഹാജരായി, ഇഡിയുടെ മൂന്നാംവട്ട ചോദ്യം ചെയ്യൽ

കര്‍ണാടക ക്വാറി ഇടപാട് കേസുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിനായി പിവി അൻവര്‍ എംഎൽഎ വീണ്ടും ഇഡിക്ക് മുന്നിൽ ഹാജരായി. മൂന്നാം വട്ടമാണ് അൻവര്‍ ഇഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാവുന്നത്. കര്‍ണാടക ക്വാറി ഇടപാടിലാണ് അന്വേഷണം തുടങ്ങിയതെങ്കിലും പിവി അൻവറിന്‍റെ പത്ത് വർഷത്തെ സാമ്പത്തിക ഇടപാടുകൾ ഇ‍ഡി പരിശോധിച്ചു വരികയാണെന്നാണ് വിവരം. മലപ്പുറത്തടക്കം ഭൂമി വാങ്ങിയതും, വിദേശ ബിസിനസിലെ കള്ളപ്പണ ഇടപാടും അന്വേഷണ പരിധിയിലുണ്ട്. ക്വാറിയിൽ ഷെയർ വാഗ്ദാനം ചെയ്ത്  50 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന് വ്യവസായിയും മലപ്പുറം സ്വദേശിയുമായ സലീം ഇഡിയ്ക്ക് മൊഴി നൽകിയിരുന്നു. ഇതടക്കമുള്ള നിരവധി പരാതികളാണ് ഇഡി പരിശോധിക്കുന്നത്.

7 ഗുണ്ടാ-മണ്ണ് മാഫിയാ ബന്ധം: മംഗലപുരം പൊലീസ് സ്റ്റേഷനിലെ മുഴുവൻ പേരെയും ഒറ്റ രാത്രി കൊണ്ട് മാറ്റി

ഗുണ്ടകളുമായും മണ്ണ് മാഫിയയുമായും ബന്ധം വ്യക്തമായതിന് പിന്നാലെ മംഗലപുരം സ്റ്റേഷനിലെ മുഴുവൻ പേരെയും മാറ്റി എന്നതാണ് ഇന്നത്തെ മറ്റൊരു വാർത്ത. അഞ്ച് പൊലീസുകാരെ സസ്പെന്റ് ചെയ്ത റൂറൽ പൊലീസ് സൂപ്രണ്ട് ഡി ശിൽപ 25 പേരെ സ്ഥലം മാറ്റി. സ്റ്റേഷനിലെ സ്വീപ്പർ തസ്തികയിലുള്ളവരെ മാറ്റിയില്ല. ജില്ലയിലെ വിവിധ സ്റ്റേഷനുകളിലേക്കാണ് 25 പേരെയും മാറ്റിയത്. പകരം 25 പേരെ സ്റ്റേഷനിൽ നിയമിച്ചു. ഗുണ്ടാ ബന്ധത്തിൽ ഇന്നലെ എസ് എച്ച് ഒ സജേഷിനെ സസ്പെന്റ് ചെയ്തിരുന്നു. അനൂപ് കുമാർ ,ജയൻ, സുധി കുമാർ ,ഗോപകുമാർ , കുമാർ എന്നീ പൊലീസുകാരെയാണ് സസ്പെന്റ് ചെയ്തത്. അഴിമതിക്ക് കൂട്ടു നിന്ന 5 ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തെന്നും മണ്ണ് മാഫിയയുമായി ബന്ധമുണ്ടെന്ന ആരോപണത്തിൽ മുഴുവൻ ഉദ്യോഗസ്ഥരെയും മാറ്റാൻ തീരുമാനിച്ചുവെന്നുമാണ് പൊലീസ് വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.

8 കേരളാഘടകം എതിർത്തു, ഭാരത് ജോഡോ യാത്രയിലേക്ക് യെച്ചൂരിയെത്തില്ല, തരിഗാമി പങ്കെടുത്തേക്കും

ഭാരത് ജോഡോ യാത്രയുടെ സമാപനത്തിൽ നിന്ന് വിട്ടു നിൽക്കാൻ സിപിഎം കേന്ദ്രനേതൃത്വം തീരുമാനിച്ചതാണ് ഇന്നത്തെ മറ്റൊരു വാർത്ത. സമാപനത്തിൽ പാർട്ടി പങ്കെടുക്കുന്നതിനെ സിപിഎം കേരള ഘടകം എതിർത്തു. യാത്രയുടെ തുടക്കത്തിൽ പാർട്ടിയെ രാഹുൽ ഗാന്ധി അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കേരളത്തിലെ നേതാക്കളുടെ എതിർപ്പ്. കേരള ഘടകത്തിന്‍റെ എതിർപ്പ് പരിഗണിച്ചാണ് സിപിഎം കേന്ദ്രനേതൃത്വം രാഹുലിന്‍റെ യാത്രയിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചത്. ഭാരത് ജോഡോ യാത്ര ഈ മാസം മുപ്പതിന് ജമ്മുകശ്മീരിൽ സമാപിക്കുമ്പോൾ നടക്കുന്ന റാലിയിലേക്ക് 31 പ്രതിപക്ഷ പാർട്ടികളെയാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ ക്ഷണിച്ചത്. കോൺഗ്രസ് ക്ഷണം സ്വീകരിച്ച സിപിഐ ജനറൽ സെക്രട്ടറി ഡി രാജ സമാപനത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

9 ഗൂഗിളിലും വൻ പിരിച്ചുവിടൽ; മാതൃകമ്പനി ആൽഫബെറ്റ് 12,000 ജീവനക്കാരെ പിരിച്ചുവിടും

മെറ്റയ്ക്കും ആമസോണിനും മൈക്രോസോഫ്റ്റിനും പിന്നാലെ ഗൂഗിളിലും കൂട്ട പിരിച്ചുവിടൽ എന്നതാണ് ടെക്ക് ലോകത്ത് നിന്നുള്ള ഏറ്റവും പ്രധാന വാർത്ത. ഗൂഗിൾ മാതൃകമ്പനിയായ ആൽഫബെറ്റില്‍ 12,000 പേരെ പിരിച്ചുവിടും. ആകെ തൊഴിലാളികളുടെ ആറ് ശതമാനത്തെയാണ് കമ്പനി പിരിച്ചുവിടുന്നത്. തീരുമാനം അറിയിച്ചു കൊണ്ട് ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈ അയച്ച ഇ മെയിൽ പുറത്തായി. പുതിയ സാമ്പത്തിക സാഹചര്യത്തിൽ അനിവാര്യമായ തീരുമാനമാണ് കമ്പനി എടുത്തിരിക്കുന്നതെന്നും ഈ സാഹചര്യത്തിലേക്ക് എത്തിച്ചതിന്റെ പൂർണ്ണ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുന്നുവെന്നും സുന്ദർ പിച്ചൈ ആഭ്യന്തര മെമ്മോയിൽ പറയുന്നു. പിരിച്ചുവിടുന്ന ജീവനക്കാർക്ക് ഇത് സംബന്ധിച്ച മെയിൽ കിട്ടി തുടങ്ങിയിട്ടുണ്ട്.

10 രഞ്ജി ട്രോഫി: കര്‍ണാടകയ്‌ക്കെതിരെ കേരളത്തിന് സമനില

രഞ്ജി ട്രോഫിയില്‍ എലൈറ്റ് ഗ്രൂപ്പ് സിയില്‍ കരുത്തരായ കര്‍ണാടകയ്ക്ക് എതിരായ മത്സരത്തില്‍ കേരളം സമനില നേടി എന്നതാണ് കായിക ലോകത്ത് നിന്നുള്ള വാർത്ത. കര്‍ണാടക 143 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടിയപ്പോള്‍ കേരളം രണ്ടാം ഇന്നിംഗ്‌സില്‍ നാല് വിക്കറ്റിന് 96 റണ്‍സെന്ന നിലയില്‍ നില്‍ക്കേ മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു. കേരളത്തിന്‍റെ ആദ്യ ഇന്നിംഗ്‌സ് സ്കോറായ 342 റണ്‍സിന് മറുപടിയായി കര്‍ണാടക ഒന്നാം ഇന്നിംഗ്‌സില്‍ 9 വിക്കറ്റിന് 485 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു. സ്‌കോര്‍: കര്‍ണാടക-485/9 ഡിക്ലയര്‍, കേരളം- 342 & 96/4.

Follow Us:
Download App:
  • android
  • ios