മോദിയേയും ഇന്ത്യയേയും പുകഴ്ത്തി ട്രംപ്; പാകിസ്ഥാന് താക്കീത്, ട്രംപിനെ വരവേറ്റ് ലക്ഷങ്ങള്‍

By Web TeamFirst Published Feb 24, 2020, 5:05 PM IST
Highlights

ട്രംപിന്‍റെ സന്ദര്‍ശനം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് മേഖലയില്‍ ഒരുക്കിയിരിക്കുന്നത്. ഏഴരയോടെ ട്രംപും കുടുംബവും ദില്ലിയിൽ എത്തും. തുടര്‍ന്ന് രാഷ്ട്രപതിയുടെ ഔദ്യോഗിക വിരുന്നുണ്ടാകും.

അഹമ്മദാബാദ്: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ആഗ്രയിലെത്തി. അഞ്ച് മണിയോടെയാണ് ട്രംപ് താജ്മഹൽ സന്ദര്‍ശിക്കുന്നത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ലഫ്.ഗവര്‍ണറും ചേര്‍ന്ന് ട്രംപിനെ സ്വീകരിച്ചു. ട്രംപിന്‍റെ സന്ദര്‍ശനം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് മേഖലയില്‍ ഒരുക്കിയിരിക്കുന്നത്. ഏഴരയോടെ ട്രംപും കുടുംബവും ദില്ലിയിൽ എത്തും. തുടര്‍ന്ന് രാഷ്ട്രപതിയുടെ ഔദ്യോഗിക വിരുന്നുണ്ടാകും.

പരസ്പരം പുകഴ്ത്തി മോദിയും ട്രംപും

മൊട്ടേര സ്റ്റേഡിയത്തിലെ നമസ്തേ ട്രംപ് പരിപാടിയില്‍ പരസ്പരം പുകഴ്ത്തിയും നന്ദി പറഞ്ഞും മോദിയും ട്രംപും. പ്രസംഗത്തിനിടെ ഇരുനേതാക്കളും തങ്ങളുടെ ഭരണനേട്ടങ്ങള്‍ എണ്ണി പറഞ്ഞു. കനത്ത ചൂടിലും ഒരു ലക്ഷത്തോളം പേരാണ് സ്റ്റേഡിയത്തില്‍ എത്തിയത്. ട്രംപിന്റെ സന്ദർശനം ഇന്ത്യ - അമേരിക്ക ബന്ധത്തിലെ പുതിയ നാഴികകല്ലെന്ന് മോദി പറഞ്ഞു. തീവ്രവാദത്തിനെതിരെ ഇന്ത്യയുമൊത്ത് പോരാടുമെന്ന് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. 

Also Read: പാകിസ്ഥാന് താക്കീതുമായി ട്രംപ്: അതിര്‍ത്തിയിലെ തീവ്രവാദം ഇല്ലാതാക്കണം

നൂൽ നൂറ്റ് ട്രംപും മെലാനിയയും

സബർമതി ആശ്രമത്തിൽ നൂൽനൂറ്റ് ഇന്ത്യയിലേക്കുള്ള ആദ്യവരവ് അവിസ്മരണീയമായി തുടങ്ങുകയായിരുന്നു ഡൊണാൾഡ് ട്രംപ്. ആശ്രമത്തിൽ ഉറ്റ ചങ്ങാതിയെപോലെ എല്ലാം നടന്ന് കാണിക്കുന്നുണ്ടായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക നേതാക്കളെ ഒരുവട്ടം കാണാൻ മണിക്കൂറുകളാണ് ജനം റോഡരികിൽ കാത്ത് നിന്നത്.

മുൻ നിശ്ചയിച്ചതുപോലെ 11.40ന് തന്നെ എയർഫോഴ്സ് വൺ വിമാനത്തിൽ ഡൊണാൾഡ് ട്രംപ് അഹമ്മദാബാദിൽ പറന്നിറങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി ട്രംപിനെയും ഭാര്യ മെലാനിയയെയും സ്വീകരിച്ചു. തുടര്‍ന്ന് പരമ്പരാഗത ഗുജറാത്തി നൃത്തത്തിന് നടുവിലൂടെ റോഡ് ഷോ ആയി സബർമതിയിലേക്ക്. റോഡിനിരുവശവും കേരളമടക്കം സംസ്ഥാനങ്ങളിലെ കലാകാരൻമാർ അണിനിരന്നിരുന്നു.

Also Read: സബർമതിയിൽ ചർക്കയിൽ നൂല് നൂറ്റ്, ഗാന്ധിജിക്ക് ഖദർമാല അർപ്പിച്ച് ട്രംപ്

പതിനഞ്ച് മിനിറ്റോളം വൈകിയാണ് ട്രംപും മോദിയും ആശ്രമത്തിലെത്തിയത്. ഇരുവരും ചേർന്ന് രാഷ്ട്രപിതാവിന്‍റെ ഫോട്ടോയിൽ ഹാരം അ‍ർപ്പിച്ചു. മഹാത്മഗാന്ധിയുടെ മുറിയും ശേഷിപ്പിക്കുകളും മോദി ട്രംപിന് കാണിച്ച് കൊടുത്തു. പിന്നാലെ ചർക്കയിൽ ട്രംപ് നൂൽനൂറ്റു.

Also Read: സബർമതി ആശ്രമത്തിലെ സന്ദർശകപുസ്തകത്തിൽ മോദിക്കായി ട്രംപ് എഴുതിയതെന്ത്?

നാളെ നിര്‍ണായക നയതന്ത്ര ചര്‍ച്ചകള്‍

ചൊവ്വാഴ്ചയാണ് നിര്‍ണായക നയതന്ത്ര ചര്‍ച്ചകള്‍. നാളെ മുന്നൂറ് കോടി ഡോളറിന്റെ പ്രതിരോധകരാർ ഒപ്പിടും. ദില്ലിയിലെ ഹൈദരാബാദ് ഹൗസില്‍ രാവിലെ 11-ന് മോദിയും ട്രംപും കൂടിക്കാഴ്ച നടത്തും. വാണിജ്യം, ഊര്‍ജം, പ്രതിരോധം, ഭീകരവാദവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്യും. ശേഷം ഇരുരാജ്യങ്ങളും പരസ്പര സഹകരണത്തിനുള്ള അഞ്ച് ധാരണാപത്രങ്ങളിലും നാവികസേനയ്ക്കായി 260 കോടി ഡോളര്‍ ചെലവില്‍ 24 സീഹോക്ക് ഹെലികോപ്റ്റര്‍ വാങ്ങാനുള്ള കരാറിലും ഒപ്പുവെക്കും. അമേരിക്കന്‍ എംബസി സംഘടിപ്പിക്കുന്ന രണ്ട് ചടങ്ങുകളില്‍ പങ്കെടുത്ത ശേഷം രാത്രി 10-ന് യു.എസ്. പ്രസിഡന്റ് മടങ്ങും.

click me!