Asianet News MalayalamAsianet News Malayalam

സബർമതിയിൽ ചർക്കയിൽ നൂല് നൂറ്റ്, ഗാന്ധിജിക്ക് ഖദർമാല അർപ്പിച്ച് ട്രംപ്

ചർക്കയിൽ നൂൽ നൂറ്റ് നോക്കാൻ ഡോണൾഡ് ട്രംപിനെ മോദി ക്ഷണിച്ചു. നിലത്തിരുന്ന് ട്രംപ് ചർക്ക പരിശോധിച്ചു. നല്ല പരിശീലനം വേണ്ട പ്രക്രിയയാണ് നൂൽ നൂൽക്കൽ. അതിനാൽത്തന്നെ ആശ്രമത്തിലെ അന്തേവാസികൾ വന്ന് ട്രംപിന് എങ്ങനെ നൂൽ നൂൽക്കാമെന്ന് വിശദീകരിച്ചു കൊടുത്തു. 

trump india visit melania and trump visits sabarmati ashram uses charkha
Author
Sabarmati Ashram, First Published Feb 24, 2020, 12:53 PM IST

അഹമ്മദാബാദ്: മഹാത്മാഗാന്ധിയുടെ സബർമതി ആശ്രമം സന്ദർശിച്ച്, ചർക്കയിൽ നൂൽ നൂറ്റ്, അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും, പ്രഥമവനിത മെലാനിയ ട്രംപും. ഉറ്റസുഹൃത്തെന്ന പോലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇവരോടൊപ്പം നടന്ന് ആശ്രമത്തിലെ ഓരോ ഇടങ്ങളും കാണിച്ചുകൊടുക്കുന്ന ദൃശ്യങ്ങളും ശ്രദ്ധേയമായി. പതിനഞ്ച് മിനിറ്റ് നേരമാണ് ഇവിടെ സന്ദർശിച്ചത്. 

trump india visit melania and trump visits sabarmati ashram uses charkha

റോഡ് ഷോയായി ട്രംപ് അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് സബർമതിയിലേക്കും അവിടെ നിന്ന് മൊട്ടേര സ്റ്റേഡിയത്തിലേക്കും പോകുമെന്നാണ് കരുതിയിരുന്നത്. എന്നാൽ വാഹനത്തിനകത്ത് നിന്ന് പുറത്തേക്ക് നോക്കി ആളുകളെ അഭിവാദ്യം ചെയ്യാൻ ട്രംപ് തയ്യാറായില്ല. 27 ഡിഗ്രി ചൂടാണ് ഇപ്പോൾ അഹമ്മദാബാദിൽ. അതിനാൽത്തന്നെ സ്വന്തം വാഹനമായ ബീസ്റ്റിനകത്ത് തന്നെ യാത്ര ചെയ്ത് റോഡ് ഷോ കാണാൻ ട്രംപ് തീരുമാനിക്കുകയായിരുന്നു. മോദി അദ്ദേഹത്തിന്‍റെ ഔദ്യോഗികവാഹനത്തിലും ട്രംപ് അദ്ദേഹത്തിന്‍റെ ഔദ്യോഗികവാഹനമായ ബീസ്റ്റിലുമാണ് സബർമതിയിലേക്ക് എത്തിയത്.

സബർമതി ആശ്രമത്തിനകത്തും ട്രംപിനെ കാണാൻ നിരവധിപ്പേർ എത്തിയിരുന്നു. ട്രംപിനെ കണ്ടപ്പോൾ അകത്ത് ഉണ്ടായിരുന്നവർ ആർത്ത് വിളിച്ചു. ആദ്യം ആശ്രമത്തിന് പുറത്ത് സജ്ജീകരിച്ചിരുന്ന ഇരിപ്പിടങ്ങളിൽ ഇരുന്ന ട്രംപിനും മെലാനിയക്കും ആശ്രമത്തിന് ഇന്ത്യൻ ചരിത്രത്തിലുള്ള സ്ഥാനം മോദി വിശദീകരിച്ചുകൊടുത്തു. അതിന് ശേഷം മോദിയും ട്രംപും മെലാനിയയും അകത്തേയ്ക്ക് പോയി. ഓരോരോ ചിത്രങ്ങളും മോദി ഇരുവർക്കും വിശദീകരിച്ചുകൊടുത്തു. അതിന് ശേഷമാണ്, ആശ്രമത്തിന്‍റെ വരാന്തയിൽ വച്ചിരുന്ന ചർക്ക മോദി ഇരുവർക്കും കാണിച്ച് കൊടുത്തത്.

സ്വാശ്രയപ്രസ്ഥാനത്തിന്‍റെ ഭാഗമായി, സ്വന്തം ചർക്കയിൽ നൂൽനൂറ്റ് സ്വാശ്രയത്വം നേടണമെന്ന് ഗാന്ധിജി ഉദ്ഘോഷിച്ചിരുന്നതാണ്. അതടക്കമുള്ള കാര്യങ്ങൾ മോദി വിശദീകരിക്കുന്നതിനിടെ, കൗതുകത്തോടെ ട്രംപും മെലാനിയയും നിലത്തിരുന്ന് ചർക്ക പരിശോധിച്ചു. നൂൽനൂറ്റ് നോക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. നല്ല പരിശീലനം വേണ്ട പ്രക്രിയയാണ് നൂൽ നൂൽക്കൽ. അതിനാൽത്തന്നെ ആശ്രമത്തിലെ അന്തേവാസികൾ വന്ന് നൂൽ നൂൽക്കുന്നതെങ്ങനെയെന്ന് ഇരുവർക്കും വിശദീകരിച്ച് നൽകി. 

trump india visit melania and trump visits sabarmati ashram uses charkha

അതനുസരിച്ച് ട്രംപ് നൂൽ നൂറ്റ് നോക്കുകയും ചെയ്തു. മെലാനിയയും ഒരു കൈ നോക്കി. ഇതിന് ശേഷം പുറത്തേക്ക് നടന്ന ഇരുവരും സന്ദർശകറജിസ്റ്ററിൽ സ്വന്തം കുറിപ്പുകൾ എഴുതി. അതിന് ശേഷം, മഹാത്മാ എപ്പോഴും ഉദാഹരിക്കാറുണ്ടായിരുന്ന വിവേകശാലികളായ മൂന്ന് കുരങ്ങൻമാരുടെ പ്രതിമകളെ കൗതുകത്തോടെ ട്രംപ് നോക്കി. അതിന് പിന്നിലെ കഥയും മോദി വിശദീകരിച്ചു. 

ഇതിന് ശേഷമാണ് 'നമസ്തേ ട്രംപ്' പരിപാടിക്കായി ഇരുനേതാക്കളും പുറപ്പെട്ടത്. 

Follow Us:
Download App:
  • android
  • ios