
ലഖ്നൗ: ജോലി കുറവായതിനാൽ ശമ്പളം പകുതിയാക്കുകയോ സ്ഥലം മാറ്റുകയോ ചെയ്യണമെന്ന ആവശ്യവുമായി ഐഎഎസ് ഉദ്യോഗസ്ഥൻ. ഉത്തർ പ്രദേശിലെ ഒറായ് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് റിങ്കു സിങ് റാഹി ആണ് അഞ്ചു പേജുള്ള കത്തുമായി സ്റ്റേറ്റ് അപ്പോയ്ൻമെൻ്റ് ആൻ്റ് പേഴ്സണൽ ഡിപ്പാർട്ട്മെൻ്റിനെ സമീപിച്ചത്. തൻ്റെ ഭരണപരമായ പ്രവർത്തനങ്ങളിൽ ഉത്തർ പ്രദേശ് മന്ത്രി സ്വതന്ത്ര ദേവ് സിങ്ങും ബിജെപി എംഎൽഎ ഗൗരി ശങ്കർ വർമ്മയും ഇടപെടുന്നുണ്ടെന്നും കത്തിൽ ആരോപണമുണ്ട്. 2023 ബാച്ച് ഉത്തർ പ്രദേശിലെ കേഡറിലുള്ള ഐഎഎസ് ഉദ്യോഗസ്ഥനാണ് റിങ്കു സിങ് റാഹി.
ദിവസം നാല് മണിക്കൂർ മാത്രമേ ജോലി ഉള്ളൂ എന്നും തൽസ്ഥാനത്ത് തുടരുകയാണെങ്കിൽ ശമ്പളം പകുതിയാക്കി നൽകണമെന്നുമാണ് റിങ്കു സിങ് റാഹിയുടെ ആവശ്യം. ജലൗൺ സബ് ഡിവിഷണൽ മജിസ്ട്രേറ്റായിരിക്കെ അനധികൃത കൈയേറ്റങ്ങൾക്കെതിരെ നടപടിയെടുക്കരുതെന്ന് ഗൗരി ശങ്കർ വർമ്മ എംഎൽഎയുടെ സാന്നിധ്യത്തിൽ ജില്ലാ മജിസ്ട്രേറ്റ് നിർദേശിച്ചുവെന്നാണ് റിങ്കു സിങ് റാഹിയുടെ ആരോപണം. മന്ത്രി സ്വതന്ത്ര ദേവ് സിങ്ങിൻ്റെ പേരുൾപ്പെട്ട അനധികൃത കൈയേറ്റങ്ങളിലുള്ള അന്വേഷണം തടയാൻ ഗൂഢാലോചന നടന്നുവെന്നാണ് ആരോപണം.
ജലൗണിലെ മറ്റൊരു തഹസിലിൽ നിയമിക്കുകയോ മറ്റൊരു ജില്ലയിലേക്കോ സ്ഥലം മാറ്റുകയോ ചെയ്യണമെന്ന് റിങ്കു സിങ് റാഹി കത്തിൽ ആവശ്യപ്പെട്ടു. ഉത്തർ പ്രദേശിൽ അത്തരമൊരു മാറ്റം സാധ്യമല്ലെങ്കിൽ മറ്റൊരു സംസ്ഥാനത്തേക്ക് ഡെപ്യൂട്ടേഷന് പോകാൻ ശ്രമിക്കുമെന്നും റിങ്കു സിങ്ക് റാഹി കത്തിൽ പറഞ്ഞു.
ജലൗണിൽ മജിസ്ട്രേറ്റായി പ്രവർത്തിക്കവെ കഴിഞ്ഞ മാസം 23ന് റിങ്കു സിങ് റാഹി, ബിജെപി നേതാവും ബ്ലോക്ക് പ്രമുഖുമായ രാംരാജ നിരജ്ഞനുമായി തർക്കമുണ്ടായിരുന്നു. ലഖ്നൗവിലെ തീപിടിത്തിൻ്റെ പശ്ചാത്തലത്തിൽ രാംരാജ നിരജ്ഞൻ്റെ ഉടമസ്ഥതയിലുള്ള കോൾഡ് സ്റ്റോറേജിൽ പരിശോധനയ്ക്ക് എത്തിയതിനിടെ വീഡിയോ ചിത്രീകരിക്കാൻ രാംരാജ നിരജ്ഞൻ ശ്രമിച്ചപ്പോൾ റിങ്കു സിങ് റാഹി മൊബൈൽ തട്ടിമാറ്റുകയും അയാളെ തള്ളിമാറ്റുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് റിങ്കു സിങ് റാഹിയെ ജലൗണിൽനിന്ന് ഒറായിലേക്ക് സ്ഥലം മാറ്റിയത്. മന്ത്രി സ്വതന്ത്ര ദേവ് സിങ്ങിൻ്റെ അടുത്ത ബന്ധുവായിരുന്നു രാംരാജ നിരജ്ഞൻ. കോൾഡ് സ്റ്റോറേജിൽ നടത്തിയ മോക്ക് ഡ്രില്ലിൽ അഗ്നിശന സംവിധാനങ്ങൾ ഇല്ലെന്നും ആവശ്യമായ രേഖകളില്ലെന്നും കണ്ടെത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam