
തിരുവന്തപുരം: മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ആലപ്പുഴയിലേക്ക് നീങ്ങുകയാണ്. ജനസാഗരത്തിന്‍റെ നടുവിലൂടെയാണ് കെഎസ്ആർടിസിയുടെ ACലോഫ്ലോർ ബസ് നീങ്ങുന്നത്. സഖാവിന്‍റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള യാത്രയ്ക്കായുള്ള കെഎസ്ആർടിസിയുടെ ബസ് പ്രത്യേക സജ്ജീകരണങ്ങളോടെ തയ്യാറാക്കിയതാണെന്ന് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍ പറയുന്നു. തന്‍റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പില്‍ പാപ്പനംക്കോട് സെൻട്രൽ വർക്ക്സിലും വികാസ് ഭവനിലുമായിട്ടാണ് ബസ് തയ്യാറാക്കിയത് എന്ന് മന്ത്രി എഴുതിയിട്ടുണ്ട്. സഖാവിന്‍റെ അവസാന യാത്രയില്‍ കെഎസ്ആർടിസി ബസിൽ സാരഥികളാവുന്നത് തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെ ടിപി പ്രദീപും, വികാസ് ഭവൻ ഡിപ്പോയിലെ കെ ശിവകുമാറും ആണ്.
ഗണേഷ് കുമാറിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം
പ്രിയസഖാവ് വി.എസ്. അച്യുതാനന്ദന്റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയ്ക്കായുള്ള കെഎസ്ആർടിസിയുടെ AC ലോഫ്ലോർ ബസ് ആണ് പ്രത്യേക സജ്ജീകരണങ്ങളോടെ തയ്യാറാക്കിയത്. പാപ്പനംക്കോട് സെൻട്രൽ വർക്ക്സിലും വികാസ് ഭവനിലുമായിട്ടാണ് ബസ് തയ്യാറാക്കിയത്. പ്രത്യേക ബസിൽ തിരുവനന്തപുരത്തുനിന്ന് ആലപ്പുഴയിലേക്ക് കൊണ്ടുപോകുന്ന ഭൗതികശരീരം പൊതുജനങ്ങൾക്ക് കാണുന്നതിനും ആദരാഞ്ജലികൾ അർപ്പിക്കുന്നതിനും സൗകര്യമൊരുക്കുന്ന രീതിയിലാണ് ബസിന്റെ സജ്ജീകരണം. സാധാരണ കെഎസ്ആർടിസി ബസിൽ നിന്നും വ്യത്യസ്തമായി ഗ്ലാസ് പാർട്ടീഷൻ ഉള്ള ജെ എൻ 363 എ.സി. ലോ ഫ്‌ലോർ ബസാണ് (KL 15 A 407) കേരളത്തിന്റെ വിപ്ലവസൂര്യന്റെ അന്ത്യയാത്രക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. വി എസിന്റെ ചിത്രങ്ങൾ ഉൾപ്പെടുത്തി പുഷ്പങ്ങളാൽ അലങ്കരിച്ച വാഹനമാണ് ഒരുക്കിയിരിക്കുന്നത്. കുറച്ചു സീറ്റുകൾ ഇളക്കിമാറ്റി ചുവന്ന പരവതാനി വിരിച്ചിട്ടുള്ള ബസിൽ ജനറേറ്റർ, ഫ്രീസർ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. ആലപ്പുഴയിലേക്കുള്ള വിലാപയാത്രയ്ക്ക് കെഎസ്ആർടിസി ബസിൽ സാരഥികളാവുന്നത് തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെ ടിപി പ്രദീപും, വികാസ് ഭവൻ ഡിപ്പോയിലെ കെ ശിവകുമാറും ആണ്. പ്രധാന ബസിനെ അനുഗമിക്കുന്ന രണ്ടാമത്തെ ബസിന്റെ ഡ്രൈവർമാർ സിറ്റി ഡിപ്പോയിലെ എച്ച് നവാസും, പേരൂർക്കട ഡിപ്പോയിലെ വി ശ്രീജേഷുമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam