
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റൻ്റ് ചന്ദ്രനാഥ് റാഥിൻ്റെ (42) കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അക്രമികൾ ആറുമുതൽ പത്ത് റൗണ്ടുവരെ വെടിയുതിർത്തുവെന്നാണ് പോലീസ് സംശയിക്കുന്നത്. പ്രാഥമിക ഫൊറൻസിക് പരിശോധനയിൽ ഗ്ലോക്ക് 47എക്സ് പിസ്റ്റലുകളാണ് പ്രതികൾ ഉപയോഗിച്ചതെന്നാണ് കരുതുന്നത്. ഇത് സാധാരണ ക്രിമിനലുകൾ കൈവശം വെക്കുന്നതല്ലെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. അതിനാൽ കൊലയാളികൾ പ്രൊഫഷണൽ ഷൂട്ടർമാരോ ക്വട്ടേഷൻ സംഘമോ ആണോയെന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.
ബുധനാഴ്ച രാത്രി 10:30 ഓടെ നോർത്ത് 24 പർഗാനാസ് ജില്ലയിൽ വെച്ചാണ് ചന്ദ്രനാഥ് റാഥ് ആക്രമിക്കപ്പെട്ടത്. കൊൽക്കത്തയിൽനിന്ന് മധ്യംഗ്രാമിലെ വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. കൊൽക്കത്ത വിമാനത്താവളത്തിൽനിന്ന് കിലോമീറ്ററുകൾ മാത്രം അകലെ ദൊഹാരിയയിൽ വെച്ച് ചന്ദ്രനാഥ് സഞ്ചരിച്ച എസ്‍യുവി കാർ ഒന്നിലധികം ബൈക്കുകളിലെത്തിയ അക്രമി സംഘം തടയുകയും പിന്നീട് വെടിയുതിർക്കുകയുമായിരുന്നു. ഉടൻതന്നെ അക്രമി സംഘം രക്ഷപ്പെട്ടു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ചന്ദ്രനാഥിനെയും ഡ്രൈവറെയും തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചന്ദ്രനാഥിന് മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
കൊലയാളി സംഘം നാല് ബൈക്കുകളിലാണ് എത്തിയതെന്നാണ് പോലീസിൻ്റെ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. മറ്റൊരു വാഹനത്തിലെത്തിയ സംഘം ചന്ദ്രനാഥ് സഞ്ചരിച്ച വാഹനം തടഞ്ഞ ശേഷമാണ് കൊലയാളി സംഘം എത്തിയതെന്നും പോയിൻ്റ് ബ്ലാങ്ക് റേഞ്ചിലാണ് നിറയൊഴിച്ചതെന്നുമാണ് ദൃക്സാക്ഷിയുടെ പ്രതികരണം. മുൻസീറ്റിൽ ഇരിക്കുകയായിരുന്ന ചന്ദ്രനാഥിൻ്റെ നെഞ്ചിനും വയറിനുമാണ് വെടിയേറ്റത്. വെടിയുണ്ടകൾ ചന്ദ്രനാഥിൻ്റെ ഹൃദയവും വയറും തുളച്ചുകയറിയെന്ന് ഡോക്ടമാർ അറിയിച്ചു. ആക്രമണത്തിൽ നെഞ്ചിലും വയറിലും കാലിലും വെടിയേറ്റ ചന്ദ്രനാഥിൻ്റെ ഡ്രൈവർ ബുദ്ധദേബ് ബേരയുടെ നില ഗുരുതരമാണ്.
പശ്ചിമ ബംഗാൾ ഡിജിപി സിദ്ദിനാഥ് ഗുപ്ത, സിആർപിഎഫ് ഡിജി ഗ്യാനേന്ദ്ര പ്രതാപ് സിങ് എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു. വെടിയുണ്ടകളും പ്രതികളുടേതെന്ന് സംശയിക്കുന്ന വാഹനവും കസ്റ്റഡിയിലെടുത്തുവെന്ന് ഡിജിപി അറിയിച്ചു. അതേസമയം കസ്റ്റഡിയിലെടുത്ത വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ വ്യാജമാണെന്ന് പോലീസ് കണ്ടെത്തി സംഭവസ്ഥലത്തെയും പരിസര പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം ഊജിതമാക്കിയിരിക്കുന്നത്.
പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് 48 മണിക്കൂർ തികയും മുൻപാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. ചന്ദ്രനാഥിനെതിരെ നടന്നത് ആസൂത്രിത ആക്രമണമാണെന്നാണ് സുവേന്ദു അധികാരിയുടെ പ്രതികരണം. സംഭവത്തെ അപലിച്ച തൃണമൂൽ കോൺഗ്രസ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam