
നവി മുംബൈ: റീൽ ചിത്രീകരിക്കുന്നതിനായി ഓടുന്ന ആഡംബര കാറിന്‍റെ ബോണറ്റിൽ കയറി നൃത്തം ചെയ്ത യുവതിയെയും വാഹനം ഓടിച്ച സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. നസ്മീൻ സുൽദേ (24), ഇവരുടെ സുഹൃത്ത് അൽ ഫേഷ് ഷെയ്ഖ് (24) എന്നിവരെയാണ് നവി മുംബൈ പൊലീസ് പിടികൂടിയത്. സംഭവത്തിന്‍റെ വീഡിയോ ബുധനാഴ്ച സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു.
വീഡിയോയിൽ കാറിന്‍റെ രജിസ്ട്രേഷൻ നമ്പർ അവ്യക്തമായിരുന്നെങ്കിലും, ട്രാഫിക് പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വാഹനത്തിന്‍റെ വിവരങ്ങൾ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഖാർഘറിൽ താമസിക്കുന്ന ഉടമയെ കണ്ടെത്തുകയും ചെയ്തു.
കഴിഞ്ഞ ഞായറാഴ്ചയാണ് റീൽ ചിത്രീകരിച്ചത്. ഇതുവഴി കടന്നുപോയ ഒരു വാഹന യാത്രികൻ മൊബൈലിൽ ദൃശ്യങ്ങൾ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഇരുവരുടെയും പേരിൽ ഖാർഘർ പോലീസ് സ്റ്റേഷനിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഡിജിറ്റൽ കണ്ടന്‍റ് ക്രിയേറ്ററും യുവതിക്ക് യൂട്യൂബിൽ പത്ത് ലക്ഷത്തിലധികം സബ്സ്ക്രൈബർമാരുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ഭാരതീയ ന്യായ സംഹിത, മോട്ടോർ വാഹന നിയമം എന്നിവ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.