
ബെംഗളൂരു: ധർമസ്ഥല കേസ് അന്വേഷിക്കുന്ന പ്രത്യേകാന്വേഷണ സംഘത്തിൽ നിന്ന് ഏക വനിതാ ഐപിഎസ് ഉദ്യോഗസ്ഥ പിൻമാറി. ഡിസിപി സൗമ്യലതയാണ് എസ്ഐടിയിൽ നിന്ന് പിൻമാറുന്നതായി കാണിച്ച് കത്ത് നൽകിയത്. വ്യക്തിപരമായ അസൗകര്യം ചൂണ്ടിക്കാണിച്ചാണ് കത്ത്. സംഘത്തിലെ മറ്റൊരു മുതിർന്ന ഉദ്യോഗസ്ഥനായ ഐജി എംഎൻ അനുചേതും അനൗദ്യോഗികമായി അന്വേഷണത്തിന്‍റെ ഭാഗമാകാനില്ലെന്ന് ആഭ്യന്തരവകുപ്പിനെ അറിയിച്ചെന്നാണ് സൂചന. ഇതോടെ ഇന്ന് മംഗളൂരുവിലെത്താനിരുന്ന അന്വേഷണസംഘത്തിന്‍റെ യാത്ര മാറ്റി.
അന്വേഷണത്തിന്‍റെ തുടർനടപടികളിലും ആശയക്കുഴപ്പമുണ്ട്. ഡിജിപി പ്രണബ് കുമാർ മൊഹന്തി നേതൃത്വം നൽകുന്ന ഇരുപത്തിനാലംഗ അന്വേഷണസംഘത്തിൽ മറ്റൊരു വനിതാ ഉദ്യോഗസ്ഥയെ നിയമിക്കുമെന്ന് ആഭ്യന്തരമന്ത്രി ജി പരമേശ്വര അറിയിച്ചു. ബെൽത്തങ്കടിയിലെ ഐബി ക്യാമ്പ് ഓഫീസാക്കിയാകും എസ്ഐടി പ്രവർത്തിക്കുക. ഉത്തര കന്നഡ, ചിക്കമംഗളൂരു, ഉഡുപ്പി എന്നീ ജില്ലകളിൽ നിന്നടക്കമുള്ള ഇരുപത് ഉദ്യോഗസ്ഥരെക്കൂടി സംഘത്തിൽ ഉൾപ്പെടുത്തി ഇന്നലെ ആഭ്യന്തരവകുപ്പ് ഉത്തരവ് പുറത്തിറക്കിയിരുന്നു. വിപുലമായ അന്വേഷണം കേസിൽ ആവശ്യമാകുമെന്ന് കണ്ടാണ് അന്വേഷണസംഘം വിപുലീകരിച്ചത്. കർണാടകയിലെ ഏതെങ്കിലും സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത മിസ്സിംഗ് കേസുകൾ ആവശ്യമെങ്കിൽ ഏറ്റെടുത്ത് അന്വേഷിക്കാൻ എസ്ഐടിക്ക് അധികാരമുണ്ടാകും.
വെളിപ്പെടുത്തൽ നടത്തിയ മുൻ ശുചീകരണത്തൊഴിലാളിയെ സാക്ഷിയായി കണക്കാക്കാൻ തീരുമാനമായിട്ടുണ്ട്. പ്രത്യേകാന്വേഷണസംഘം സാക്ഷിയിൽ നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തും. ശേഷമാകും മൃതദേഹം പുറത്തെടുക്കുന്നതുൾപ്പടെയുള്ള നടപടികളിലേക്ക് കടക്കുക.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam