അർച്ചന കിണറ്റിൽ ചാടിയത് ശിവകൃഷ്ണൻ്റെ മർദ്ദനം കാരണമെന്ന് നിഗമനം; സാക്ഷികളായി കുട്ടികൾ, തെളിവായി ദൃശ്യങ്ങൾ

Published : Oct 13, 2025, 12:34 PM IST
Accident Death

Synopsis

കിണറ്റിൽ ചാടിയ അർച്ചനയെ ആണ്‍ സുഹൃത്ത് ശിവകൃഷ്ണൻ മർദ്ദിച്ചിരുന്നതായി അർച്ചനയുടെ മക്കൾ പറയുന്നു. ഉപദ്രവം കാരണമാണ് അമ്മ കിണറ്റിൽ ചാടിയതെന്നും കുട്ടികള്‍ മാധ്യമങ്ങളോട് പറഞ്ഞു.

കൊല്ലം: കൊല്ലം നെടുവത്തൂരിൽ രക്ഷാപ്രവർത്തനത്തിനിടെ ദാരുണാപകടം ഉണ്ടായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഒപ്പം താമസിച്ചിരുന്ന ശിവകൃഷ്ണൻ്റെ മർദ്ദനം കാരണമാണ് അർച്ചന കിണറ്റിൽ ചാടിയതെന്നാണ് നിഗമനം. കിണറ്റിൽ ചാടിയ അർച്ചനയെ ആണ്‍ സുഹൃത്ത് ശിവകൃഷ്ണൻ മർദ്ദിച്ചിരുന്നതായി അർച്ചനയുടെ മക്കൾ പറയുന്നു. ഉപദ്രവം കാരണമാണ് അമ്മ കിണറ്റിൽ ചാടിയതെന്നും കുട്ടികള്‍ മാധ്യമങ്ങളോട് പറഞ്ഞു. മൂന്ന് മക്കളുടെ അമ്മയായ അർച്ചനയെ ശിവകൃഷ്ണൻ മർദ്ദിച്ചിരുന്നതിൻ്റെ തെളിവായി ദൃശ്യങ്ങളും ഇതിനിടെ പുറത്തുവന്നു. കിണറ്റിൽ ചാടിയഅർച്ചനയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഫയർഫോഴ്സ് അംഗം ഉൾപ്പടെ മൂന്ന് പേരാണ് മരിച്ചത്.

ഇന്ന് പൂലര്‍ച്ചെയാണ് നാടുനെ നടുക്കിയ അപകടം ഉണ്ടായത്. കൊട്ടാരക്കര ഫയർ & റസ്ക്യൂ യൂണിറ്റ് അംഗമായ ആറ്റിങ്ങൽ സ്വദേശി സോണി എസ്. കുമാർ (36), കിണറ്റിൽ ചാടിയ നെടുവത്തൂർ സ്വദേശിനി അർച്ചന (33), യുവതിയുടെ സുഹൃത്ത് ശിവകൃഷ്ണൻ (22) എന്നിവരാണ് കിണറിൻ്റെ കൈവരി തകർന്ന് മരിച്ചത്. കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കുന്നതിനിടെ കിണറിൻ്റെ കൈവരി ഇടിഞ്ഞ് വീണായിരുന്നു അപകടം. മൂന്ന് കുട്ടികളുടെ അമ്മയാണ് മരിച്ച അർച്ചന. പുലര്‍ച്ചെ 12.15 ഓടെയാണ് കൊട്ടാരക്കര ഫയർഫോഴ്സിന് അപകട വിവരം അറിയിച്ചുകൊണ്ട് ഫോണ്‍ കോള്‍ വരുന്നത്. ഫയർഫോഴ്സ് എത്തുമ്പോൾ അർച്ചനയുടെ മൂത്ത രണ്ട് മക്കൾ വഴിയിൽ നിൽക്കുകയായിരുന്നു. അമ്മ കിണറ്റിൽ കിടക്കുകയാണെന്ന് കുട്ടികള്‍ ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അറിയിച്ചു. തുടര്‍ന്ന് കൊട്ടാരക്കര ഫയർ & റസ്ക്യൂ യൂണിറ്റ് അംഗമായ സോണി റോപ് അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് താഴെയിറങ്ങുകയായിരുന്നു. യുവതിയെ മുകളിലേക്ക് കയറ്റാൻ ശ്രമിക്കുമ്പോഴാണ് കൈവരി ഇടിഞ്ഞ് അപകടം ഉണ്ടായത്.

അപകട സമയത്ത് കിണറ്റിന്‍റെ അരികില്‍ നില്‍ക്കുകയായിരുന്ന അർച്ചനയുടെ സുഹൃത്ത് ശിവകൃഷ്ണൻ കിണറ്റിലേക്ക് വീഴുകയായിരുന്നു. ശിവകൃഷ്ണനും അർച്ചനയും കുറച്ച് നാളായി ഒരുമിച്ചായിരുന്നു താമസമെന്ന് നാട്ടുകാര്‍ പറയുന്നു. ഇവർ തമ്മിലുള്ള തർക്കമാണ് യുവതി കിണറ്റിലേക്ക് ചാടാൻ കാരണം എന്നാണ് നിഗമനം. അപകട സമയത്ത് മധ്യലഹരിയിലായിരുന്നു ശിവകൃഷ്ണൻ. ശിവകൃഷ്ണൻ കൈവരിയിൽ ചാരിയപ്പോൾ കൈവരി പെട്ടന്ന് ഇടിഞ്ഞ് വീഴുകയായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്ന ഫയർഫോഴ്സ് ഓഫീസർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. കൈവരിയുടെ ബലക്കുറവാണ് അപകടത്തിന് കാരണമെന്നും ഫയർഫോഴ്സ് അറിയിച്ചു. 80 അടി താഴ്ചയുള്ള കിണറായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

'രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞത് സ്വാഭാവിക നടപടി, മനഃപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല': മുഖ്യമന്ത്രി
തിരുവനന്തപുരം കോർപ്പറേഷന് ലഭിച്ച 1000 കോടി കേന്ദ്ര ഫണ്ടില്‍ തിരിമറിയെന്ന് ബിജെപി ,അന്വേഷണം അവശ്യപ്പെട്ട് കേന്ദ്രത്തിന് പരാതി നൽകി