'ലക്ഷദ്വീപിലെ കുട്ടികളെ മാതൃഭാഷ പഠിക്കാൻ അനുവദിക്കണം'; അറബിയും മഹലും പാഠ്യപദ്ധതിയിൽ നിന്ന് നീക്കുന്നതിനെതിരെ ശിവൻകുട്ടി

Published : Jun 05, 2025, 01:51 PM IST
V Sivankutty

Synopsis

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ മറവിൽ ഭാഷാ ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കുകയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി.

തിരുവനന്തപുരം: ലക്ഷദ്വീപിലെ ജനങ്ങളുടെ മാതൃഭാഷകളായ അറബി, മഹൽ ഭാഷ എന്നിവ സ്കൂൾ പാഠ്യപദ്ധതിയിൽ നിന്ന് നീക്കം ചെയ്യാനുള്ള ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ സമീപകാല തീരുമാനം അങ്ങേയറ്റം ആശങ്കാജനകമാണെന്ന് മന്ത്രി വി ശിവൻകുട്ടി.

ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി രാജ്യത്തിന്‍റെ വൈവിധ്യത്തെ പൂർണമായും നശിപ്പിക്കുന്ന കേന്ദ്ര നടപടികളുടെ ഏറ്റവും പുതിയ ഉദാഹരണമാണിതെന്ന് മന്ത്രി വിമർശിച്ചു.

ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിന്റെ മറവിലെ ഈ നീക്കം, വിദ്യാഭ്യാസത്തിൽ മാതൃഭാഷകളും പ്രാദേശിക വൈവിധ്യവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപിത നയത്തിന് വിരുദ്ധമാണെന്ന് മന്ത്രി വിമർശിച്ചു. ലക്ഷദ്വീപിലെ കുട്ടികൾക്ക് സ്വന്തം ഭാഷ പഠിക്കാനുള്ള അവസരം നിഷേധിക്കുന്നതിലൂടെ, കേന്ദ്രം ഭാഷാ ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കുകയാണ്. അങ്ങനെ ചെയ്യുന്നതിലൂടെ നമ്മുടെ രാഷ്ട്രത്തെ നിർവചിക്കുന്ന ബഹുസ്വരതയെയും ഉൾക്കൊള്ളലിനെയും അത് ദുർബലപ്പെടുത്തുകയാണെന്ന് മന്ത്രി വിശദീകരിച്ചു.

ഭാഷ ആശയവിനിമയത്തിനുള്ള ഒരു മാധ്യമം മാത്രമല്ല - അത് സ്വത്വത്തിന്റെയും ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും പ്രതീകമാണ്. വിദ്യാഭ്യാസ നയത്തിലൂടെ തദ്ദേശീയ ഭാഷകളെ വ്യവസ്ഥാപിതമായി ഇല്ലാതാക്കുന്നത് സമൂഹത്തിന്റെ സാംസ്കാരിക ഘടനയ്ക്കു നേരെയുള്ള ആക്രമണമാണ്.

പിഎം ശ്രീ പദ്ധതിയുടെയും എൻഇപി ചട്ടക്കൂടിന്റെയും അടിസ്ഥാനപരമായ ഉദ്ദേശ്യത്തെയും ദിശയെയും കുറിച്ച് കേരള സർക്കാർ നേരത്തെ തന്നെ ശക്തമായ ആശങ്കകൾ ഉന്നയിച്ചിരുന്നു. സംസ്ഥാനത്ത് ഇത് നടപ്പിലാക്കുന്നതിനെ എതിർക്കാനുള്ള കേരളത്തിന്റെ തീരുമാനം കൃത്യമായി അത്തരം ആശങ്കകളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. കേന്ദ്രീകൃത നയങ്ങൾ പ്രാദേശിക, ഭാഷാ, സാംസ്കാരിക യാഥാർത്ഥ്യങ്ങളെ മാറ്റിമറിക്കും എന്ന ആശങ്ക ലക്ഷദ്വീപിന്റെ കാര്യത്തിൽ യാഥാർത്ഥ്യമായിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിലെ ഒരു വിഷയമാണ് വിദ്യാഭ്യാസം. അതിനാൽ, കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും തുല്യ അവകാശമാണ് ഉള്ളത്. മാത്രമല്ല, ഭരണഘടനയ്ക്ക് കീഴിലുള്ള അവകാശങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഉണ്ട്. പ്രാദേശിക ഭാഷകളെയും സംസ്കാരങ്ങളെയും പാർശ്വവൽക്കരിക്കുന്ന വിദ്യാഭ്യാസ നിർദ്ദേശങ്ങൾ ഏകപക്ഷീയമായി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ഏതൊരു ശ്രമവും ചെറുക്കപ്പെടണം. ഈ വിഷയത്തിൽ കേരളം ലക്ഷദ്വീപിലെ ജനങ്ങളുമായി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. ഈ ഭാഷാപരമായ അനീതിക്കെതിരെ ശബ്ദമുയർത്താനും ഈ തീരുമാനം ഉടനടി പിൻവലിക്കണമെന്ന് ആവശ്യപ്പെടാനും എല്ലാ ജനാധിപത്യ ശക്തികളോടും അധ്യാപകരോടും സമൂഹ സംഘടനകളോടും മന്ത്രി അഭ്യാർത്ഥിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആനയിറങ്ങിയാൽ ഉടൻ ഫോണിൽ അലർട്ട്; കാടുകളിൽ ‘എഐ കണ്ണുകൾ’, വനംവകുപ്പും ടാറ്റ ഗ്രൂപ്പും കൈകോർക്കുന്നു
നയപ്രഖ്യാപന വിവാദം: വായിക്കാതെ വിട്ടതിൽ അവാസ്തവ വിവരങ്ങൾ; വിശദീകരണവുമായി ലോക് ഭവൻ