
തിരുവനന്തപുരം: അടിമലത്തുറയിലെ തീരഭൂമി കൈയ്യേറ്റത്തിൽ വിട്ടുവീഴ്ചയില്ലാതെ സർക്കാർ. സ്വന്തം ചെലവിൽ അനധികൃത കണ്‍വെൻഷൻ സെന്‍റർ പൊളിക്കണമെന്ന് പള്ളികമ്മിറ്റിയോട് കളക്ടർ ആവശ്യപ്പെട്ടു. തീരം കയ്യേറ്റത്തിൽ മുഖ്യമന്ത്രിയും യോഗം വിളിച്ചതോടെയാണ് നടപടികൾ ശക്തമാക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട്.
മത്സ്യത്തൊഴിലാളികളെ വഞ്ചിച്ചുള്ള പന്ത്രണ്ട് ഏക്കർ തീരം കൊള്ളയിൽ സർക്കാർ പിന്നോട്ടില്ല. ഉദ്യോഗസ്ഥരും ലത്തീൻ സഭാ പ്രതിനിധികളും പങ്കെടുത്ത യോഗത്തിൽ ശക്തമായ നിലപാടാണ് കളക്ടർ കൈകൊണ്ടത്. ഒന്നരയേക്കർ പുറമ്പോക്ക് കൈയ്യേറി നിർമ്മിച്ച കണ്‍വെൻഷൻ സെന്‍റർ പള്ളികമ്മിറ്റി തന്നെ പൊളിച്ചുനീക്കണമെന്ന് കളക്ടർ നിർദ്ദേശിച്ചു. ഹൈക്കോടതി ഉത്തരവ് പാലിക്കണം. സർക്കാർ പൊളിക്കേണ്ട സാഹചര്യം ഉണ്ടായാൽ ചെലവ് പള്ളി കമ്മിറ്റിയിൽ നിന്നും ഈടാക്കുമെന്നും കളക്ടർ മുന്നറിയിപ്പ് നൽകി. മത്സ്യത്തൊഴിലാളികളിൽ നിന്നും പണം വാങ്ങി ഒൻപതേക്കർ തീരം പുറമ്പോക്ക് പള്ളികമ്മിറ്റി വിറ്റതിലും സർക്കാർ നടപടികൾ ആലോചിക്കുകയാണ്.
സഭാ നേതൃത്വത്തിന്‍റെ പ്രതിനിധിയായി എത്തിയ വികാർ ജനറൽ മൊണ്‍സിന്യോർ സി.ജോസഫും പള്ളികമ്മിറ്റിയുടെ നിയമലംഘനങ്ങൾ തള്ളി. നിയമ വ്യവസ്ഥയുമായി സഹകരിക്കുമെന്നാണ് സഭാ നേതൃത്വത്തിന്‍റെ ഉറപ്പ്. അതേസമയം വഞ്ചിക്കപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് പുനരധിവാസം ഉറപ്പാക്കണമെന്ന് വികാർ ജനറൽ ആവശ്യപ്പെട്ടു. തുടർ നടപടികളാലോചിക്കാൻ മുഖ്യമന്ത്രിയും നാളെ ഉന്നതതല യോഗം ചേരും. തീരം കയ്യേറ്റത്തിലെ ഒന്നാം പ്രതിയായ അടിമലത്തുറ ഇടവകവികാരി മെൽബിൻ സൂസയും യോഗത്തിനെത്തി.
Read more: കടൽത്തീരത്ത് ഒന്നര ഏക്കർ കൺവെൻഷൻ സെന്‍റർ: കയ്യേറ്റ പരമ്പര തുടർന്ന് ലത്തീൻ പള്ളി
എന്തായിരുന്നു അടിമലത്തുറയിലെ കയ്യേറ്റം? വിശദമായി ആ വാർത്ത റിപ്പോർട്ട് ചെയ്ത ഞങ്ങളുടെ പ്രതിനിധി അനൂപ് ബാലചന്ദ്രൻ തന്നെ എഴുതിയത് വായിക്കാം:
Read more: അടിമലത്തുറയെന്ന കയ്യേറ്റ റിപ്പബ്ലിക്; അന്വേഷണത്തിലെ കണ്ടെത്തലുകള്‍
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam