കൊവിഡ് 19: സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി

By Web TeamFirst Published Mar 8, 2020, 3:21 PM IST
Highlights

രോഗ ബാധിത രാജ്യങ്ങളില്‍ നിന്നെത്തിയവര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുമായോ അടുത്തുള്ള സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രവുമായോ നിര്‍ബന്ധമായും ഫോണ്‍ മുഖേന ബന്ധപ്പെടണമെന്നും മുഖ്യമന്ത്രി.

തിരുവനന്തപുരം: സംസ്ഥാനത്ത് ചികിത്സയിലുള്ള അഞ്ച് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ആരോഗ്യവകുപ്പിന്‍റെ മാർഗ നിർദേശങ്ങൾ എല്ലാവരും പാലിക്കണം. രോഗബാധിത രാജ്യങ്ങളിൽ നിന്ന് വന്നവർ ജില്ലാ മെഡിക്കൽ ഓഫീസറുമായോ അടുത്തുള്ള ആരോഗ്യകേന്ദ്രവുമായോ ബന്ധപ്പെടണമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

ലോകത്ത് പല രാജ്യങ്ങളിലും പുതിയ കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും രോഗം വ്യാപിക്കുന്നതും കണക്കിലെടുത്ത് ചൈന, ഹോങ്കോംഗ്, തായ്‌ലന്‍ഡ്, സിംഗപ്പൂര്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, വിയറ്റ്‌നാം, നേപ്പാള്‍, ഇന്തോനേഷ്യ, മലേഷ്യ എന്നിവയ്ക്ക് പുറമേ ഇറാന്‍, ഇറ്റലി എന്നിവിടങ്ങളില്‍ നിന്ന് നേരിട്ടുള്ള ഫ്ലൈറ്റുകളിലൂടെ വരുന്ന യാത്രക്കാരെ കൂടി പരിശോധിക്കും. രോഗ ബാധിത രാജ്യങ്ങളില്‍ നിന്നെത്തിയവര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുമായോ അടുത്തുള്ള സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രവുമായോ നിര്‍ബന്ധമായും ഫോണ്‍ മുഖേന ബന്ധപ്പെടേണ്ടതാണ്. ഇത്തരം യാത്രികരുടെ വിവരങ്ങള്‍ അറിയുന്നവരും ആരോഗ്യ വകുപ്പിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. 

Also Read: കേരളത്തില്‍ വീണ്ടും കൊവിഡ് 19; പത്തനംതിട്ടയിൽ 5 പേര്‍ക്ക് സ്ഥിരീകരണം, 3 പേര്‍ ഇറ്റലിയിൽ നിന്ന് വന്നവര്‍

കൊവിഡ് 19 രോഗബാധയുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിന് ആരോഗ്യ വകുപ്പിന്‍റെ ദിശ 1056, 0471 2552056 എന്നീ നമ്പരുമായി ബന്ധപ്പെടേണ്ടതാണ്.

Also Read: അധികൃതരെ കബളിപ്പിച്ച് രോഗബാധിതര്‍ നാട്ടില്‍ കറങ്ങി നടന്നത് ഒരാഴ്ച: പൊട്ടിത്തെറിച്ച് ആരോഗ്യമന്ത്രി

Also Read: കൊവിഡ് 19: റാന്നിയിലെ 3 പള്ളികളിൽ ഞായറാഴ്ച പ്രാർത്ഥന ഒഴിവാക്കി, പത്തനംതിട്ടയിൽ കൺട്രോൾ റൂം

click me!