പത്തനംതിട്ട: അഞ്ച് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ പത്തനംതിട്ട ജില്ലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു.രോഗ പ്രതിരോധ മുൻകരുതൽ പ്രവര്‍ത്തനങ്ങൾ ആരോഗ്യ പ്രവര്‍ത്തകര്‍ ഊര്‍ജ്ജിതമാക്കി. ക്രമീകരണങ്ങൾ വിലയിരുത്താൻ ആരോഗ്യമന്ത്രി കെകെ ശൈലജ നേരിട്ട് പത്തനംതിട്ടയിലെത്തുന്നുണ്ട്. പത്തനംതിട്ട കൊവിഡ് കൺട്രോൾ റൂം തുറന്നിട്ടുണ്ട്. 04682228220 ആണ് നമ്പര്‍ . ആരോഗ്യസംബന്ധമായ അറിവുകൾക്കും അറിയിപ്പുകൾക്കും പൊതുജനങ്ങൾക്കും ഈനമ്പറിൽ ബന്ധപ്പെടാം. 

അതിനിടെ കൊവിഡ് സ്ഥിരീകരിച്ചവരുടെ ഇടവക അടക്കം റാന്നിയിലെ മൂന്ന് പള്ളികളിൽ ഞായറാഴ്ച പ്രാർത്ഥന ഒഴിവാക്കി. മതപരമായ ഒത്തുകൂടലുകളിൽ ജാഗ്രത വേണമെന്ന് ജില്ലാ ഭരണകൂടവും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലയിൽ കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ചതിനെ തുടർന്ന് മാർച്ച്  13 മുതൽ 16 വരെ അണക്കര മരിയൻ ധ്യാനകേന്ദ്ര ത്തിൻ്റെ നേതൃത്വത്തിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന പത്തനംതിട്ട കാതലിക് കൺവൻഷനും മാറ്റി വച്ചു. രൂപതാദ്ധ്യക്ഷൻ ബിഷപ് സാമുവൽ മാർ ഐറേനിയോസ് ആണ് ഇക്കാര്യം അറിയിച്ചത്.  

കൊവിഡ് ബാധിച്ചവരുടെ ബന്ധുക്കളെ കോട്ടയം മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റും. ഇവരാണ് പത്തനംതിട്ട സ്വദേശികളെ വിമാനത്താവളത്തിൽ സ്വീകരിക്കാൻ പോയത്. രോഗ ലക്ഷണം ഉള്ളവരെ പ്രത്യേകം നിരീക്ഷിക്കാൻ ആശുപത്രികൾക്കും നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.