പത്തനംതിട്ട: ഇറ്റലിയില്‍ നിന്നും വന്ന മൂന്ന് പേര്‍ക്കും അവരുടെ രണ്ട് ബന്ധുകള്‍ക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സംഭവത്തില്‍ വിദേശത്തു നിന്നും വന്നവരുടെ ഭാഗത്ത് നിന്നുണ്ടായത് അതീവ ഗുരുതരവീഴ്ച. ഫെബ്രുവരി 28-ന് വെനീസില്‍ നിന്നും ദോഹയില്‍ എത്തിയ രോഗബാധിതരായ ദമ്പതികളും ഇവരുടെ മകനും അവിടെ നിന്നും മറ്റൊരു വിമാനത്തിലാണ് കൊച്ചിയിലെത്തിയത്. 

കൊറോണ വൈറസ് ബാധയുള്ള രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ ആ വിവരം വിമാനത്താവളത്തില്‍ അറിയിച്ച് പരിശോധന നടത്തി വേണം പുറത്തിറങ്ങാന്‍ എന്ന് നേരത്തെ തന്നെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യപ്പെട്ടതാണ്. എന്നാല്‍ ഇപ്പോള്‍ രോഗബാധ സ്ഥിരീകരിച്ച പ്രവാസി കുടുംബം കൊച്ചി വിമാനത്താവളത്തില്‍ ഈ പരിശോധനയ്ക്ക് വിധേയരാവാതെയാണ് പുറത്തിറങ്ങിയത്. 

അധികൃതരെ കബളിപ്പിച്ച് വിമാനത്താവളത്തില്‍ നിന്നും ഇറങ്ങിയ ഇവരെ സ്വീകരിക്കാന്‍ പത്തനംതിട്ട സ്വദേശികളായ രണ്ട് ബന്ധുക്കള്‍ എത്തിയിരുന്നു. തുടര്‍ന്ന് സ്വകാര്യകാറില്‍ ഇവര്‍ അഞ്ച് പേരും കൂടി പത്തനംതിട്ടയിലേക്ക് തിരിച്ചു. മാര്‍ച്ച് ഒന്നിന് രാവിലെ 8.20-ഓടെ കൊച്ചിയില്‍ എത്തിയ ഇവര്‍ മാര്‍ച്ച് ആറ് വരെ പത്തനംതിട്ടയില്‍ പലഭാഗത്തുമായി സഞ്ചരിക്കുകയും നിരവധി പേരുമായി ഇടപഴകുകയും ചെയ്തിട്ടുണ്ട് ഇവരെയല്ലാം കണ്ടെത്തുക എന്ന ഭഗീരഥ പ്രയത്നമാണ് ഇപ്പോള്‍ ആരോഗ്യവകുപ്പിന് മുന്‍പിലുള്ളത്. ദോഹയില്‍ നിന്നും കൊച്ചിയിലേക്ക് ഇവര്‍ വന്ന വിമാനത്തില്‍ തന്നെ 350-ഓളം പേരുണ്ടായിരുന്നു എന്നാണ് വിവരം. 

പ്രവാസികുടുംബം വിമാനത്താവളത്തില്‍ വച്ചു തന്നെ പരിശോധനയോട് സഹകരിച്ചിരുന്നുവെങ്കില്‍ കാര്യങ്ങള്‍ ഇത്ര സങ്കീര്‍ണമാവില്ലായിരുന്നുവെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചര്‍ തുറന്നടിച്ചു. തീര്‍ത്തും നിരുത്തരവാദിത്തപരമായ പെരുമാറ്റമാണ് രോഗബാധിതരില്‍ നിന്നുമുണ്ടായത്. എന്നാല്‍ രോഗികളായ സ്ഥിതിക്ക് അവരുടെ ജീവന്‍ രക്ഷിക്കാനാണ് നമ്മള്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. ആരോഗ്യവകുപ്പിന് ഒന്നും മറച്ചു വയ്ക്കാനാവില്ല. പരിശോധനകളുമായി സഹകരിച്ചാല്‍ ആര്‍ക്കും ഒന്നും നഷ്ടപ്പെടാനില്ല. ചെറിയ ചെറിയ ബുദ്ധിമുട്ടുകള്‍ മാത്രമേ എല്ലാവര്‍ക്കും ഉണ്ടാവൂ. 

രോഗവിവരം അവര്‍ നേരത്തെ പറഞ്ഞിരുന്നുവെങ്കില്‍ അവര്‍ക്കും സമൂഹത്തിനും അതു ഗുണം ചെയ്തേനെ. ഇതിപ്പോള്‍ എത്ര ആളുകളാണ് ഇനി ആശങ്കയോടെ ജീവിക്കേണ്ടത്. എത്രയോ ദിവസങ്ങളായി ഊണും ഉറക്കവും ഉപേക്ഷിച്ച്ആരോഗ്യപ്രവര്‍ത്തകര്‍ കൊറോണ വൈറസിനെതിരെ പോരാടിക്കുകയാണ് അവരോട് സഹകരിക്കാതെ ഇങ്ങനെയുള്ള ഉപദ്രവം ഉണ്ടാക്കി വയ്ക്കുന്നത് എന്തിനാണ്. 

തുടര്‍ന്ന് വായിക്കാം: ചുമയും പനിയും ഉള്ളവര്‍ ആറ്റുകാൽ പൊങ്കാലക്ക് വരരുതെന്ന് ആരോഗ്യ മന്ത്രി : കൊവിഡ് 19 ജാഗ്രത...
വിദേശത്ത് നിന്നും വന്ന ആരെങ്കിലുമുണ്ടെങ്കില്‍ ദയവായി അടുത്തുള്ള മെഡിക്കല്‍ ഓഫീസറെ കണ്ട് രോഗവിവരം അറിയിക്കണം. അതിലെന്താണ് അവര്‍ക്ക് നഷ്ടപ്പെടാനുള്ളത്. ഞങ്ങളെ സമീപിച്ച എല്ലാവരേയും വളരെ നല്ല രീതിയിലാണ് ഞങ്ങള്‍ പരിചരിക്കുന്നത്. വൈറസ് ശരീരത്തില്‍ പ്രവേശിച്ചാല്‍ രോഗലക്ഷണങ്ങള്‍ വെളിപ്പെടാന്‍ 14 ദിവസം വരെ വേണ്ടി വരും. ഈ സമയം നമ്മളുമായി ഇടപെട്ടവരില്‍ എല്ലാം രോഗബാധയ്ക്ക് സാധ്യതയുണ്ട്. ഒരു ജീവന്‍ പോലും നഷ്ടപ്പെടാതെ എല്ലാവരേയും രക്ഷിക്കാനാണ് ആരോഗ്യവകുപ്പ് ഇത്ര കര്‍ശനമായി ഇടപെടുന്നത്. ദയവായി എല്ലാവരും ഞങ്ങളോട് സഹകരിക്കുക - ആരോഗ്യമന്ത്രി പറയുന്നു. 

"
ഫെബ്രുവരി 29-ന് ഇവര്‍ കേരളത്തിലെത്തിയ ശേഷം മാര്‍ച്ച് ആറാം തീയതി ആശുപത്രിയില്‍ അഡ്മിറ്റാവും വരെയുള്ള ദിവസങ്ങളില്‍ ഇവര്‍ എവിടെയെല്ലാം പോയി ആരെയെല്ലാം കണ്ടു എന്ന വിവരങ്ങള്‍ കണ്ടെത്തും. ഇവരെ കണ്ടെത്താനും അവരുടെ ആരോഗ്യനില കണ്ടെത്താനും എട്ട് ടീമുകളെ ചുമതലപ്പെടുത്തി. ഏഴ് പേരാവും ഒരോ ടീമിലും ഉണ്ടാവുക. ഇതില്‍ രണ്ട് പേര്‍ ഡോക്ടര്‍മാരാവും. 

തുടര്‍ന്ന് വായിക്കാം: കേരളത്തില്‍ വീണ്ടും കൊവിഡ് 19; പത്തനംതിട്ടയിൽ 5 പേര്‍ക്ക് സ്ഥിരീകരണം, 3 പേര്‍ ഇറ്റലിയിൽ നിന്ന് വന്നവ...
ഈ ടീമുകളെ ഉപയോഗിച്ച് ഇന്ന് വൈകുന്നേരത്തോടെ രോഗബാധ സ്ഥിരീകരിച്ചവരുമായി ഇടപഴകിയ മുഴുവന്‍ പേരേയും കണ്ടെത്താനും ഇവരെ വീടുകളില്‍ നിരീക്ഷണത്തില്‍ നിര്‍ത്താനും സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ സാഹചര്യം നിയന്ത്രണവിധേയമാണ്. രോഗബാധിതരുമായി ഇടപെട്ടവര്‍ സ്വന്തം ആരോഗ്യനില ശ്രദ്ധിക്കണമെന്നും എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അധികൃതരെ അറിയിക്കണമെന്നും പത്തനംതിട്ട ജില്ലാ കളക്ടര്‍ പിബി നൂഹ് അറിയിച്ചു. രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പൊതുപരിപാടികള്‍ തത്കാലത്തേക്ക് നീട്ടിവയ്ക്കണമെന്നും പത്തനംതിട്ട ജില്ലാ കളക്ടര്‍ അറിയിച്ചു. 

ഇറ്റലിയില്‍ നിന്നും വന്ന 56,53 വയസുള്ള ദമ്പതിമാര്‍ ഇവരുടെ 24 വയസുള്ള മകന്‍. ഇവരുടെ അടുത്ത ബന്ധുവും അയല്‍വാസികളുമായ 65-കാരനും 61 വയസുള്ള സ്ത്രീയും... ഇങ്ങനെ അഞ്ച് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഐസോലെേഷന്‍ വാര്‍ഡില്‍ കഴിയുന്ന അഞ്ച് പേരുടേയും ആരോഗ്യനില തൃപ്തികരമാണ്.  

ഇറ്റലിയില്‍ നിന്നും വന്ന പ്രവാസി കുടുംബത്തിന്‍റെ വീട്ടില്‍ 90 വയസിന് മേലെ പ്രായമുള്ള മുത്തശ്ശനും മുത്തശ്ശിയുമുണ്ട്. ഇവര്‍ക്ക് വൈറസ് ബാധ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ പ്രായമേറിയ ആളുകളായതിനാല്‍ ഇവരെ നിരീക്ഷണത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. രോഗബാധ സ്ഥിരീകരിച്ച അഞ്ച് പേരുടേയും പരിശോധന ഫലം ഇന്നലെ രാത്രിയോടെയാണ് ലഭിച്ചത്. രാത്രി തന്നെ ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രത്യേക വീഡിയോ കോണ്‍ഫറന്‍സ് ചേര്‍ന്ന് അടിയന്തര നടപടികള്‍ ചര്‍ച്ച ചെയ്തു.