
കൊല്ലം: കൊല്ലം കടയ്ക്കലിൽ സിപിഎം-കോൺഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘർഷത്തിൽ കോൺഗ്രസുകാരുടെ പരാതിയിൽ 25 പേർക്കെതിരെ കേസെടുത്ത് കടയ്ക്കൽ പൊലീസ്. സിപിഎം നേതാവിൻ്റെ പരാതിയിൽ 9 പേർക്കെതിരെയും കേസെടുത്തു. സംഘർഷത്തിലേക്ക് നയിച്ച പ്രതിഷേധം സംഘടിപ്പിച്ചതിനും കോൺഗ്രസുകാർക്കെതിരെ കേസെടുത്തു. ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടലിൽ ഇരുവിഭാഗത്തിലെയും നേതാക്കൾക്കും പ്രവർത്തകർക്കും പരിക്കേറ്റിരുന്നു. സിപിഎം കാറ്റാടിമൂട് ബ്രാഞ്ച് സെക്രട്ടറി വിധുവിന് കുത്തേൽക്കുകയും ചെയ്തിരുന്നു. ഡിവെെഎഫ്ഐ മേഖല പ്രസിഡന്റ് അരുണിന് തലക്ക് പരിക്കേറ്റു. നിരവധി കോൺഗ്രസുകാർക്കും പരിക്കേറ്റിട്ടുണ്ട്.
ഇന്നലെയാണ് കേസിനാസ്പദമായ സംഭവം. പരുത്തി സ്കൂളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലനിന്ന കെഎസ്‍യു - എസ്എഫ്ഐ തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്. കെഎസ്‍യു പ്രവർത്തകരെ എസ്എഫ്ഐക്കാർ ആക്രമിച്ചെന്ന് ആരോപിച്ച് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ വൈകിട്ട് കടയ്ക്കലിൽ പ്രതിഷേധ പ്രകടനം നടന്നു. മറ്റൊരു ഭാഗത്ത് സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകരും നിലയുറപ്പിച്ചിരുന്നു. പ്രതിഷേധത്തിനിടെ ഇരുവിഭാഗവും തമ്മിൽ വാക്കുതർക്കവും സംഘർഷവും അരങ്ങേറുകയായിരുന്നു. കോൺഗ്രസ് ഓഫീസും ആക്രമിക്കപ്പെട്ടു. സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ കടയ്ക്കലിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു.
സിപിഎം - ഡിവൈഎഫ്ഐ പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് കോൺഗ്രസ് ആരോപിച്ചു. കോൺഗ്രസ് പ്രവർത്തകനായ അൻസറിൻ്റെ കട ഡിവെെഎഫ്ഐ പ്രവര്‍ത്തക്കാർ അടിച്ച് പൊളിച്ചെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. അതിനിടെ, അക്രമ സംഭവത്തിൽ പ്രതിഷേധിച്ച് സിപിഎം പ്രവർത്തകർ കടയ്ക്കലിൽ പ്രതിഷേധ പ്രകടനവും നടത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam