
മാനന്തവാടി: പുലര്‍ച്ചെ ഒരു മണിയോടെ യൂണിഫോമിലല്ലാതെ തിരുനെല്ലിയിലെ വീട്ടിലെത്തിയ എസ്ഐ ഉള്‍പ്പെടെ നാലു പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. പുല്‍പ്പള്ളി സ്റ്റേഷനിലെ എസ്ഐ കെ എസ് ജിതേഷ്, എഎസ്ഐ സി വി തങ്കച്ചന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ വി ജെ സനീഷ്, സിവില്‍ പൊലീസ് ഓഫീസര്‍ എന്‍ ശിഹാബ് എന്നിവരെയാണ് കണ്ണൂര്‍ റേഞ്ച് ഡിഐജി രാഹുല്‍ ആര്‍. നായര്‍ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം.
പൊലീസ് ഓഫീസറുടെ വിവാഹത്തില്‍ പങ്കെടുത്തശേഷം നാലംഗസംഘം പുലര്‍ച്ചെ ഒരുമണിയോടെ അപ്പപ്പാറയിലുള്ള വീട്ടിലെത്തുകയായിരുന്നു. കേസിന്റെ ഭാഗമായി സമന്‍സ് നല്‍കാനാണ് തങ്ങള്‍ എത്തിയതെന്നാണ് പൊലീസുകാര്‍ വീട്ടുകാരെ അറിയിച്ചത്. വീട്ടമ്മയുടെ പ്രായമായ മാതാപിതാക്കളും പ്രസവിച്ചുകിടക്കുന്ന മകളുമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. ഇവരുടെ മകനും മരുമകനും സമീപത്തുള്ള വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയിരുന്നു. പൊലീസ് ജീപ്പുമായെത്തിയ നാലുപേര്‍ക്കും യൂണിഫോം ഉണ്ടായിരുന്നില്ല എന്ന് അന്വേഷണത്തില്‍ വ്യക്തമായി.
മാത്രമല്ല ഷൂ അഴിച്ചുവെക്കാതെ കാലിലെ ചെളിയും മറ്റും ഉരച്ച് ഇവരുടെ വീട് വൃത്തികേടാക്കിയെന്നും പരാതിയുണ്ട്. സംഭവത്തില്‍ പന്തികേടുതോന്നിയ വീട്ടമ്മ ജില്ലാ പൊലീസ് മേധാവി അരവിന്ദ് സുകുമാറുമാറിന് പരാതി നല്‍കുകയായിരുന്നു. എസ്പിയുടെ നിര്‍ദ്ദേശപ്രകാരം മാനന്തവാടി ഡിവൈഎസ്പി എ പി ചന്ദ്രനാണ് പരാതി അന്വേഷിച്ചത്. അന്വേഷണ റിപ്പോര്‍ട്ട് ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി. പൊലീസ് മേധാവി കണ്ണൂര്‍ റേഞ്ച് ഡിഐജിക്ക് നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നുമാണ് പൊലീസുകാർക്കെതിരെ നടപടിയുണ്ടായത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam