മന്ത്രി വീണാ ജോർജിനെതിരായ കരിങ്കൊടി പ്രതിഷേധത്തിൽ അറസ്റ്റിലായ കെ.എസ്.യു നേതാക്കളുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുക.

കണ്ണൂർ: ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരായ കരിങ്കൊടി പ്രതിഷേധത്തിൽ അറസ്റ്റിലായ കെ.എസ്.യു നേതാക്കളുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുക. വധശ്രമമടക്കം ​ഗുരുതര വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. ഇന്നലെ നൽകിയ ജാമ്യ അപേക്ഷയിൽ കോടതി പോലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. കേസിൽ റെയിൽവേ പോലീസിന് ആരോഗ്യമന്ത്രിയുടെ മൊഴി രേഖപ്പെടുത്താനായിട്ടില്ല.

കെ.എസ്.യു നേതാവിന്‍റെ വീടിനു നേരെയുണ്ടായ ബോംബേറില്‍ പ്രതികളെ പിടികൂടാതെ പൊലീസ്

മന്ത്രിക്കെതിരെ പ്രതിഷേധിച്ച കെ.എസ്.യു നേതാവിന്‍റെ വടകര തോടന്നൂരിലെ വീടിനു നേരെയുണ്ടായ ബോംബേറില്‍ പ്രതികളെ കുറിച്ച് സൂചനയില്ലെന്ന് പോലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങളുള്‍പ്പെടെ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍, അക്രമത്തിന് പിന്നിൽ സിപിഎമ്മാണെന്നും അതിനാല്‍ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്നുമാണ് യുഡിഎഫ് ആരോപണം. പ്രതികളെ പിടികൂടിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യുഡിഎഫ് നേതൃത്വം അറിയിച്ചു. പ്രദേശത്ത് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.