Asianet News MalayalamAsianet News Malayalam

ലഖ്നൗ ലുലു മാളിനകത്ത് സുന്ദരകാണ്ഡം ചൊല്ലാൻ ശ്രമിച്ചു; മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു

ഹിന്ദു സമാജ് പാർട്ടിക്കാരാണ് പിടിയിലായത്. ഇന്ന് വൈകിട്ടാണ് സംഭവം നടന്നത്. നിലവില്‍ സാഹചര്യം സമാധാനപരമാണെന്ന് ലഖ്നൗ എഡിസിപി രാജേഷ് ശ്രീവാസ്തവ പറഞ്ഞു.

three in police custody allegedly attempting to recite Sundarkand inside Lulu mall premises
Author
Malappuram, First Published Jul 15, 2022, 10:18 PM IST

ലഖ്നൗ: കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത ലക്നൗവിലെ ലുലു മാളില്‍ സുന്ദ‍രകാണ്ഡം ചൊല്ലാന്‍ ശ്രമിച്ച മൂന്ന് പേരെ യുപി പൊലീസ് കസ്റ്റഡിയിലെടുത്തു. ഹിന്ദു സമാജ് പാര്‍ട്ടിക്കാരാണ് പിടിയിലായത്. വൈകിട്ടാണ് സംഭവം നടന്നതെന്നും മറ്റ് പ്രശ്നങ്ങള്‍ ഉണ്ടായിട്ടില്ലെന്നും ലക്നൗ എഡിസിപി രാജേഷ് ശ്രീവാസ്തവ പറഞ്ഞു.

മാളിലെ ഷോപ്പിംഗ് ഏരിയക്ക് സമീപം  ചിലര്‍ നിസ്ക്കാരം നടത്തുന്ന വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് സുന്ദരകാണ്ഡം ചൊല്ലാനുള്ള ശ്രമമുണ്ടായത്. അതേസമയം, മാളിനുള്ളിൽ നിസ്കാരം നടത്തിവർക്കെതിരെ ലുലു മാള്‍ മാനേജ്‌മെന്‍റ് നല്‍കിയ പരാതിയില്‍ യുപി പൊലീസ് കേസെടുത്തിരുന്നു. മാളിന്റെ പബ്ലിക് റിലേഷൻ മാനേജർ സിബ്‌തൈൻ ഹുസൈൻ നൽകിയ പരാതിയിൽ സുശാന്ത് ഗോൾഫ് സിറ്റി പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. അനുമതിയില്ലാതെ മാളിൽ നമസ്‌കരിച്ചു എന്നാണ് പരാതി.

 

ഐപിസി  153 എ (1) (സമുദായിക സ്പർദ്ധ വളർത്തൽ), 295എ (മതവികാരം വ്രണപ്പെടുത്തൽ), 505 (പൊതുനാശത്തിന് കാരണമാകുന്ന പ്രസ്താവന) 341 വകുപ്പുകൾ പ്രകാരമാണ് കേസ്. അജ്ഞാതർ നമസ്കരിച്ചതാണെന്നും മാൾ ജീവനക്കാരോ മാനേജ്‌മെന്റോ ഇതിൽ ഉൾപ്പെട്ടതായി അറിവില്ല എന്നും പൊലീസ് അറിയിച്ചു. പൊതുസ്ഥലങ്ങളിൽ നമസ്‌കാരത്തിന് വിലക്കുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

നേരത്തെ അജ്ഞാതരായ ഒരു കൂട്ടം ആളുകൾ മാളിൽ നമസ്‌കരിക്കുന്നതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ എതിർപ്പുമായി ഹിന്ദുത്വ സംഘടനകൾ രംഗത്തെത്തുകയും ചെയ്തു. ജൂലായ് 12നാണ് വീഡിയോ എടുത്തതെന്നാണ് സൂചന. മാളിനുള്ളിൽ നമസ്കരിച്ചതിനെതിരെ അഖില ഭാരത ഹിന്ദു മഹാസഭ എതിർപ്പുമായി രംഗത്തെത്തി. ഹൈന്ദവർക്കും മാളിനുള്ളിൽ പ്രാർത്ഥന നടത്തണമെന്നും അതിന് അവസരമൊരുക്കണമെന്നുമുള്ള ആവശ്യവുമായി സംഘടനകൾ രംഗത്തെത്തി. പിന്നാലെ  ഹിന്ദുക്കൾ മാൾ ബഹിഷ്‌കരിക്കണമെന്നും സംഘടന ആഹ്വാനം ചെയ്തിരുന്നു. വ്യവസായത്തിലും രാഷ്ട്രീയ ഗൂഢാലോചന നടപ്പാക്കാൻ തുടങ്ങിയാല്‍ ഉത്തർപ്രദേശില്‍ ആര് നിക്ഷേപം നടത്തുമെന്ന് സമാജ്‍വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് വിമർശിച്ചു.

Follow Us:
Download App:
  • android
  • ios