Asianet News MalayalamAsianet News Malayalam

ലുലു മാളിലെ നമസ്കാരം; കേസെടുത്ത് യുപി പൊലീസ്

കഴിഞ്ഞ ദിവസം ഉദ്ഘാടനം ലഖ്നൗ ലുലുമാളിൽ നമസ്കരിച്ച അജ്ഞാത സംഘത്തിനെതിരെ കേസെടുത്ത് യുപി പൊലീസ്

Lucknow Police file FIR after video of namaz at Lulu Mall goes viral
Author
Kerala, First Published Jul 15, 2022, 5:34 PM IST

ലഖ്നൗ: കഴിഞ്ഞ ദിവസം ഉദ്ഘാടനം ലഖ്നൗ ലുലുമാളിൽ നമസ്കരിച്ച അജ്ഞാത സംഘത്തിനെതിരെ കേസെടുത്ത് യുപി പൊലീസ്.  മാളിന്റെ പബ്ലിക് റിലേഷൻ മാനേജർ സിബ്‌തൈൻ ഹുസൈൻ നൽകിയ പരാതിയിൽ സുശാന്ത് ഗോൾഫ് സിറ്റി പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. അനുമതിയില്ലാതെ മാളിൽ നമസ്‌കരിച്ചു എന്നാണ് പരാതി. നേരത്തെ അജ്ഞാതരായ ഒരു കൂട്ടം ആളുകൾ മാളിൽ നമസ്‌കരിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു

ഇതിന് പിന്നാലെ എതിർപ്പുമായി ഹിന്ദുത്വ സംഘടനകൾ രംഗത്തെത്തുകയും ചെയ്തു.  ജൂലായ് 12നാണ് വീഡിയോ എടുത്തതെന്നാണ് സൂചന. മാളിനുള്ളിൽ നമസ്കരിച്ചതിനെതിരെ അഖില ഭാരത ഹിന്ദു മഹാസഭ എതിർപ്പുമായി രംഗത്തെത്തി. ഹൈന്ദവർക്കും മാളിനുള്ളിൽ പ്രാർത്ഥന നടത്തണമെന്നും അതിന് അവസരമൊരുക്കണമെന്നുമുള്ള ആവശ്യവുമായി സംഘടനകൾ രംഗത്തെത്തി. പിന്നാലെ  ഹിന്ദുക്കൾ മാൾ ബഹിഷ്‌കരിക്കണമെന്നും സംഘടന ആഹ്വാനം ചെയ്തിരുന്നു.

ഐപിസി  153 എ (1)  (സമുദായിക സ്പർദ്ധ വളർത്തൽ), 295എ (മതവികാരം വ്രണപ്പെടുത്തൽ), 505 (പൊതുനാശത്തിന് കാരണമാകുന്ന പ്രസ്താവന) 341 വകുപ്പുകൾ പ്രകാരമാണ് കേസ്. അജ്ഞാതർ നമസ്കരിച്ചതാണെന്നും മാൾ ജീവനക്കാരോ മാനേജ്‌മെന്റോ ഇതിൽ ഉൾപ്പെട്ടതായി അറിവില്ല എന്നും പൊലീസ് അറിയിച്ചു. പൊതുസ്ഥലങ്ങളിൽ നമസ്‌കാരത്തിന് വിലക്കുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

Read more: പാര്‍ലമെന്‍റ് വളപ്പിലെ പ്രതിഷേധ നിരോധനം: കോണ്‍ഗ്രസ്-ബിജെപി വാക്പോര്

മാളിൽ സർക്കാർ ഉത്തരവ് ലംഘിച്ചെന്നാണ് ഈ വീഡിയോ തെളിയിക്കുന്നതെന്നായിന്നു ഹിന്ദു മഹാസഭയുടെ ദേശീയ വക്താവ് ശിശിർ ചതുർവേദി പറഞ്ഞത്. പൊതു ഇടങ്ങളിൽ നമസ്‌കരിക്കാൻ പാടില്ലെന്നാണ് സർക്കാർ നിർദ്ദേശം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് അഭ്യർത്ഥിക്കുമെന്നും ചതുർവേദി പറഞ്ഞു. ലുലു മാളിനെതിരെ ഹിന്ദു സംഘടന ലഖ്‌നൗ പൊലീസിൽ രേഖാമൂലം പരാതിയും നൽകിയിരുന്നു.  ജൂലൈ 10 ഞായറാഴ്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് മാൾ ഉദ്ഘാടനം ചെയ്തത്. 2.2 ദശലക്ഷം ചതുരശ്ര അടിയിൽ 11 നിലകളിൽ വൻ സൗകര്യങ്ങളോടെ 300 റീട്ടെയിൽ ഷോപ്പുകളാണ് പ്രവർത്തിക്കുന്നത്. ബുധനാഴ്ച മാത്രം മാളിൽ ഒരു ലക്ഷം പേർ സന്ദർശിച്ചു.

Read more:  മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് എല്ലാ അനുമതിയും നൽകി മഹാരാഷ്ട്ര സർക്കാർ

Follow Us:
Download App:
  • android
  • ios