
കൊച്ചി: കൊച്ചി മെട്രോ പാതയ്ക്കടിയിലെ റോഡിലെ മധ്യഭാഗത്ത് കോൺക്രീറ്റ് ടൈലുകളും സ്റ്റീൽ റെയിലിംഗുകളും സ്ഥാപിച്ച് പരസ്യ ബോർഡുകൾ സ്ഥാപിക്കാനുള്ള കെഎംആർഎൽ നീക്കത്തിനെതിരെ എതിർപ്പുമായി തൃക്കാക്കര എംഎൽഎ ഉമ തോമസ്. ഇതുമായി ബന്ധപ്പെട്ട് ഉമ തോമസ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. പാരിസ്ഥിതിക സംരക്ഷണവും നഗരത്തിന്റെ സുസ്ഥിര വളർച്ചയും ഉറപ്പാക്കുമെന്ന കെഎംആർഎല്ലിന്റെ വാഗ്ദാന ലംഘനമാണ് ഇപ്പോഴുള്ള പ്രവൃത്തികളെന്ന് ഉമ തോമസ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
മെട്രോയുടെ പില്ലറുകളിൽ വെർട്ടിക്കൽ ഗാർഡൻ ഒരുക്കുമെന്ന് കെഎംആർഎൽ പ്രഖ്യാപിച്ചിരുന്നുവെങ്കിലും അതിന് പകരം അപകടസാധ്യതയുള്ള എൽഇഡി പരസ്യബോർഡുകളാണ് സ്ഥാപിച്ചിരിക്കുന്നത്. മെട്രോ നിർമാണത്തിനിടെ വെട്ടിമാറ്റിയ ആയിരക്കണക്കിന് മരങ്ങൾക്ക് പകരം ചെടികൾ നട്ടുവളർത്തുമെന്ന് നൽകിയ ഉറപ്പുകളും നടപ്പിലായിട്ടില്ല. സാമ്പത്തിക ലാഭത്തിനൊപ്പം പൊതുജന സുരക്ഷയും പരിസ്ഥിതിയും കണക്കിലെടുക്കുന്നതാകണം സുസ്ഥിര വികസനം എന്നാണ് എംഎല്‍എ യുടെ വാദം.
നഗരത്തിന്‍റെ സൗന്ദര്യവും ഹരിതപാരമ്പര്യവും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അതിനാൽ പരസ്യ ബോർഡുകൾ സ്ഥാപിക്കാനുള്ള നീക്കത്തിൽ നിന്നും ഉടൻ കെഎംആർഎൽ പിന്മാറണം എന്നാണ് ഉമ തോമസ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുള്ളത്. മീഡിയനുകൾ പരിപാലിക്കാനും ചെടികൾ സംരക്ഷിക്കാനും വ്യാപാര സ്ഥാപനങ്ങളെയും സന്നദ്ധസംഘടനകളെയും ഉൾപ്പെടുത്തി സ്പോൺസർഷിപ്പ് സംവിധാനം നടപ്പാക്കണമെന്ന നിര്‍ദേശവും ഉമ തോമസ് മുന്നോട്ടുവെച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം