പിണറായിക്ക് നാളെ നിർണായകം, അരിക്കൊമ്പൻ വീണ്ടും, സിദ്ധരാമയ്യക്കെതിരെ വമ്പനെയിറക്കുമോ -ഇന്നത്തെ 10 വാര്‍ത്തകള്‍

Published : Mar 30, 2023, 05:45 PM ISTUpdated : Mar 30, 2023, 05:53 PM IST
പിണറായിക്ക് നാളെ നിർണായകം, അരിക്കൊമ്പൻ വീണ്ടും, സിദ്ധരാമയ്യക്കെതിരെ വമ്പനെയിറക്കുമോ -ഇന്നത്തെ 10 വാര്‍ത്തകള്‍

Synopsis

കേസിൽ വാദം പൂർത്തിയായി ഒരു വർഷം കഴിഞ്ഞിട്ടും വിധി പറഞ്ഞിരുന്നില്ല. പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് കേസ് പരിഗണിക്കുന്നത്. വിധി എതിരായാൽ മുഖ്യമന്ത്രി പിണറായി വിജയന് കനത്ത തിരിച്ചടിയാകും.

മുഖ്യമന്ത്രി പിണറായി വിജയന് നിർണായകം: ദുരിതാശ്വാസ നിധി കേസിൽ ലോകായുക്താ വിധി നാളെ

തിരുവനന്തപുരം: ദുരിതാശ്വാസ നിധി ഫണ്ട് വകമാറ്റിയ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരായ പരാതിയിൽ ലോകായുക്ത നാളെ വിധി പറയും. കേസിൽ വാദം പൂർത്തിയായി ഒരു വർഷം കഴിഞ്ഞിട്ടും വിധി പറഞ്ഞിരുന്നില്ല. പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് കേസ് പരിഗണിക്കുന്നത്. വിധി എതിരായാൽ മുഖ്യമന്ത്രി പിണറായി വിജയന് കനത്ത തിരിച്ചടിയാകും. മുഖ്യമന്ത്രിയും ഒന്നാം പിണറായി സർക്കാരിലെ മന്ത്രിമാരും ഫണ്ട് വകമാറ്റിയെന്നാണ് കേസ്. അന്തരിച്ച ചെങ്ങന്നൂർ മുൻ എംഎൽഎ കെ കെ രാമചന്ദ്രന്‍റെയും അന്തരിച്ച എൻസിപി നേതാവ് ഉഴവൂർ വിജയന്‍റെയും കുടുംബത്തിനും ഒപ്പം കോടിയേരി ബാലകൃഷ്ണന്റെ അകമ്പടി വാഹനം അപകടത്തിൽപെട്ട് മരിച്ച പൊലിസുകാരന്റെയും കുടുംബത്തിനും ദുരിതാശ്വാസ നിധിയിൽ നിന്നും പണം നൽകിയതിന് എതിരെയാണ് കേസെടുത്തത്. 

സിഡ്കോ മുൻ എംഡി സജി ബഷീറിനെയും കുടുംബത്തെയും എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യുന്നു

കൊച്ചി: സിഡ്‌കോ മുൻ എംഡി സജി ബഷീറിനെയും കുടുംബത്തെയും ഇഡി ചോദ്യം ചെയ്യുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചിയിലെ ഓഫീസിൽ വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്യുന്നത്. സജി ബഷീർ, ഭാര്യ അനുഷ, അമ്മ ലിസ എന്നിവരെ ചോദ്യം ചെയ്യുന്നുണ്ട്. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങൾ തേടാനാണ് ചോദ്യം ചെയ്യലെന്നാണ് വിവരം. രാവിലെ പതിനൊന്നരക്കാണ് ചോദ്യം ചെയ്യൽ നടപടികൾ തുടങ്ങിയത്. വൈകീട്ട് നാല് മണിക്ക് വിവരം ലഭിക്കുമ്പോഴും ചോദ്യം ചെയ്യൽ തുടരുകയാണ്. നിരവധി അഴിമതി കേസുകളിൽ ആരോപണ വിധേയനാണ് സജി ബഷീർ. ഇദ്ദേഹത്തിനെതിരെ 15 വിജിലൻസ് കേസുകളിൽ അന്വേഷണം നടക്കുന്നുണ്ട്. 

സോൺടക്കും രാജ്‌കുമാർ പിള്ളക്കുമെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജർമ്മൻ നിക്ഷേപകന്റെ പരാതി

ദില്ലി: ബ്രഹ്മപുരം മാലിന്യ പ്ലാന്റ് തീപിടിത്തത്തിന് പിന്നാലെ വിവാദത്തിലായ സോൺട കമ്പനിക്കും രാജ് കുമാർ പിള്ളയ്ക്കും എതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജർമ്മൻ പൗരൻ പരാതി നൽകി. സോൺട കമ്പനിയിൽ നിക്ഷേപം നടത്തിയ ജർമ്മൻ പൗരൻ പാട്രിക്ക് ബൗവറാണ് പരാതി നൽകിയത്. ഇന്ത്യയിൽ നിക്ഷേപം നടത്തിയ താൻ ചതിക്കപ്പെട്ടുവെന്നാണ് അദ്ദേഹം പരാതിയിൽ ആരോപിച്ചിരിക്കുന്നത്. രാജ് കുമാർ പിള്ള കേരളത്തിലെ രാഷ്ട്രീയ കുടുംബത്തിൽ നിന്നാണെന്നും അതിനാൽ നിക്ഷേപിച്ച പണം തിരികെ കിട്ടാൻ നാല് വർഷമായി താൻ കഷ്ടപ്പെടുകയാണെന്നും പാട്രിക് പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. വിഷയത്തിൽ പ്രധാനമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ശക്തമായ നടപടിയും തേടിയിട്ടുണ്ട്.

സിസ തോമസിന് തിരിച്ചടി; കാരണം കാണിക്കൽ നോട്ടീസ് തള്ളണമെന്ന ആവശ്യം ട്രൈബ്യൂണൽ നിരാകരിച്ചു

തിരുവനന്തപുരം: കെടിയു വിസിയുടെ ചുമതല വഹിക്കുന്ന സിസ തോമസിനെതിരെ നടപടിയെടുക്കും മുൻപ് സർക്കാർ അവരെ കേൾക്കണമെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ. അതേസമയം സംസ്ഥാന സർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസ് തള്ളണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ കെടിയു വിസിയുടെ താത്കാലിക ചുമതല ഏറ്റെടുത്തതുമായി ബന്ധപ്പെട്ടാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്. 

അരിക്കൊമ്പൻ വീണ്ടും ജനവാസ മേഖലയ്ക്ക് സമീപം, ഒപ്പം അഞ്ച് ആനകളും; സമരം തുടർന്ന് ജനങ്ങൾ

ഇടുക്കി: അരിക്കൊമ്പൻ ഇന്നും ജനവാസ മേഖലയ്ക്ക് സമീപം എത്തി. സിങ്കു കണ്ടം സിമൻറ് പാലത്തിനടുത്ത് യൂക്കാലി മരങ്ങൾക്കിടയിലാണ് അരിക്കൊമ്പനും അഞ്ച് ആനകളും സംഘമായി എത്തിയത്. കുങ്കിയാനകളെ പാർപ്പിച്ചതിന് 500 മീറ്റർ അകലെയാണ് ആനക്കൂട്ടം ഇപ്പോഴുള്ളത്. ഒരു മണിക്കൂറിൽ അധികമായി ഇവിടെ നിലയുറപ്പിച്ചിരിക്കുകയാണ്. വനം വകുപ്പ് നിരീക്ഷിക്കുന്നുണ്ട്. ആന ഇപ്പോഴുള്ള തൊട്ടടുത്ത് സിമന്റ് പാലത്ത് സമരം നടത്തുകയാണ്. ഇവിടെ റോഡ് ഉപരോധിച്ചാണ് പ്രദേശവാസികൾ സമരം നടത്തുന്നത്. 

വിമാനയാത്രാ നിരക്ക് വ‍ർധനയിൽ കേന്ദ്രം ഇടപെടണമെന്ന് മുഖ്യമന്ത്രി, പ്രധാനമന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം: വിമാനയാത്രാ നിരക്ക് വർധനയിൽ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. നിയന്ത്രിത നിരക്ക് വർധന പ്രവാസികളെ വലയ്ക്കുന്നുവെന്നും സാധാരണക്കാർക്ക് വലിയ തിരിച്ചടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരക്കേറിയ അവസരങ്ങളിൽ വിമാന കമ്പനികള്‍ അമിതനിരക്ക് ഈടാക്കുന്നത് നിയന്ത്രിക്കാന്‍ എയർലൈൻ കമ്പനികളുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തണമെന്നാണ് കത്തിൽ ആവശ്യപ്പെടുന്നത്. 

തൈരിൽ പൊള്ളി കേന്ദ്രം; 'ദഹി' വേണ്ട, പ്രാദേശിക ഭാഷ മതിയെന്ന് പുതിയ ഉത്തരവ് 

തൈര് പാക്കറ്റുകളിൽ ഹിന്ദി വാക്കായ ദഹിയെന്ന് എഴുതണമെന്ന ഉത്തരവ് തിരുത്തി ഭക്ഷ്യസുരക്ഷാ അതോറിറ്റി. തൈരിന്റെ പ്രാദേശിക പദത്തിന് പകരം  'ദഹി' എന്ന ഹിന്ദി വാക്ക്  ചേർക്കണമെന്ന ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ തീരുമാനമാണ് പ്രതിഷേധത്തെ തുടർന്ന്  പിൻവലിച്ചത്. ദഹി എന്ന ഹിന്ദി വാക്ക് എഴുതാനുള്ള നീക്കം തമിഴ്നാട്ടിലും  കർണാടകയിലും പ്രതിഷേധം  ഉയർത്തിയതിന് പിന്നാലെയാണ് തീരുമാനം മാറ്റിയത്.

കർണാടകയിൽ സിദ്ധരാമയ്യയെ വീഴ്ത്താൻ ആര്?; വരുണയിൽ അങ്കത്തിനിറങ്ങുക ഈ നേതാവ്, സൂചന നൽകി യെദ്യൂരപ്പ

മുൻ മുഖ്യമന്ത്രിയും കോൺ​ഗ്രസിന്റെ പ്രധാനപ്പെട്ട നേതാവുമായ സിദ്ധരാമയ്യയെ വെട്ടാൻ കർണാടകയിൽ ബിജെപി ആരെ ഇറക്കുമെന്നത് ചർച്ചയാവുന്നു. നിയമസഭാ തെര‍ഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചിരിക്കെ സ്ഥാനാർത്ഥികളെ ചുറ്റിപ്പറ്റിയുള്ള ചൂടുള്ള ചർച്ചകളും സജീവമാകുകയാണ്. കോൺ​ഗ്രസിന്റെ നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന സിദ്ധരാമയയ്ക്ക് എതിരാളിയായി അതേ നിലവാരമുള്ള സ്ഥാനാർത്ഥിയെയാവും ബിജെപിയും കളത്തിലിറക്കുക എന്നതാണ് സൂചന. അതിനിടെ, ബിജെപി സ്ഥാനാർത്ഥിയെക്കുറിച്ച് ചില സൂചനകൾ നൽകി മുന്നിലേക്ക് വന്നിരിക്കുകയാണ് ബിജെപിയുടെ മുതിർന്ന നേതാവ് ബിഎസ് യെദ്യൂരപ്പ. 

സാമ്പത്തിക പ്രതിസന്ധി: സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണ കുടിശിക അനുവദിക്കുന്നത് വൈകും

സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കുന്നത് വൈകും. ഇത് സംബന്ധിച്ച് സംസ്ഥാന ധന വകുപ്പ് ഉത്തരവ് ഇറക്കി. കുടിശ്ശിക തുകയുടെ ആദ്യ ഗഡു ഏപ്രിൽ ഒന്നിന് ജീവനക്കാരുടെ പിഎഫ് അക്കൗണ്ടിൽ ലയിപ്പിക്കുമെന്നായിരുന്നു നേരത്തെ സർക്കാർ പ്രഖ്യാപിച്ചത്. 

'രാഹുലിനെ യുകെയിലെ കോടതി കയറ്റും, യഥാര്‍ത്ഥ കള്ളന്‍മാര്‍ കോണ്‍ഗ്രസുകാർ'; ലളിത് മോദി

ലണ്ടന്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ യുകെയില്‍ നിയമനടപടി സ്വീകരിക്കുമെന്ന് വ്യവസായിയും ഐപിഎല്‍ മുന്‍ ചെയര്‍മാനുമായ ലളിത് കുമാർ മോദി. യഥാര്‍ത്ഥ കള്ളന്‍മാര്‍ കോണ്‍ഗ്രസുകാരനാണെന്നും ലളിത് മോദി പറഞ്ഞു. അന്താരാഷ്ട്ര കോടതിയും ഇന്റര്‍പോളും ആവശ്യപ്പെട്ടിട്ടും തനിക്കെതിരെ തെളിവുകള്‍ ഹാജരാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ലെന്നും ലളിത് മോദി ട്വീറ്റ് ചെയ്തു. തനിക്കെതിരെ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും വ്യാജപ്രചരണങ്ങളാണ് നടത്തുന്നതെന്നും ലളിത് മോദി പറഞ്ഞു. 

 

PREV
Read more Articles on
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം