ലിം​ഗായത്തുകൾക്കും മറ്റു സമുദായങ്ങൾക്കും സംവരണം ന്യായമാണ്. മുസ്ലിംങ്ങളോട് ഒരു തരത്തിലുള്ള അനീതിയും ചെയ്തിട്ടില്ല. 

ബെം​ഗളൂരു: മുൻ മുഖ്യമന്ത്രിയും കോൺ​ഗ്രസിന്റെ പ്രധാനപ്പെട്ട നേതാവുമായ സിദ്ധരാമയ്യയെ വെട്ടാൻ കർണാടകയിൽ ബിജെപി ആരെ ഇറക്കുമെന്നത് ചർച്ചയാവുന്നു. നിയമസഭാ തെര‍ഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചിരിക്കെ സ്ഥാനാർത്ഥികളെ ചുറ്റിപ്പറ്റിയുള്ള ചൂടുള്ള ചർച്ചകളും സജീവമാകുകയാണ്. കോൺ​ഗ്രസിന്റെ നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന സിദ്ധരാമയയ്ക്ക് എതിരാളിയായി അതേ നിലവാരമുള്ള സ്ഥാനാർത്ഥിയെയാവും ബിജെപിയും കളത്തിലിറക്കുക എന്നതാണ് സൂചന. അതിനിടെ, ബിജെപി സ്ഥാനാർത്ഥിയെക്കുറിച്ച് ചില സൂചനകൾ നൽകി മുന്നിലേക്ക് വന്നിരിക്കുകയാണ് ബിജെപിയുടെ മുതിർന്ന നേതാവ് ബിഎസ് യെദ്യൂരപ്പ. 

വരുണ നിയമസഭാ മണ്ഡലത്തിൽ നിന്നാണ് സിദ്ധരാമയ്യ മത്സരിക്കുന്നത്. നിലവിൽ അവിടെ സിദ്ധരാമയ്യയുടെ മകൻ യദീന്ദ്രയാണ് ജനപ്രതിനിധി. സിദ്ധരാമയ്യക്കെതിരെ വരുണയിൽ മകനും ബിജെപി നേതാവുമായ വിജയേന്ദ്രയായിരിക്കും മത്സരരം​ഗത്തുണ്ടാവുക എന്നാണ് മുതിർന്ന നേതാക്കൻമാരിൽ നിന്നും ലഭിക്കുന്ന വിവരമെന്ന് യെദ്യൂരപ്പ പറഞ്ഞു. 'ലിം​ഗായത്തുകൾക്കും മറ്റു സമുദായങ്ങൾക്കും സംവരണം ന്യായമാണ്. മുസ്ലിംങ്ങളോട് ഒരു തരത്തിലുള്ള അനീതിയും ചെയ്തിട്ടില്ല. അവരിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സംവരണം നൽകുമെന്നും' യെദ്യൂരപ്പ പറഞ്ഞു. കോൺ​ഗ്രസ് 70 സീറ്റിന് മുകളിൽ കടക്കില്ലെന്നും യെദ്യൂരപ്പ കൂട്ടിച്ചേർത്തു. 

ഹിന്ദി അടിച്ചേൽപ്പിക്കുന്നു; തമിഴ്നാട്ടിലും തൈര് വിവാദം, വിമർശനം കടുപ്പിച്ച് സ്റ്റാലിൻ

രാജ്യത്തെ ആകെ ജനസംഖ്യയുടെ അഞ്ച് ശതമാനത്തിലധികം വരുന്ന ജനത മെയ് 10ന് ജനവിധിയെഴുതും. 224 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. ബിജെപിയും കോൺ​ഗ്രസും നേർ‌ക്കുനേർ പോരാട്ടത്തിനിറങ്ങുമ്പോൾ അനിവാര്യ ശക്തിയായി ജനതാദൾ എസും കളത്തിലുണ്ട്. ഇക്കുറിയും ഭരണത്തിലെത്തുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. ജാതിസമവാക്യങ്ങൾക്ക് മേൽക്കെയ്യുള്ള മണ്ണാണ് കർണാടകയിലേത്. പ്രബലരായ ലിം​ഗായത്ത്, വൊക്കലി​ഗ സമുദായങ്ങളെ ഒപ്പം കൂട്ടി ഭരണം നിലനിർത്താനുള്ള ശ്രമങ്ങളാണ് ബിജെപി നടത്തുന്നത്. ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒബിസി വിഭാ​ഗത്തിലെ മുസ്ലീം സമുദായങ്ങൾക്കുള്ള നാല് ശതമാനം സംവരണം എടുത്തുമാറ്റി ലിം​ഗായത്തുകൾക്കും വൊക്കലിഗർക്കുമായി തുല്യമായി വീതിച്ചു നൽകിയിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് സംസ്ഥാനത്ത് നടക്കുന്നത്. എന്നാൽ, യാതൊരു കുലുക്കവുമില്ലാതെ നിൽക്കുകയാണ് ബസവരാജ് ബൊമ്മൈ സർക്കാർ. ഹിന്ദുത്വകാർഡിറക്കി തന്നെയാണ് ഇക്കുറിയും ബിജെപി തെര‍ഞ്ഞെടുപ്പ് നേരിടാനൊരുങ്ങുന്നത് എന്നത് വ്യക്തമാണ്.