2024-ലും മോദി തന്നെയെന്ന് അമിത് ഷാ, നേപ്പാൾ വിമാന ദുരന്തം, കാര്യവട്ടത്ത് കോലി, ഗിൽ റെക്കോഡ്- പത്ത് വർത്തകൾ

By Web TeamFirst Published Jan 15, 2023, 7:07 PM IST
Highlights

2024-ലും മോദി തന്നെയെന്ന് അമിത് ഷാ, നേപ്പാൾ വിമാന ദുരന്തം, കാര്യവട്ടത്ത് കോലി, ഗിൽ റെക്കോഡ്- പത്ത് വർത്തകൾ

1- 2024ലും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി മോദി തന്നെ; പാര്‍ട്ടി നിലപാട് വ്യക്തമാക്കി അമിത് ഷാ

രണ്ടായിരത്തി ഇരുപത്തിനാലിലും നരേന്ദ്രമോദി തന്നെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് വ്യക്തമാക്കി ബിജെപി. അടുത്ത തവണയും മോദി തന്നെ പ്രധാനമന്ത്രികുമെന്ന് കേന്ദ്രമന്ത്രിമാരായ അമിത് ഷായും, ധര്‍മ്മേന്ദ്ര പ്രധാനും വ്യക്തമാക്കി. സാമ്പത്തിക ശാസ്ത്രജ്ഞന്‍ അമര്‍ത്യ സെന്‍ തുടക്കമിട്ട പ്രധാനമന്ത്രി ചര്‍ച്ചയോട് പ്രതികരിക്കുകയായിരുന്നു നേതാക്കള്‍.

2- സുനിൽ സുഖദയുടെ കാറിന് നേരെ തൃശൂരിൽ ആക്രമണം, നടന് പരിക്ക്; ആക്രമിച്ചത് രണ്ട് ബൈക്കുകളിലെത്തിയ നാലംഗ സംഘം

ചലച്ചിത്ര താരം സുനിൽ സുഖദയുടെ കാറിന് നേരെ തൃശൂരിൽ ആക്രമണം. രണ്ടു ബൈക്കുകളിൽ വന്ന നാലു പേർ തൃശൂർ കുഴിക്കാട്ടുശേരിയിൽ വച്ചാണ് നടന്‍റെ കാറിന് നേരെ ആക്രമണം നടത്തിയത്. സുനിൽ സുഖദ, ബിന്ദു തങ്കം കല്യാണി എന്നിവരുൾപ്പെടെയുള്ള നാടക സംഘത്തിനാണ് ആക്രമണത്തിൽ പരിക്കേറ്റത്.

3- കോട്ടയത്തെ ഭക്ഷ്യവിഷബാധ മരണം, ഹോട്ടല്‍ ഉടമ അറസ്റ്റില്‍, ഒളിവിലായിരുന്ന ഉടമ പിടിയിലായത് ബെംഗളൂരുവില്‍ നിന്ന്

കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ച കേസില്‍ ഹോട്ടല്‍ ഉടമ അറസ്റ്റില്‍. കോളറങ്ങള വീട്ടില്‍ ലത്തീഫ് (37) ആണ് അറസ്റ്റിലായത്. ബെംഗളൂരു കമ്മനഹള്ളിയില്‍ നിന്നാണ് ഒളിവിലായിരുന്ന ലത്തീഫിനെ പിടികൂടിയത്. ഹോട്ടലിലെ പാചകക്കാരനെ ദിവസങ്ങള്‍ക്ക് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു.

4- നേപ്പാൾ വിമാന ദുരന്തം: യാത്രക്കാരിൽ ഇന്ത്യാക്കാരടക്കം 14 വിദേശികളും; 40 മൃതദേഹങ്ങൾ കണ്ടെത്തി

നേപ്പാളിലുണ്ടായ വിമാന ദുരന്തത്തിൽ കൊല്ലപ്പെട്ടവരിൽ 40 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങൾ ഉള്ളത്. ആരെയും തിരിച്ചറിഞ്ഞിട്ടില്ല. വിമാനത്തിൽ അഞ്ച് ഇന്ത്യാക്കാരടക്കം 14 വിദേശികളുണ്ടായിരുന്നു

5- പെട്രോൾ പമ്പുടമയിൽ നിന്നും കോഴ വാങ്ങിയെന്ന പരാതി; ബിജെപി പ്രാദേശിക നേതാക്കൾക്ക് സസ്‌പെൻഷൻ

കോഴിക്കോട് പേരാമ്പ്രയില്‍ പെട്രോള്‍ പമ്പുടമയില്‍ നിന്നും കോഴ വാങ്ങിയെന്ന ആരോപണത്തില്‍ ബിജെപി പ്രാദേശിക നേതാക്കള്‍ക്കെതിരെ നടപടി. ബിജെപി പേരാമ്പ്ര മണ്ഡലം ജനറല്‍ സെക്രട്ടറിയേയും വൈസ് പ്രസിഡന്‍റിനേയും സസ്പെന്‍റ് ചെയ്തു.

6- ശബരിമല പാതയിൽ വീണ്ടും അപകടം, തീർത്ഥാടകരുടെ വാഹനങ്ങൾ കൂട്ടിയിടിച്ചു; കളക്ടറടക്കമുള്ളവർ സ്ഥലത്തെത്തി

ശബരിമല പാതയിൽ വീണ്ടും തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു. പത്തനംതിട്ട മണ്ണാറകുളഞ്ഞിയിൽ വച്ച് തീർത്ഥടകാരുടെ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

7- 'തന്‍റെ ഓഫീസില്‍ നായര്‍ സമുദായക്കാർ മാത്രമാണെന്ന് പരാതി ഉയര്‍ന്നു': ശശി തരൂര്‍

തന്‍റെ ഓഫീസില്‍ നായര്‍ സമുദായക്കാര്‍ മാത്രമാണെന്ന് പരാതി ഉയര്‍ന്നിരുന്നെന്ന് ശശി തരൂര്‍ എംപി. പിന്നാലെ മറ്റ് വിഭാഗക്കാരെ തെരഞ്ഞുപിടിച്ച് നിയമിക്കുകയായിരുന്നെന്നും നിയമസഭ പുസ്തകോത്സവത്തിൽ തരൂര്‍ വെളിപ്പെടുത്തി.

8- ഉത്തർപ്രദേശിൽ നിർണായക പ്രഖ്യാപനവുമായി മായാവതി; കോൺഗ്രസിനും അഖിലേഷിന്‍റെ എസ്‍പിക്കും ഇനി പ്രതീക്ഷവേണ്ട

ലോക്സഭ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ഒരു വർഷം മാത്രമുള്ളപ്പോൾ ഉത്തർപ്രദേശിൽ മായാവതിയുടെ നിർണായക പ്രഖ്യാപനം. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലേതുപോലെ ഇനി ഒരു വിശാല സഖ്യത്തിനും ബഹുജൻ സമാജ്‍വാദി പാർട്ടിയില്ലെന്ന പ്രഖ്യാപനമാണ് യു പി മുൻ മുഖ്യമന്ത്രി നടത്തിയത്. 2019 ൽ അഖിലേഷ് യാദവിന്‍റെ സമാജ് വാദി പാർട്ടിക്കും രാഷ്ട്രീയ ലോക്ദളിനൊപ്പം ചേർന്ന് വിശാല സഖ്യം ഉണ്ടാക്കിയാണ് മായാവതിയുടെ പാർട്ടിയായ ബി എസ് പി തെരഞ്ഞെടുപ്പിനെ നേരിട്ടത്

9- രമ്യയെ മറവ് ചെയ്തയിടം മാന്തി നോക്കിയ വളർത്തുനായയെയും സജീവൻ കൊന്നു, ഫോണും വസ്ത്രങ്ങളുമെവിടെ? തേടാൻ പൊലീസ്

എടവനക്കാട് ഭാര്യയെ കൊലപ്പെടുത്തി കുഴിച്ച് മൂടിയ കേസിൽ പ്രതിയായ സജീവനിൽ നിന്നും നിർണായക വിവരങ്ങൾ തേടാനൊരുങ്ങി പൊലീസ്. രമ്യയുടെ വസ്ത്രങ്ങളും ഫോണും കത്തിച്ച് കളഞ്ഞെന്നാണ് സജീവന്‍റെ മൊഴി എങ്കിലും ഇത് പൂർണ്ണമായും പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. സജീവൻ ഒറ്റയ്ക്ക് കൊലപാതകം നടത്തിയെന്നാണ് നിലവിലെ വിലയിരുത്തലെങ്കിലും ഇതിലും സ്ഥിരീകരണം ആവശ്യമാണ്.

10- ഗില്ലില്‍ നിന്ന് നിമിഷനേരം കൊണ്ട് റെക്കോര്‍ഡ് തട്ടിയെടുത്ത് കോലി; സച്ചിന്റെ റെക്കോര്‍ഡ് തൊട്ടരികെ

ഏകദിനത്തില്‍ 46 സെഞ്ചുറികളുണ്ട് കോലിയുടെ അക്കൗണ്ടില്‍. മൂന്ന് സെഞ്ചുറികള്‍ കൂടി നേടിയാല്‍ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന റെക്കോര്‍ഡ് കോലിക്ക് സ്വന്തമാവും. 49 സെഞ്ചുറികളുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് മുന്നില്‍. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ശുഭ്മാന്‍ ഗില്ലും (116) സെഞ്ചുറി നേടിയിരുന്നു. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ആദ്യ സെഞ്ചുറിയെന്ന നേട്ടം ഗില്ലിന്റെ പേരിലായി. എന്നാല്‍ സ്റ്റേഡിയത്തിലെ ഉയര്‍ന്ന സ്‌കോര്‍ എന്ന നേട്ടം ഇന്നത്തെ പ്രകടനത്തോടെ കോലിയുടെ പേരിലുമായി.


 

click me!